വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ!
സൃഷ്ടിയുടേയും രക്ഷയുടെയും ഹൃദയം വിവാഹമാണ്. സൃഷ്ടിയുടെ ആരംഭത്തിൽ ആദമും ഹവ്വയും സന്നിഹിതരായിരുന്നു. അതുപോലെ ദൈവത്തിന്റെ പുനർനിർമാണത്തിൽ പരിശുദ്ധ മറിയവും വിശുദ്ധ യൗസേപ്പിതാവും സജീവമായി സന്നിഹിതരായിരുന്നു.ഈശോ സ്വർഗ്ഗരാജ്യത്തെ വിവാഹ വിരുന്നിനോടാണല്ലോ ഉപമിക്കുന്നത്. ആദം ഉടമ്പടിപ്രകാരം ആദ്യത്തെ കുടുംബത്തിന്റെ ശിരസ്സായി. അതുപോലെ പുതിയ ഉടമ്പടിയിൽ ഉള്ള കുടുംബത്തിന്റെ ശിരസ്സാണ് യൗസേപ്പിതാവ്. കുടുംബത്തിന്റെ ശിരസ്സ് എന്ന നിലയിൽ അദ്ദേഹം നമ്മുടെ ശിരസ്സായ ഈശോയുടെ ‘ശിരസ്സാ’ണ്; നമ്മുടെ രക്ഷകന്റെ പിതാവാണ് ;സാർവത്രിക സഭയുടെ മധ്യസ്ഥനും നമ്മുടെ ആത്മീയ താതനും. മാതാപിതാക്കളെ ബഹുമാനിക്കുക എന്ന നാലാമത്തെ കൽപ്പന അനുസരിക്കാൻ സകലരും കടപ്പെട്ടവരാണ്. തന്റെ പുത്രന്റെ ഭൗമിക പിതാവിനെ ഏവരും അനുസരിക്കണം എന്ന് പിതാവ് അഭിലഷിക്കുന്നു. നമ്മുടെ ആത്മീയ വളർച്ചയിൽ യൗസേപ്പിതാവിനു നിർണായക പങ്കുവഹിക്കാനുണ്ട്. സ്വർഗ്ഗരാജ്യത്തിലെ വിരുന്നിൽ പങ്കാളികളാകാൻ അദ്ദേഹം നമ്മെ സഹായിക്കും.
പഴയ നിയമം പോലും അനുശാസിക്കുന്നു, നമ്മെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നവരെ നാമും സ്നേഹിക്കുകയും കരുതുകയും ചെയ്യണമെന്ന്. യൗസേപ്പിതാവ് നമ്മെ ഒത്തിരി സ്നേഹിക്കുന്നുണ്ട്. അദ്ദേഹം തന്നോടൊപ്പം നമ്മൾ സ്വർഗ്ഗത്തിൽ എത്തണമെന്ന് അദ്ദേഹത്തിന്റെ ഹൃദയാഭിലാഷമാണ്. നമ്മെ ഇത്രയധികം കരുതുന്ന സ്നേഹിക്കുന്ന ഈ പിതാവിനെ നാം ഹൃദയപൂർവ്വം സ്നേഹിക്കണം. നമ്മെ സ്വർഗ്ഗത്തിൽ എത്തിക്കുക എന്നാണ് പിതാവ് എന്ന നിലയിൽ യൗസേപ്പിതാവിനു നമുക്ക് വേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം. നമ്മൾ സഹകരിക്കുമെങ്കിൽ പിതാവിന്റെ സഹായം ഉറപ്പ്. ആദിപിതാവ് നമ്മുടെ സ്വർഗ്ഗപ്രവേശം അസാധ്യമാക്കി എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. എന്നാൽ ഇതാ, ഈ പുണ്യ പിതാവ് നമ്മുടെ സ്വർഗ്ഗപ്രവേശം അനായാസമാക്കാൻ എന്തും ചെയ്യാൻ തയ്യാറായി പ്രവർത്തിക്കുന്നു. നമ്മുടെ ആത്മാർത്ഥതയും സത്യസന്ധവുമായ സഹകരണം മാത്രമേ ഇനി വേണ്ടൂ. നമ്മെ വിശുദ്ധരാക്കാനും പിതാവ് പരിശ്രമിക്കുന്നുണ്ട്. അതിനുള്ള വഴി ഈശോയിൽ പരിശുദ്ധ ത്രിത്വത്തിൽ വസിക്കുക എന്നതാണ്. ” ഈശോയുടെ തിരു വാക്കുകൾ എത്ര വ്യക്തമാണ് :
” നിങ്ങൾ എന്നിൽ വസിക്കുവിൻ. ഞാൻ നിങ്ങളിലും വസിക്കും” (യോഹന്നാൻ 15: 4).
തന്നെ സ്നേഹിക്കുന്നവരുടെ ആനന്ദമാണ് യൗസേപിതാവ് . അദ്ദേഹത്തെ സ്നേഹിക്കാത്ത ഒരു വിശുദ്ധനെ കണ്ടെത്തുക അസാധ്യമാണ്. നമ്മുടെ കർത്താവീശോമിശിഹായുടെ വളർത്തു പിതാവും പരിശുദ്ധ അമ്മയുടെ ദിവ്യ മണവാളനുമായ യൗസേപ്പിതാവ് ‘സഹരക്ഷകൻ’ തന്നെയാണ്. എങ്ങനെ നമുക്ക് അദ്ദേഹത്തെ അവഗണിക്കാനാവും? അദ്ദേഹത്തിനു നാം നമ്മെത്തന്നെ പ്രതിഷ്ഠിച്ചാൽ ദൈവസ്നേഹത്തിലും സഹോദര സ്നേഹത്തിലും വളരാൻ വളരെ എളുപ്പമാകും. അദ്ദേഹത്തിന്റെ ഏറ്റവും വിശിഷ്ട പുണ്യമായി പുതിയ നിയമം രേഖപ്പെടുത്തിയിരിക്കുന്നത് അദ്ദേഹം നീതിമാൻ ആയിരുന്നു എന്നതാണ്.
” ഈശോമിശിഹായുടെ ജനനം ഇപ്രകാരമായിരുന്നു. അവന്റെ അമ്മയായ മറിയവും യൗസേപ്പും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ , അവർ സഹവസിക്കുന്നതിനു മുമ്പ് അവൾ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി കാണപ്പെട്ടു. അവളുടെ ഭർത്താവായ യൗസേപ്പ് നീതിമാനാകയാലും അവളെ അപമാനിതയാക്കാൻ ഇഷ്ടപ്പെടാ യ്കയാലും വളരെ രഹസ്യമായി ഉപേക്ഷിക്കാൻ തീരുമാനിച്ചു”( മത്തായി1: 18 -19).
സ്വർഗ്ഗ പ്രവേശനത്തിന് അവശ്യാവശ്യമായ പുണ്യമാണ് നീതി. അനീതിമാന്മാർക്ക് അനീതി പ്രവർത്തിച്ചവർക്ക് സ്വർഗ്ഗത്തിൽ പ്രവേശനം നിഷേധിക്കപ്പെടും. നീതിമാന്മാർക്ക് സ്വർഗ്ഗ പ്രവേശനം നൽകിക്കൊണ്ട് നിത്യവിധിയാളൻ വിധി പറയുമ്പോൾ, ” നീതിമാന്മാർ ഇങ്ങനെ മറുപടി പറയും :” കർത്താവേ, ഇതൊക്കെ എപ്പോൾ സംഭവിച്ചു? ഈശോയുടെ മറുപടി,
” എന്റെ ഏറ്റവും എളിയ ഈ സഹോദരിൽ ഒരുവന് നിങ്ങൾ ഇതുചെയ്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തത്” ( മത്തായി 25: 31- 40 ).
ഇപ്രകാരമുള്ള യാതൊരു നീതിയും പ്രവർത്തിക്കാത്തവർ ശപിക്കപ്പെട്ട വരാണ് (മത്തായി 25: 41).
” ഞാൻ നിങ്ങളോട് പറയുന്നു ഈ എളിയവരിൽ ഒരുവന് നിങ്ങൾ ചെയ്യാതിരുന്നപ്പോൾ എനിക്ക് തന്നെയാണ് നിങ്ങൾ ചെയ്യാതിരുന്നത്. ഇവർ നിത്യ ശിക്ഷയിലേക്കും നീതിമാന്മാർ നിത്യജീവനിലേക്ക് പ്രവേശിക്കും( മത്തായി 25 :45, 46 ). ഒരു കാര്യം ഉറപ്പ് യൗസേപ്പിനു നിങ്ങൾ നിങ്ങൾ നിങ്ങളെത്തന്നെ പ്രതിഷ്ഠിക്കുക. പിതാവ് നിങ്ങളെ നീതിയിൽ പരിശീലിപ്പിച്ചു നിത്യ രക്ഷയ്ക്ക് അർഹരാക്കും.
പ്രതിഷ്ഠ
പുതിയനിയമത്തിലെ തിരുക്കുടുംബത്തിന്റെ നാഥനും സഹായകനും സംരക്ഷകനും ശിരസ്സും ആയ വിശുദ്ധ യൗസേപ്പിതാവേ, ഞാൻ പൂർണ്ണഹൃദയത്തോടെ, പൂർണ്ണമനസ്സോടെ, സസന്തോഷം സമ്പൂർണ്ണ സംതൃപ്തിയോടെ എന്നെത്തന്നെ അങ്ങയുടെ സംരക്ഷണത്തിനും നിയന്ത്രണത്തിനും നയിക്കലിനുമായി പ്രതിഷ്ഠിക്കുന്നു. ഞാൻ അങ്ങയെ സ്നേഹിക്കുന്നു. സ്വർഗ്ഗരാജ്യത്തിലെ വിരുന്നിൽ പങ്കാളിയാകാൻ അങ്ങ് എന്നെ സദയം സഹായിക്കണമേ! എനിക്കുവേണ്ടി അങ്ങേയ്ക്ക് ചെയ്യാവുന്ന ഏറ്റം വലിയ കാര്യം എന്നെ സ്വർഗത്തിൽ എത്തിക്കുക എന്നതാണ്. അതിന് ഞാൻ എന്നെത്തന്നെ അങ്ങേയ്ക്ക് വിട്ടു തരുന്നു. നീതിമാനായ സർവ്വഗുണ സമ്പന്നനായ അങ്ങേയ്ക്ക് എനിക്കുവേണ്ടി ഇത് ചെയ്യുക എളുപ്പമാണ്. അങ്ങ് എപ്പോഴും തിരുകുടുംബത്തിലായിരുന്നതുപോലെ എനിക്ക് ഇപ്പോൾ കരണീയമായിട്ടുള്ളത് ത്രിത്വ കൂട്ടായ്മയിലായിരിക്കുവാൻ എന്നെത്തന്നെ കരുണാപൂർവ്വം സഹായിക്കുക എന്നതാണ്. അപ്രകാരം ചെയ്ത് എന്നെക്കൂടി തിരുക്കുടുംബത്തിന്റെ അനുഭവത്തിലാക്കാൻ അങ്ങ് സഹായിക്കണമേ! ആമേൻ.
ലുത്തിനിയ (എന്നും ആവർത്തിക്കേണ്ടത്)
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, അനുഗ്രഹിക്കണമേ!
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ!
സ്വർഗ്ഗസ്ഥനായ പിതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ലോകരക്ഷകനായ മിശിഹായേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധാത്മാവായ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധ മറിയമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ!
വിശുദ്ധ യൗസേപ്പേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ!
ദാവീദിന്റെ വിശിഷ്ട സന്താനമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പൂർവ്വപിതാക്കന്മാരുടെ പ്രകാശമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവജനനിയുടെ വിരക്ത ഭർത്താവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പരിശുദ്ധ കന്യകയുടെ നിർമ്മലനായ കാവൽക്കാരാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവകുമാരന്റെ വളർത്തു പിതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ!
തിരുകുടുംബത്തിന്റെ സ്നേഹ നാഥനേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും നീതിമാനായ വിശുദ്ധ യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിരക്തനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിവേകിയായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാധീരനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും അനുസരണമുള്ള
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിശ്വസ്തനായ
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ക്ഷമയുടെ ദർപ്പണമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദാരിദ്ര്യത്തിന്റെ സ്നേഹിതാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മാതൃകയേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബ ജീവിതത്തിന്റെ മഹത്വമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കന്യകകളുടെ സംരക്ഷകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബങ്ങളുടെ നെടുംതൂണേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
വേദനിക്കുന്നവരുടെ ആശ്വാസമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
രോഗികളുടെ ആശ്രയമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മരണാസന്നരുടെ മദ്ധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പിശാചുക്കളുടെ പരിഭ്രമമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തിരുസഭയുടെ പാലകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും ദയയുള്ള യൗസേപ്പിതാവേ (എന്നും ചൊല്ലേണ്ടത്)
എത്രയും ദയയുള്ള യൗസേപ്പി താവേ, ഭക്തി വിശ്വാസങ്ങളോടുകൂടെ അങ്ങേ സന്നിധിയിൽ അണഞ്ഞ് അങ്ങേ മാധ്യസ്ഥ്യം യാചിച്ച ഒരുവനേയും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തു കേട്ടിട്ടില്ല എന്നു വി. അമ്മ ത്രേസ്യ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് അങ്ങ് ഓർക്കേണമേ. കന്യകകളുടെ രാജ്ഞിയായ പരിശുദ്ധ കന്യാമറിയത്തിന്റെ എത്രയും യോഗ്യതയുള്ള മണവാളാ, മധുരവും ആശ്വാസ ജനകവുമായ ഈ ഉറപ്പിൽ വിശ്വസിച്ച്, അതിൽ ധൈര്യം പ്രാപിച്ച് അങ്ങേ തൃപ്പാദത്തിങ്കൽ ഞാൻ വന്നണയുന്നു. രക്ഷകനായ ഈശോയുടെ പിതാവ് എന്ന നാമം പേറുന്ന അങ്ങ് എന്റെ ഈ വിനീതമായ അപേക്ഷ ഒരിക്കലും ഉപേക്ഷിക്കരുതേ! ഞാൻ അങ്ങയുടെ മകനെന്നു ( മകളെന്നു) വിളിക്കപ്പെടാൻ തിരുമനസ്സാകണമേ! അങ്ങയുടെ അപേക്ഷകൾ കാരുണ്യപൂർവം കൈക്കൊള്ളുന്ന ഈശോയുടെ തിരുമുമ്പിൽ എന്റെ നിയോഗങ്ങൾ എനിക്കുവേണ്ടി അങ്ങു സമർപ്പിക്കണമേ, ആമേൻ.