2 സാമു. 5:17-25
ഇസ്രായേലിന്റെ രാജാവായി ദാവീദ് അഭിഷേകം ചെയ്യപ്പെട്ടുവെന്നു കേട്ടപ്പോള്‍ ഫിലിസ്ത്യര്‍ അവനെതിരേ പുറപ്പെട്ടു. അതു കേട്ട് ദാവീദ് കോട്ടയ്ക്കുള്ളില്‍ അഭയം പ്രാപിച്ചു.
ഫിലിസ്ത്യര്‍ റഫായിം താഴ്വരയില് പാളയമടിച്ചു.
ദാവീദ് കര്‍ത്താവിനോട് ആരാഞ്ഞു: ഫിലിസ്ത്യര്‍ക്കെതിരേ ഞാന്‍ പുറപ്പെടണമോ? അവരെ അങ്ങ് എന്റെ കൈയില്‍ ഏല്പിച്ചുതരുമോ? പുറപ്പെടുക, ഫിലിസ്ത്യരെ തീര്‍ച്ചയായും ഞാന്‍ നിന്റെ കൈയില്‍ ഏല്പിക്കും. കര്‍ത്താവ് ദാവീദിനോട് അരുളിച്ചെയ്തു.
ദാവീദ് ബാല്പെരാസിമില്വച്ച് അവരെ തോല്പിച്ചു. വെള്ളച്ചാട്ടം പാലെ കര്‍ത്താവ് എന്റെ ശത്രുക്കളെ എന്റെ മുന്പില് ചിതറിച്ചു എന്ന് അവന് പറഞ്ഞു. അതുകൊണ്ട്, ആ സ്ഥലത്തിന് ബാല്‍പെരാസിം എന്നുപേരുണ്ടായി.
ഫിലിസ്ത്യര്‍ തങ്ങളുടെ വിഗ്രഹങ്ങള്‍ അവിടെ ഉപേക്ഷിച്ചു. ദാവീദും ആളുകളും അവ എടുത്തുകൊണ്ടുപോയി.
ഫിലിസ്ത്യര്‍ വീണ്ടും വന്നു റഫായിം താഴ്വരയില് പാളയമടിച്ചു.
ദാവീദ് കര്‍ത്താവിനോട് ആരാഞ്ഞപ്പോള്‍ അവിടുന്ന് അരുളിചെയ്തു: നീ നേരേ ചെന്ന് ആക്രമിക്കരുത്. വളഞ്ഞുചെന്ന് ബള്‍സാ വൃക്ഷങ്ങള്‍ക്കെതിരേ വച്ച് പിന്നില്‍ക്കൂടെ ആക്രമിക്കുക.
ബള്‍സാ വൃക്ഷങ്ങള്‍ക്കു മുകളില്‍ അണിനീങ്ങുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ കടന്നാക്രമിക്കുക. ഫിലിസ്ത്യസൈന്യത്തെ തകര്‍ത്തുകളയാന്‍ കര്‍ത്താവു കല്പിച്ചതുപോലെ ദാവീദ് ചെയ്തു.
ഗേബാ മുതല്‍ ഗേസര്‍വരെ ഫിലിസ്ത്യരെ തുരത്തി.
കർത്താവിനോടു ആലോചന ചോദിച്ചിട്ടേ ഏതൊരു കാര്യവും നാം ചെയ്യാവു. മഹാന്മാരിൽ മഹാനായ ദാവീദ് രാജാവ് രണ്ടു പ്രാവശ്യം ദൈവത്തോട് ആലോചന ചോദിച്ച വസ്തുതയാണ് മേലുദ്ധരിച്ചിരിക്കുന്ന വചന ഭാഗത്തു നാം കാണുക. സർവജ്ഞനും സർവ്വശക്തനുമായ സർവേശ്വേരന് ഒരിക്കലും തെറ്റുപറ്റുകയില്ല. എല്ലാം അറിയുന്ന നല്ല തമ്പുരാനാണ് അവിടുന്ന്. അവിടുത്തോടു ആലോചന ചോദിച്ചു തദനുസാരം പ്രവർത്തിക്കുന്നവർക്ക് ഒന്നും ഭയപ്പെടാനില്ല. പൗലോസ് പറയുന്നത് ശ്രദ്ധിക്കുക; “ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട. പ്രാര്‍ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞത സ്തോത്രങ്ങളോടെ നിങ്ങളുടെ യാചനകൾ ദൈവസന്നിധിയിൽ സമർപ്പിക്കുവിൻ. അപ്പോൾ നമ്മുടെ എല്ലാ ധാരണയെയും അതിലംഖിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചന്തകളെയും ഈശോമിശിഹായിൽ കാത്തുകൊള്ളും” (ഫിലി. 4:6).
എന്നാൽ ‘കർത്താവിനോടു ആലോചന ചോദിക്കുകയോ ഇസ്രയേലിന്റെ പരിശുദ്ധനിലേക്കു ദൃഷ്ടി ഉയിർത്തുകയോ ചെയ്യാതെ സഹായം തേടി ഈജിപ്തിലേക്ക് പോകുകയും കുതിരയിൽ ആശ്രയിക്കുകയും രാധങ്ങളുടെ എണ്ണത്തിലും കുതിരപ്പടയാളികളുടെ കരുത്തിലും വിശ്വാസമർപ്പിക്കുകയും ചെയ്യുന്നവർക്ക് ദുരിതം!… ഈജിപ്റ്റുകാർ മനുഷ്യരാണ്, ദൈവമല്ല. അവരുടെ കുതിരകൾ ജഡമാണ്; ആത്മാവല്ല. ദൈവത്തിൽ ആശ്രയിക്കാതെ മനുഷ്യരിൽ ആശ്രയിക്കുന്നവർക്കു വിനാശം അനുഭവിക്കേണ്ടി വരും.