മാമ്മോദീസ, സ്ഥൈര്യലേപനം, കുർബാന ഇവ ക്രൈസ്തവജീവിതത്തിലെ ഔപചാരിക പ്രവേശനത്തിന്റെ കൂദാശകളാണ്. ഇവ ക്രൈസ്തവ ആധ്യാത്മികതയുടെ മുഴുവൻ അടിസ്ഥാനമിടുകയും ചെയുന്നു. ക്രിസ്തുവിന്റെ കൃപാവര പൂർണത നൽകുന്ന ഈ കൂദാശകൾ സ്വീകർത്താക്കൾക്കു ദൈവിക സ്വഭാവത്തിൽ ഭാഗഭാഗിത്വം നൽകുന്നു. വിശ്വസിച്ചു മാമ്മോദീസ സ്വീകരിക്കുന്നവർ ക്രിസ്തുവിൽ (ദൈവത്തിൽ) പുതുതായി ജനിക്കുന്നു. സ്ഥൈര്യലേപനത്തിലൂടെ പുതുജീവിതത്തിൽ ശക്തരാക്കപ്പെടുന്നു. കുർബാനയിൽ നിത്യജീവന്റെ ഭക്ഷണം (ഈശോയുടെ തിരുശരീരരക്തങ്ങൾ) സ്വീകരിക്കുകയും ചെയുന്നു. അങ്ങനെ ക്രൈസ്തവ ജീവിതത്തിന്റെ ഈ പ്രാരംഭ കൂദാശകളിലൂടെ ദൈവിക ജീവന്റെ നിക്ഷേപങ്ങളെ വർദ്ധമാനമായതോതിൽ ക്രൈസ്തവർ സ്വീകരിക്കുന്നു. സ്നേഹത്തിന്റെ പൂർണതയിലേക്ക് മുന്നേറുന്നു.
പെസഹാ വ്യാഴാഴ്ചയിലെ അന്ത്യത്താഴ സമയത്തു ഈശോ വിശുദ്ധ കുർബാന എന്ന കൂദാശ സ്ഥാപിച്ചു. “താൻ ഏല്പിച്ചുകൊടുക്കപെട്ട രാത്രിയിൽ ഈശോ നിർമലമായ തൃക്കരങ്ങളിൽ അപ്പമെടുത്തു ആശീർവദിച്ചു, മുറിച്ചു ശിഷ്യന്മാർക്കു നൽകികൊണ്ട് അരുളിച്ചെയ്തു, ഇത് പാപമോചനത്തിനായി നിങ്ങൾക്കുവേണ്ടി വിഭജിക്കപ്പെടുന്ന എന്റെ ശരീരമാകുന്ന. നിങ്ങളെല്ലാവരും ഇതിൽ നിന്ന് വാങ്ങി ഭക്ഷിക്കുവിൻ.
അപ്രകാരംതന്നെ പാനപാത്രമെടുത്തു, കൃതജ്ഞത സ്തോത്രം ചെയ്തു വാഴ്ത്തി, അവർക്കു നൽകികൊണ്ട് അരുളിച്ചെയ്തു, ഇത് പാപമോചനത്തിനായി അനേകർക്കുവേണ്ടി ചിന്തപ്പെടുന്ന പുതിയ ഉടമ്പടിയിലെ എന്റെ രക്തമാകുന്നു. നിങ്ങളെല്ലാവരും ഇതിൽ നിന്ന് വാങ്ങി പാനം ചെയ്യുവിൻ.
ഞാൻ ഈ ചെയ്തത് നിങ്ങൾ എന്റെ നാമത്തിൽ ഒരുമിച്ചുകൂടുമ്പോൾ എന്റെ ഓർമക്കായി ചെയ്യുവിൻ.
വി. കുർബാന ക്രൈസ്തവജീവിതത്തിന്റെ മുഴുവൻ ഉറവിടവും ഉച്ചകോടിയുമാണ്. മറ്റു കൂദാശകളും ഇതര ശുശ്രൂക്ഷകളും പ്രേഷിതപ്രവർത്തനങ്ങളുമെല്ലാം കുര്ബാനയോടു ബന്ധപ്പെട്ടിരിക്കുന്നു. അതിലേക്കു ഉന്മുഖമാണ് (തിരിഞ്ഞിരിക്കുന്നു). കാരണം ഈശോ പൂർണമായും കുർബാനയിൽ അടങ്ങിയിരിക്കുന്നു.
വിശ്വാസിയുടെ ദൈവികജീവിതത്തിലുള്ള ഭാഗഭാഗിത്വം ദൈവജനത്തിന്റെ ഐക്യവും കുർബാന യാഥാർഥ്യമാക്കുന്നു. ഈശോയിൽ, ലോകത്തെ വിശുദ്ധീകരിക്കുന്ന ദൈവിക പ്രവർത്തനത്തിന്റെ അത്യുച്ച സ്ഥാനമാണത്. ഒപ്പം, ക്രിസ്തുവിലൂടെ, പരിശുദ്ധാത്മാവിൽ, പിതാവിന് മനുഷ്യർ നൽകുന്ന പരാമരാധനയും.
ദിവ്യബലിയിലൂടെ നാം നമ്മെത്തന്നെ സ്വർഗീയ ആരാധനയുമായി ഒന്നിപ്പിക്കുന്നു. ദൈവത്തിലുള്ള നമ്മുടെ നിത്യജീവിതം നാം മുൻകൂട്ടി ആസ്വദിക്കുന്നു.
ചുരുക്കത്തിൽ, കുർബാന നമ്മുടെ വിശ്വാസത്തിന്റെ ആകെത്തുകയും സംക്ഷിതരൂപവുമാണ്. കുർബാനയിലൂടെ ദൈവം എല്ലാവര്ക്കും എല്ലാമാകുന്നു, എല്ലാവരിലുമാകുന്നു. നമ്മുടെ ജീവിതം വി. കുർബാനയിൽ കേന്ദ്രീകൃതമാവട്ടെ. ദിവസേന ബലിയർപ്പിക്കുന്നതു ദൈവത്തെ പൂര്‍ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂര്‍ണമനസ്സോടും സർവ്വശക്തിയോടും സ്നേഹിക്കുന്നതിനും അങ്ങനെ സ്വർഗം പ്രാപിക്കുന്നതിനുമുള്ള സുനിശ്ചിത മാർഗമാണ്.