കുർബാനയ്ക്കു ഇതര നാമങ്ങളും പറയാറുണ്ട്. ‘വിശുദ്ധവും സജീവവുമായ ആരാധന’ എന്നതാണ് ഒന്ന്. സഭയുടെ ആരാധനക്രമം മുഴുവന്റെയും കേന്ദ്രവും ഏറ്റവും തീവ്രവുമായ പ്രകാശനവും ദൃശ്യമാകുന്നത് കുര്‍ബാനയിലാണ്. ഇക്കാരണത്താലാണ് ഈ പേര് അതിനു കൈവന്നത്. ഇതേ അർത്ഥത്തിൽ ഈ കൂദാശയ്ക്കു ‘വിശുദ്ധരഹസ്യങ്ങളുടെ ആഘോഷ’മെന്നും പേരുണ്ട്. ഇത് കൂദാശയുടെ കൂദാശയാണ്. അതുകൊണ്ടു കുർബാനയെ ‘പരിശുദ്ധാത്മ കൂദാശ’ (മഹോന്നത കൂദാശ) എന്നും പറയാറുണ്ട്.
കുര്‍ബാനയ്ക്കുള്ള വേറൊരു പേരാണ് ‘വിശുദ്ധ കൂട്ടായ്മ’. കാരണം, വിശ്വാസികളും ഈശോയും ഒറ്റ ശരീരമായിത്തീരുന്നതിനു അവിടുന്ന് അവരെ തിരുശരീരരക്തങ്ങളിൽ ഭാഗഭാക്കുകളാക്കുന്നു. അങ്ങനെ അവർ ഒരു ശരീരമാകുന്നു (മൗതിക ശരീരം). ഐക്യത്തിന്റെ പാരമ്യത്തിലെത്തുന്നു. കുർബാനയ്ക്കു ‘മാലാഖമാരുടെ അപ്പം’ എന്നും പറയാറുണ്ട്. ഇത് ഒരു ആലങ്കാരിക പ്രയോഗമാണ്. ഈ അപ്പം മാലാഖാമാർക്കു ലഭ്യമല്ല. ഈ അപ്പം ഭക്ഷിക്കുന്നവർ മാലാഖമാരെപോലെ ആയിരിക്കണം എന്നതാണ് സൂചന. ദൈവത്തെക്കാൾ താഴ്ന്ന അവസ്ഥയാണ് അവർക്കുള്ളത്. എന്നാൽ, വിശുദ്ധിയിൽ ദൈവത്തോട് അടുത്ത് ആയിരിക്കുന്നവരാണവർ. എത്ര വിശുദ്ധിയോടെ കുർബാന ഒരാൾ സ്വീകരിക്കുന്നുവോ അത്രയും അവർ ദൈവത്തിനു ഇഷ്ട്ടപെട്ടവരാകും. ദൈവിക കുടുംബത്തിൽ അവർക്കു അംഗത്വം ലഭിക്കുകയും ചെയ്യും.
‘സ്വർഗ്ഗത്തിൽനിന്നുള്ള അപ്പം’ എന്നതാണ് കുർബാനയുടെ മറ്റൊരു പര്യായപദം. കുർബാന ഈശോയാണ്. അതുകൊണ്ടാണ് ഈശോ പറഞ്ഞത്, “സ്വർഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്” (യോഹ. 6:51) എന്ന്. യഹൂദരുടെ ഇടയിൽ ഇതേക്കുറിച്ചു തർക്കമുണ്ടായപ്പോൾ അവിടുന്ന് സ്പഷ്ടമായി പറഞ്ഞു, “എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുന്നവന് നിത്യ ജീവനുണ്ട്. അവസാനദിവസം ഞാൻ അവനെ ഉയിർപ്പിക്കും” (യോഹ. 6:54). 6.53 ൽ അവിടുന്ന് വ്യക്തമാക്കുന്നതും പരമപ്രധാന സത്യമാണ്. “നിങ്ങൾ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയുകയും ചെയ്യുന്നില്ലെങ്കിൽ നിങ്ങള്‍ക്ക് ജീവൻ (ദൈവിക ജീവൻ, പ്രസാദവരം, ക്രിസ്തുവുമായുള്ള ഐക്യം) ഉണ്ടായിരിക്കുകയില്ല.”
അന്ത്യോക്യയിലെ വി. ഇഗ്നേഷ്യസ് കുർബാനയെ ‘അമർത്യരുടെ ഔഷധം’ എന്ന് വിശേഷിപ്പിക്കുന്നു. ദൈവത്തോടൊപ്പമുള്ള അമർത്യത നമുക്ക് തരുന്ന ദിവ്യ ഔഷധമാണ് കുർബാന.
ദൈവഹിതം നിറവേറ്റുന്നതിനായി വിശ്വാസികളെ ഒരുക്കി അയയ്ക്കുന്നത് എന്ന അർത്ഥത്തിൽ ‘വിശുദ്ധ പ്രക്ഷണം’ (Holy Mass) എന്നും കുർബാനയെ വിശേഷിപ്പിക്കാറുണ്ട്.