വി. ആന്റണി ഈജിപ്തിൽ ഒരു ധനിക കുടുംബത്തിൽ ജനിച്ചു. സുമാർ 20 വയസ്സുള്ളപ്പോൾ അദ്ദേഹം ഒരിക്കൽ വി. കുർബാനയുടെ സുവിശേഷത്തിൽ ഇപ്രകാരം വായിക്കുന്നത് കേട്ടു: “നീ പരിപൂർണ്ണനാകാൻ ആഗ്രഹിക്കുന്നെങ്കിൽ നിനക്കുള്ള സമസ്തവും വിറ്റു ദരിദ്രർക്ക് കൊടുക്കുക.” ആന്റണി അങ്ങനെ തന്നെ ചെയ്തു. തനിക്കുണ്ടായിരുന്ന വസ്തുക്കളെല്ലാം വിറ്റു ദരിദ്രർക്ക് കൊടുത്തു. മറ്റു സന്യാസികളുടെ ജീവിതമുറ മനസ്സിലാക്കികൊണ്ട് നൈൽ നദിയുടെ കിഴക്കുവശത്തുള്ള വിജനപ്രദേശത്തേക്കുപോയി. അദ്ദേഹം ഏകാന്തം ഭജിച്ചു.
ആന്റണിയെ അനുകരിച്ച് അനേകർ ദേർ എൽ മെമൂണ് എന്ന മലയിലേക്കു ചെന്നു. സുമാർ 305 -ൽ ആന്റണി അവർക്കായി ഒരു സന്യാസജീവിതമുറ ക്രമപ്പെടുത്തി. ശിഷ്യന്മാരുടെ ബാഹുല്യം നിമിത്തം അദ്ദേഹം നൈൽനദിക്കും ചെങ്കടലിനും മദ്ധ്യേയുള്ള വേറൊരു വനത്തിലേക്ക് നീങ്ങി. 45 വർഷം അവിടെ താമസിച്ചു. ദേർ മാർ അന്തോണിയൂസ് എന്ന ആശ്രമം ഇന്ന് അവിടെ സ്ഥിതി ചെയ്യുന്നു.
ഈ ഏകാന്തതാ ജീവിതത്തിനിടയ്ക്കു 60 -ാമത്തെവയസ്സിൽ അലെക്സാൻഡ്രിയായിലേക്കു പോയി മതമർദ്ദനവിധേയരായ ക്രിസ്ത്യാനികളെ അദ്ദേഹം ആശ്വസിപ്പിക്കുകയുണ്ടായി.88 -ാമത്തെ വയസ്സിൽ രണ്ടാമതും പോയി ആര്യൻ പാഷണ്ഡികളെ മനസ്സുതിരിക്കാൻ ശ്രമിച്ചു.
പിശാചുക്കൾ ആന്റണിയെ വളരെ മർദ്ദിച്ചുവെന്നു പറയുന്നു. ഒരിക്കൽ അവർ അടിച്ച് അദ്ദേഹത്തെ മൃതപ്രായനാക്കിയെന്നു ചില ചരിത്രകാരന്മാർ പ്രസ്താവിച്ചു കാണുന്നു. “ഞാൻ നിങ്ങളെ ഭയപ്പെടുന്നില്ല ; നിങ്ങൾക്ക് എന്നെ ഈശോയോടുള്ള സ്നേഹത്തിൽനിന്ന് അകറ്റുവാൻ കഴിയുകയില്ല” എന്നാണ് അദ്ദേഹം പിശാചുക്കളോടു പറഞ്ഞത്.
രണ്ടു മൂന്നു ദിവസം കഴിയുമ്പോൾ കുറെ അപ്പവും വെള്ളവും മാത്രം കഴിച്ചിരുന്ന ആന്റണിയെ അനുകരിക്കുക പ്രയാസമാണ്. എങ്ങനെയാണ് വി. ആന്റണി ജീവിച്ചിരുന്നതെന്നുള്ള അറിവുമതി ഒരുത്തനെ പുണ്യത്തിൽ ആനയിക്കാൻ എന്നത്രെ അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ മാർ അത്തനേഷ്യസു പ്രസ്താവിച്ചിരിക്കുന്നത്. ഈ പ്രായശ്ചിത്തവും ഏകാന്തവും വന്യജീവിതവും 105 -ാമതത്തെ വയസ്സുവരെ ജീവിക്കാൻ പ്രതിബന്ധമായില്ല.
വിചിന്തനം: പ്രലോഭനങ്ങൾ വർദ്ധിക്കുമ്പോൾ ആന്റണി ആശാനിഗ്രഹവും പ്രാർത്ഥനയും വർദ്ധിപ്പിച്ചിരുന്നു. ഈശോയോടുള്ള സ്നേഹത്തിൽനിന്ന് യാതൊന്നും എന്നെ അകറ്റുകയില്ലെന്ന അപ്പസ്തോലന്റെ മനോഭാവമായിരുന്നു സന്യാസിവര്യനായ വി. ആന്റണിയുടെയും.