പരിശുദ്ധാത്മാവ് നിറയുന്നതിനു മുൻപും നിറഞ്ഞതിനു ശേഷവും മനുഷ്യരുടെ ജീവിതത്തിൽ വലിയ വ്യത്യാസം ഉണ്ടാകുന്നുണ്ട്. പരിശുദ്ധാത്മാവ് നിറഞ്ഞ ദാവീദ്, സാവൂൾ, ഏലിയാ ഇവരൊക്കെ വന്‍കാര്യങ്ങൾ ചെയ്തു. മുന്കോപിയായിരുന്ന മോശയിൽ ദൈവികശക്തി നിറഞ്ഞപ്പോൾ മോശ സൗമ്യതയുള്ള ആളായി. പരിശുദ്ധാത്മാവ് നിറഞ്ഞ സാവൂൾ പ്രവചിക്കാൻ തുടങ്ങി. സാംസണിലേക്കു ദൈവികശക്തി നിറഞ്ഞപ്പോൾ അദ്ദേഹം വീണ്ടും ബലവാനായി. പന്തക്കുസ്ത ദിവസം പരിശുദ്ധാത്മാവ് നിറഞ്ഞ അപ്പോസ്തോലന്മാർ ആകെ മാറി. അവരുടെ ഭയവും നിരാശതയും കഴിവുകേടുകളും മാറി. അവർ ആത്മാക്കളുടെ കൊയ്ത്തു തുടങ്ങി. പത്രോസിന്റെ ആദ്യ പ്രസംഗത്തിലൂടെ വിശ്വാസത്തിലേക്ക് വന്ന മൂവായിരത്തോളം ആളുകളിൽ തുടങ്ങിയതാണ് ഈ കൊയ്ത്തുത്സവം. കരിസ്മാറ്റിക് നവീകരണം ആരംഭിച്ചതിനു ശേഷം സഭയിൽ പരിശുദ്ധാത്മാവ് നൽകിയ ഉണർവ് അത്ഭുതകരമാണ്. മനസാന്തരങ്ങൾ, ആത്മീയ വളർച്ച, വരദാനങ്ങളുടെ അഭിഷേകം ലഭിച്ച വ്യക്തികളുടെ എണ്ണത്തിലെ വർദ്ധനവ്, രോഗശാന്തികൾ അങ്ങനെ എണ്ണിയാലൊടുങ്ങാത്തതാണ്. പരിശുദ്ധാത്മാവിന്റെ അഭിഷേകം സ്വീകരിച്ച വ്യക്തികളുടെ പ്രവർത്തനത്തിലൂടെയാണ് ആത്മാക്കളെ നേടാനുവുക.അങ്ങനെയുള്ളവർ ഉള്ളപ്പോഴാണ് സഭയ്ക്ക് ആത്മീയ ഉണർവ് ഉണ്ടാവുക. അതിനാൽ ആത്മാവ് നൽകുന്ന കരുത്തു നമുക്കാവശ്യമാണ്. അതില്ലാതെ നമുക്കൊന്നും ചെയ്യാനാവില്ല. അതിനാൽ പുത്തൻ പന്തക്കുസ്തയ്ക്കായി നമുക്ക് ഇപ്പോൾത്തന്നെ പ്രാർത്ഥിച്ചോരുങ്ങാം.
ഫാ. ജോസഫ് വയലിൽ CMI