പുണ്യാഭിവൃദ്ധിയുടെ ഘട്ടത്തിൽ അർത്ഥി ശ്രദിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട വസ്തുതയുണ്ട്. ഈശോയുടെ മഹത്വം ആഗ്രഹിച്ചും അതിലുപരി അവിടുത്തോടുള്ള സ്നേഹത്തെപ്രതിയും ആയിരിക്കണം വിശുദ്ധിയിലുള്ള വളർച്ചക്കുവേണ്ടി പരിശ്രമിക്കുക. ഈ പരിശ്രമമാണ് യഥാർത്ഥ പുണ്യം. Jesus and Jesus alone must be the aspirant’s object of love. ഉദാഹരണത്തിന്, എളിമയ്ക്കുവേണ്ടി ആയിരിക്കരുതേ ഒരുവൻ എളിമ അഭ്യസിക്കുക. ഈശോയെ പ്രസാദിപ്പിക്കുക, ദൈവമഹത്വം സിദ്ധിക്കുക എന്നിവ ലക്ഷ്യം വച്ചുവേണം വിശുദ്ധിയിലുള്ള വളർച്ചയ്ക്കുവേണ്ടി പരിശ്രമിക്കുക. എന്റെ സുകൃതം എന്റെ പുണ്യം എന്ന ചിന്തയിൽ ആരും കുടുങ്ങിപ്പോകരുതേ. എല്ലാം ഈശോയെപ്രതി മാത്രമായിരിക്കണം. സർവോപരി ഈശോയുമായുള്ള വൈയക്തിക ബന്ധത്തിൽ വളരുകയും ആത്മാവ് ഈശോയിൽ ഉറപ്പിക്കപ്പെടുകയും വേണം.അർത്ഥി ഉറപ്പിക്കപ്പെടുന്നത് പുണ്യത്തിലല്ല, ഈശോയിലാണ്; ആയിരിക്കണം.
പുണ്യത്തിൽ, വിശുദ്ധിയിൽ സ്വാർത്ഥതയ്ക്കു തെല്ലു സ്ഥാനവുമില്ല. അതിനാലല്ലേ ഈശോ സ്പഷ്ടമായി പറയുന്നത് “എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവൻ, സ്വയം പരിത്യജിച്ചു, തന്റെ കുരിശുമെടുത്തു എന്റെ പിന്നാലെ വരട്ടെ” (മത്താ. 16:24) എന്ന്. ഈശോ മാത്രം അറിയുന്നതും ഈശോയ്ക്കു വേണ്ടി മാത്രമുള്ളതുമായിരിക്കട്ടെ നമ്മുടെ പുണ്യജീവിതം.