ക്രൈസ്തവ ചിന്തയിലും ആധ്യാത്മികതയിലും റോമാലേഖനം ചെലുത്തിയ സ്വാധീനത്തോടെ ഏറെ സമാനതകൾ ഉള്ളതാണ് എഫെസ്യ ലേഖനം. ഇത് പൗലോസിന്റെ ചിന്തയുടെ ഉന്നത സോപാനത്തിൽ എത്തി നിൽക്കുന്നതാണ് എഫെസ്യ ലേഖനം. ഈ ലേഖനത്തിൽ സഭ സാവർത്രിക പ്രതിഭാസമായാണ് അവതരിപ്പിച്ചിരിക്കുക. അത് പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്നു. എല്ലാ സൃഷ്ടികളെയും സ്പർശിക്കുന്നു(1:21 -23; 3:9-11). അപ്പോസ്തോലന്മാരും പ്രവാചകന്മാരും ആകുന്ന അടിസ്ഥാനത്തിൽ പടുത്തുയർത്തപ്പെട്ടിരിക്കുന്നതാണ് സഭ (2: 20). ഇതിന്റെ ഏക അടിസ്ഥാനം ഈശോമിശിഹാ തന്നെ. സ ഭാഗാത്രത്തിന്റെ ശിരസാണ് ക്രിസ്തു. (1:22,23) യഹൂദരും വിജാതിയരും ഒരേ ശരീരം എന്ന വിധം അനുരഞ്ജിതരായി കഴിഞ്ഞിരിക്കുന്നു. (2:4-16). ഇരുകൂട്ടരുടെയും സ്ഥാനത്ത് പുതിയ ഒരു മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു (2:16). യഹൂദരും യഹൂദേതരും ശത്രുതയുടെ മതിലുകൾ തകർക്കപ്പെട്ടിരിക്കുന്നു(2:14). ക്രിസ്തുവിനോടുകൂടെ ദൈവം സകലരെയും ജീവിപ്പിച്ചിരിക്കുന്നു (2:5). 2:4ൽ ലേഖകൻ എഴുതുന്നു: ” നമ്മൾ പാപം വഴി മരിച്ചവരായിരുന്നിട്ടും കരുണാ സമ്പന്നനായ ദൈവം നമ്മോട് കാണിച്ച മഹത്തായ സ്നേഹത്തിലാണ് അവിടുന്ന് ക്രിസ്തുവിനോട് കൂടെ നമ്മെ ജീവിപ്പിച്ചത്”. ശ്ലിഹ തുടരുന്നു; കരുണയാൽ( കൃപയാൽ) നിങ്ങൾ രക്ഷിക്കപ്പെട്ടു. ഈശോമിശിഹാ യോടു കൂടി അവിടുന്ന് നമ്മെ ഉയർപ്പിച്ച്, സ്വർഗ്ഗത്തിൽ അവിടുത്തോട് കൂടെ ഇരുത്തുകയും ചെയ്തു. അവിടുന്ന് മിശിഹായിൽ നമ്മോട് കാണിച്ച് കരുണയാൽ, വരാനിരിക്കുന്ന കാലങ്ങളിൽ, തന്റെ അപരിമേയമായ കൃപാ സമൃദ്ധിയെ വ്യക്തമാക്കാനാണ് ഇപ്രകാരം ചെയ്തത്. വിശ്വാസം വഴി കൃപയാലാണ്,കരുണയാലാണ് നിങ്ങൾ രക്ഷിക്കപ്പെട്ടത്. അതു (രക്ഷ ) നിങ്ങൾ ( സ്വയം ) നേടിയെടുത്തതല്ല, സ്വന്തം കഴിവിനാൽ രക്ഷ നേടിയെടുക്കാൻ ആർക്കും കഴിയുകയില്ല. പ്രത്യുത ദൈവത്തിന്റെ (സൗജന്യ )ദാനമാണ്. അത് പ്രവർത്തികളുടെ ഫലമല്ല. തന്മൂലം ആരും അതിൽ അഹങ്കരിക്കേണ്ടതില്ല. നാം ദൈവത്തിന്റെ കരവേലയാണ്. നന്മ ചെയ്യാൻ വേണ്ടിയാണ് നാം ക്രിസ്തുവിൽ സൃഷ്ടിക്കപ്പെട്ടത്.
ക്രോധത്തിന്റെ മക്കളായിരുന്നവരെ, കരുണാ സമ്പന്നനായ കർത്താവ് കാണിച്ച മഹത്തായ സ്നേഹം വഴി അവരുടെ ഈ ദുരവസ്ഥ മാറികിട്ടി(2:4). ദൈവത്തിന്റെ കരുണാർദ്ര സ്നേഹം വർത്തമാന കാലത്തെ മാത്രമല്ല (2:5,6) ഭാവി കാലത്തെയും ബാധിക്കുന്നു. എഫേ2:10 ഊന്നൽ നൽകുന്നതു, ദൈവം മാനവരാശിക്കു, മശിഹാ വഴി, ചെയ്ത കരുണ പൂരിതമായ രക്ഷയ്ക്കാണ്.
പുതിയനിയമത്തിലെ മിക്ക ലേഖനങ്ങളിലുമെന്നതുപോലെ തിമോത്തിക്കുള്ള ഒന്നാം ലേഖനം ആരംഭിക്കുന്നത് അഭിവാദനത്തോടെ യാണ് 1 തിമോത്തി 1: 12). ഈ അഭിവാദന ത്തിൽ ശ്രദ്ധേയമായ മൂന്ന് നാമങ്ങൾ നാം കാണുന്നു. കൃപ, കാരുണ്യം, സമാധാനം. സാധാരണ ആശംസകളിൽ ” കൃപയും സമാധാനവും മാത്രമാണ് ശ്ലീഹാ ഉപയോഗിക്കുക. ഈ ഒരു ലേഖനത്തിൽ മാത്രം “കരുണ” എന്ന നമ്മുടെ വിഷയം നാമവും കൂടി ചേർത്തിരിക്കുന്നു. ” പിതാവായ ദൈവത്തിൽ നിന്നും കർത്താവായ ഈശോമിശിഹാ നിന്നും കൃപയും കരുണയും സമാധാനവും” (1 തിമോത്തി1:2).