അദ്ധ്യായം 1
ആഡ്രിയാറ്റിക് കടൽത്തീരത്തുള്ള ഒരു കൊച്ചുപട്ടണം. സ്കോപ്ജെ (ടസീുഷല) എന്നാണ് ആ അനുഗൃഹീത പട്ടണത്തിന്റെ പേര്. അവിടെയാണ് 1910 ആഗസ്റ്റ് 26-ാം തീയതി വെള്ളിയാഴ്ച ആഗ്നസ് ബ്രൊജാഷ്യു ജനിച്ചത്. 27നു തന്നെ ജ്ഞാനസ്നാനം സ്വീകരിക്കാനുള്ള ഭാഗ്യം ആ കുഞ്ഞിനു ലഭിച്ചു. അൽബോനിയൻ വംശജരായ ആഗ്നസിന്റെ മാതാപിതാക്കൾ ഉറച്ച ദൈവവിശ്വാസമുള്ളവരായിരുന്നു. തിരുക്കുടുംബഭക്തി അവരുടെ ഭവനത്തിന്റെ പ്രത്യേകതയായിരുന്നു. നിക്കോളാസ് ബൊജാഷ്യു ആയിരുന്നു. ആഗ്നസിന്റെ പിതാവ്. ഡ്രാണാഫിൽ ബൽണായി ആയിരുന്നു അമ്മ.
ആഗ്നസിന് ആഗാ എന്നൊരു ചേച്ചിയും ലാസർ എന്നൊരു ചേട്ടനും ഉണ്ടായിരുന്നു. തങ്ങളുടെ കുഞ്ഞുസഹോദരിയെ അവർ വളരെയധികം സ്നേഹിച്ചു. മാതാപിതാക്കളുടെ വാത്സല്യവും സഹോദരങ്ങളുടെ സ്നേഹസാന്ത്വനങ്ങളും ഏറ്റ് ആഗ്നസ് വളർന്നു. അമ്മയുടെ അധരങ്ങളിൽ നിന്നാണ് അവൾ ദൈവസ്നേഹം എന്തെന്നു മനസ്സിലാക്കിയത്. അവിടെ നിന്നു കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും അനുഭൂതികൾ അവൾ നുകർന്നു. ആർദ്രതയുടെയും ദാനധർമ്മത്തിന്റെയും ധാരാളം കഥകൾ അവൾ കേട്ടു. ആ മടിത്തട്ടിൽ നിന്നു തന്നെ ദാരിദ്ര്യത്തിന്റെയും ഇല്ലായ്മയുടെയും കാഠിന്യം അവൾ ഗ്രഹിച്ചു. അമ്മമാരുടെ മടിത്തട്ടിന്റെ ഇളംചൂട് അനുഭവിക്കാത്ത എത്രയെത്ര മക്കൾ!
നന്നേ ചെറുപ്പം മുതൽ ആഗ്നസിന്റെ മനസ്സിൽ പാവങ്ങൾ ഉണ്ടായിരുന്നു. പാവങ്ങളെക്കുറിച്ചുള്ള സ്വപ്നങ്ങൾ അവൾ താലോലിച്ചിരുന്നു. ഉറക്കത്തിൽ ഈശോ ദരിദ്രരായ കുട്ടികളുടെ രൂപത്തിൽ വന്ന് തന്റെ മുമ്പിൽ കൈനീട്ടുന്നത് പലപ്പോഴും അവൾ കണ്ടിരുന്നു. അന്നൊന്നും അവൾക്കതിന്റെ അർത്ഥം അറിയില്ലായിരുന്നു. എങ്കിലും തണുപ്പുകാലത്ത് അവൾ തന്റെ ഉടുപ്പുകളിൽ ചിലത് പാവപ്പെട്ട കുട്ടികൾക്കു ഏറ്റം സന്തോഷത്തോടെ കൊടുത്തിരുന്നു. അതു വാങ്ങി പുഞ്ചിരിച്ചുകൊണ്ടോടുന്ന കുട്ടികളുടെ ചിത്രം ആഗ്നസിന്റെ മനസ്സിൽ പലപ്പോഴും തെളിഞ്ഞുവന്നിരുന്നു.
പങ്കുവയ്ക്കലിന്റെ ആദ്യപാഠം
പങ്കുവയ്ക്കലിന്റെ സുഖകരമായ അനുഭവം, അനവദ്യമായ ആനന്ദം ആഗ്നസിനെ പഠിപ്പിച്ചത് അവളുടെ അമ്മതന്നെയാണ്. ഒരിക്കൽ കുറെ പാവങ്ങൾ സ്കോപ്ജെ ഭവനത്തിൽ എത്തി. അമ്മയും മക്കളും ഭക്ഷണത്തിനു മുമ്പ് പ്രാർത്ഥിക്കുന്ന സമയമായിരുന്നു. ബർണായി പെട്ടെന്ന് ആ പാവങ്ങളെ ഭക്ഷണത്തിന് ഇരുത്തി. കുടുംബാംഗങ്ങൾക്കു കഴിക്കാൻ കഷ്ടിച്ചേ ഭക്ഷണം ഉണ്ടായിരുന്നുള്ളൂ. എങ്കിലും അതിൽ പകുതിയെടുത്ത് ദീനാനുകമ്പയായ ആ നല്ല അമ്മ അവാച്യമായ സന്തോഷത്തോടെ ആ പാവങ്ങൾക്കു കൊടുത്തു. അവർ അതു ഭക്ഷിച്ചശേഷം ഹൃദ്യമായി പുഞ്ചിരിച്ച് ഇറങ്ങിപ്പോയി.
അവർ പോയശേഷം ആ അമ്മ തന്റെ മക്കളെ ഇങ്ങനെ ഉപദേശിച്ചു: ”മക്കളേ, ഈശോയ്ക്കു വിശന്നാൽ നാം ഭക്ഷണം കൊടുക്കില്ലേ? നമ്മുടെ മുന്നിൽ വരുന്ന ഓരോ വ്യക്തിയും ദൈവത്തിന്റെ മകനാണ്. ആരെയും വെറുംകയ്യോടെ തിരിച്ചയക്കരുത്. അമ്മയുടെ ഉപദേശവും ആ പാവങ്ങളുടെ പുഞ്ചിരിയും ആഗ്നസിന്റെ മനസ്സു നിറച്ചു. ഒപ്പം വിശപ്പിന്റെ വേദന ആദ്യമായി അവൾ മനസ്സിലാക്കുകയും ചെയ്തു.
തന്റെ അമ്മയെ ഓർക്കുമ്പോഴൊക്കെ പരിശുദ്ധ അമ്മയെയാണ് ആഗ്നസിന് ഓർമ്മ വരുക. സകലരെയും മാറോടു ചേർക്കാൻ കാൽവരി മലമുകളിൽ നിന്നു തേങ്ങുന്ന അമ്മ. ഒരു ദിവസം പോലും ബർണായി ജപമാല മുടക്കിയിരുന്നില്ല. തങ്ങളുടെ അമ്മയോടൊപ്പം ജപമാല ചൊല്ലുന്നത് മക്കൾക്ക്, പ്രത്യേകിച്ച് ആഗ്നസിന്, അനന്യമായ ഒരനുഭവമായിരുന്നു. മനം നിറയെ സന്തോഷത്തോടെയാണ് തങ്ങളുടെ മാതാവിനോടൊപ്പം അവൾ ജപമാല ചൊല്ലിയിരുന്നത്. പ്രാർത്ഥനയുടെ അവസാനം അവർ അമ്മയെ കെട്ടിപ്പിടിച്ച് സ്തുതി ചൊല്ലിയിരുന്നു. അമ്മയോ അവരെ മാറോടു ചേർത്തണച്ചു സന്തോഷത്തോടെ പറയും: ”സ്നേഹമുള്ള കുടുംബം സ്വർഗ്ഗമാണ്’.
അമ്മയുടെ സ്വാധീനം
ബർണായി തന്നാൽ കഴിയുന്നവിധം മറ്റുള്ളവരുടെ ജീവിതവും സ്വർഗ്ഗമാക്കാൻ ശ്രമിച്ചിരുന്നു. പാവപ്പെട്ടവന്റെ ഒരു ഗദ്ഗദം മതിയായിരുന്നു അവളുടെ മനസ്സലിയിക്കാൻ. പാവപ്പെട്ടവന്റെ കണ്ണുനീർ ഈശോയുടെ രക്തത്തുള്ളികളാണെന്ന് അവൾ പലപ്പോഴും പറഞ്ഞിരുന്നു. തന്റെ പരിത്യാഗത്തിന്റെ തൂവാലകൊണ്ട് ഈശോയുടെ രക്തം-പാവപ്പെട്ടവന്റെ കണ്ണുനീർ-അവൾ ഒപ്പിയെടുത്തിരുന്നു. അവൾ ബുദ്ധിമുട്ടി മിച്ചം വച്ചിരുന്ന പണത്തിന്റെ ഒരു ഭാഗം പാവങ്ങൾക്കുള്ളതായിരുന്നു. ആരാരുമറിയാതെ പാവങ്ങളെ സഹായിക്കുന്നതായിരുന്നു അവൾക്കു കൂടുതൽ ഇഷ്ടം. ആഴ്ചയിൽ ഒരു ദിവസം അവൾ ഒരു പാവപ്പെട്ട വൃദ്ധയുടെ വീട്ടിൽ പോയി ആ വൃദ്ധയെ കുളിപ്പിക്കുകയും അവരുടെ വസ്ത്രം അലക്കിക്കൊടുക്കുകയും മുറി അടിച്ചു വൃത്തിയാക്കുകയും അവർക്ക് ഭക്ഷണം വാരിക്കൊടുക്കുകയും ചെയ്തിരുന്നു. ഈ പരസ്നേഹപ്രവർത്തി കണ്ടു ഗ്രഹിച്ച ആഗ്നസിനു അത്ഭുതമായി. തന്റെ പരസ്നേഹത്തിന്റെ ജീവിതത്തിനുള്ള പഠനകളരി കുടുംബം തന്നെ ആയിരുന്നു. സ്നേഹത്താൽ മനുഷ്യജീവിതം സ്വർഗ്ഗമാക്കുക എന്ന തന്റെ അമ്മയുടെ ആഹ്വാനം ആഗ്നസിന്റെ മനസ്സിനെ ആഴമായി സ്പർശിച്ചിരുന്നു. അമ്മയുടെ പാവങ്ങളോടുള്ള അനുകമ്പയും കാരുണ്യം തുളുമ്പുന്ന ജീവിത ശൈലിയും അവളെ വല്ലാതെ ആകർഷിച്ചു. പന്ത്രണ്ടാമത്തെ വയസ്സിൽ തന്റെ ജീവിതം മുഴുവൻ മിശിഹായ്ക്കു സമർപ്പിക്കാൻ അവൾ തീരുമാനിച്ചുറച്ചു. സന്യാസിനി ആകുവാനുള്ള തന്റെ ആഗ്രഹം ആഗ്നസ് അമ്മയെ അറിയിച്ചു. അവളുടെ ആഗ്രഹം അമ്മ അംഗീകരിച്ചതായി തോന്നിയില്ല. ഒരു തീരുമാനമെടുക്കാനുള്ള ”പ്രായവും പക്വതയും നിനക്കായിട്ടില്ല” എന്ന മറുപടിയാണ് ലഭിച്ചത്. എങ്കിലും സമർപ്പിതയാകുനുള്ള മോഹം ആഗ്നസിന്റെ ഉള്ളിന്റെ ഉള്ളിൽ ശക്തമാകാൻ തുടങ്ങി.
പിതാവിന്റെ മരണം
ഇതിനിടയിൽ 1919ൽ 45-ാമത്തെ വയസ്സിൽ ആഗ്നസ്സിന്റെ പ്രിയപ്പെട്ട പിതാവ് അതിദാരുണമാംവിധം വധിക്കപ്പെട്ടു. അന്ന് അദ്ദേഹം സ്കോപ്ജയിലെ മുൻസിപ്പൽ കൗൺസിലറായിരുന്നു. ഡ്രാണാഫിൽ ബർണായി മാനസികമായി തകർന്നു എങ്കിലും അവരുടെ അടിയുറച്ച വിശ്വാസം ജീവിതത്തിനു പ്രതീക്ഷ നൽകി. ഏതു പ്രതിസന്ധിയിലും പതറാതെ പിടിച്ചു നിൽക്കാനുള്ള ധൈര്യം ആ അമ്മ മക്കൾക്കും പകർന്നു നൽകി. ദൈവം തന്നെ ഏൽപ്പിച്ചിരിക്കുന്ന ഗൗരവതരമായ ഉത്തരവാദിത്വം വിശ്വാസത്തിന്റെ വെളിച്ചത്തിൽ ഡ്രാണാഫിൽ മനസ്സിലാക്കി. തന്റെ വിശ്വാസത്തിൽ നങ്കൂരമുറപ്പിച്ചു മുമ്പോട്ടു നീങ്ങുവാൻ അവൾ തീരുമാനിച്ചു. തകർന്നുപോയ സാമ്പത്തിക സ്ഥിതിയിൽ നിന്നും തന്റെ കഠിനാധ്വാനം വഴി കുടുംബത്തെ അവൾ കരകയറ്റി.
പാവങ്ങളോടുള്ള കരുതൽ
ചെറുപ്പം മുതലേ ആഗ്നസ് സൊഡാലിറ്റിയിലെ അംഗമായിരുന്നു. സൊഡാലിറ്റി അംഗങ്ങൾക്കു വികാരിയച്ചൻ ഫാ. ജാംബ്രെക്കോവിക്ക് എസ്.ജെ. ചർച്ചാ ക്ലാസുകൾ എടുത്തിരുന്നു. കൽത്തത്തയിലെ തെരുവുകളെക്കുറിച്ചും ബംഗാളിലെ പട്ടിണിപാവങ്ങളുടെ ക്ലേശപൂർണ്ണമായ ജീവിതരീതിയെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ ഹൃദയസ്പർശിയായ ക്ലാസ്സുകൾ ആഗ്നസിനെ ഇന്ത്യയിലേക്ക് ക്രമേണ ആകർഷിച്ചു തുടങ്ങി. ഇന്ത്യയിലെ ജസ്വിറ്റ് മിഷനറിമാരുടെ ആവേശോജ്ജ്വലമായ പ്രവർത്തനങ്ങളെപ്പറ്റിയുള്ള വിവരണങ്ങൾ അവളെ ആർഷഭാരതത്തിന്റെ മണ്ണിലേക്ക് ഹഠാദാകർഷിക്കുന്നതായി അവൾക്കു തന്നെ തോന്നി. തന്നിൽ നിറഞ്ഞുനിന്ന സന്യാസിനിയാകണമെന്ന അദമ്യമായ ആഗ്രഹത്തിൽനിന്നും ആർക്കും അവളെ പിന്തിരിപ്പിക്കാനാവില്ലെന്ന് അവൾക്ക് ബോധ്യമായി. അത്രയും ശക്തമായിരുന്നു അഖിലേശൻ അവളിൽ അങ്കുരിപ്പിച്ച ആത്മദാഹം.
ദൈവത്തിന്റെ പാവങ്ങളോടുകൂടെ ആയിരിക്കുവാനുള്ള നിയോഗത്തിനു തന്നെത്തന്നെ വിട്ടുകൊടുക്കുവാൻ ആഗ്നസ് തയ്യാറായി. ദൈവം തനിക്കായി ഒരുക്കിയിരിക്കുന്ന വഴിയെക്കുറിച്ച് അവൾക്ക് പിന്നീട് യാതൊരു സംശയവും ഉണ്ടായിട്ടില്ല. പക്ഷേ, അമ്മയുടെ മടിത്തട്ടാകുന്ന സ്വർഗ്ഗം വിട്ട് വിദൂരതയിലേയ്ക്ക് പോകുന്നത് ഓർക്കുമ്പോൾ അവൾ വികാരവിവശയാകുമായിരുന്നു. ആഗ്നസിന്റെ ആത്മനൊമ്പരം പങ്കുവച്ചെടുക്കുവാൻ ആരുംതന്നെ ഉണ്ടായിരുന്നില്ല. എന്നാൽ എല്ലാ സങ്കടങ്ങൾക്കും സാന്ത്വനം കണ്ടെത്തുന്ന, എല്ലാ സഹനങ്ഹൾക്കും സമാശ്വാസം നൽകുന്ന, എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പ്രദാനം ചെയ്യുന്ന ഒരു സുരക്ഷിതസങ്കേതം അവൾക്കുണ്ടായിരുന്നു പരിശുദ്ധ അമ്മ.
പരിശുദ്ധ അമ്മ ആഗ്നസിന്റെ രക്ഷാസങ്കേതം
ആഗ്നസ് അമ്മയുടെ മുമ്പിൽ മുട്ടുകുത്തി തന്റെ ആത്മാർത്ഥത നിറഞ്ഞ നിയോഗം അമ്മയ്ക്കു സമർപ്പിച്ച് മനംനൊന്തു പ്രാർത്ഥിച്ചു. അവളുടെ കണ്ണുനീരിൽ കുതിർന്ന പ്രാർത്ഥന മാസങ്ങളോളം അവിരാമം തുടർന്നു. ഓരോ പ്രാവശ്യവും തന്റെ തിരുക്കുമാരന്റെ നിണമണിഞ്ഞ, ചമ്മട്ടിയടികളാൽ തകർന്നുടഞ്ഞ ശരീരം പരിശുദ്ധ അമ്മ അവൾക്കു കാണിച്ചു കൊടുത്തിരുന്നു. വാടിത്തളർന്ന തിരുമുഖത്തെ, തീഷ്ണതയുള്ള കണ്ണുകൾ ആർദ്രതയോടെ തന്നെ മാടിവിളിക്കുന്നതുപോലെ ആഗ്നസിനു തോന്നി. ആ കണ്ണുകളിൽ ലക്ഷോപലക്ഷം ആത്മാക്കളുടെ ദയനീയമായ ദാഹം അവൾ കണ്ടു. സ്നേഹം ലഭിക്കാത്തതിന്റെ ദീനരോദനം അവൾ കേട്ടു. അവളുടെ പ്രതിബന്ധങ്ങൾ ആ ദർശനത്തിൽ അലിഞ്ഞമർന്നു. അവളുടെ തീരുമാനത്തിലേക്കു തമ്പുരാന്റെ ചൈതന്യം നിലാവുപോലെ പെയ്തിറങ്ങി. അവളൊരു നവ്യ സൃഷ്ടിയായതുപോലെ അവൾക്കു തോന്നി. പരിശുദ്ധ അമ്മയുടെ പരിലാളനം അവളെ ചൂഴ്ന്നു നിന്നു. ഏതാണ്ടിങ്ങനെ അമ്മ അവളോടു മന്ത്രിച്ചു: ”ക്രിസ്തുവിനുവേണ്ടി സർവ്വം പരിത്യജിക്കുക. ജീവിതം സമ്പൂർണ്ണമായി സമർപ്പിക്കുക. സന്യസ്ത ജീവിതത്തിൽ പ്രവേശിച്ചു ബംഗാളിൽ സേവനമനുഷ്ഠിക്കുക” (മത്താ.16:24).
തന്റെ നീറുന്ന പ്രശ്നങ്ങൾക്കു പരിശുദ്ധ അമ്മ ഉത്തരം നൽകിയപ്പോൾ ആഗ്നസിൽ നിന്ന് വലിയൊരു ഭാരം ഇറങ്ങിപ്പോയതായി അവൾക്കനുഭവപ്പെട്ടു. പിന്നെയും വലിയൊരു പ്രശ്നം അവശേഷിച്ചു. അവളുടെ ആശയാഭിലാഷങ്ങൾ എങ്ങനെയാണു പൂവണിയുക? ആ സ്വർഗ്ഗീയ അമ്മ അതിനും അവൾക്കു വഴി കാണിച്ചുകൊടുത്തു. തന്റെ ഹൃദയാഭിലാഷങ്ങൾ കൽക്കട്ടയിലെ ഈശോ സഭാ വൈദികരെ അറിയിക്കാൻ അവൾക്കു ശക്തമായ ഉൾപ്രേരണ ഉണ്ടായി. ആ മിഷനറിമാർ അവൾക്കു ബംഗാളിലെ ലൊറേറ്റോ സന്യാസിനി സമൂഹത്തെ പരിചയപ്പെടുത്തിക്കൊടുത്തു. അങ്ങനെ അവൾ അയർലണ്ടിലെ ഡബ്ലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൊറെറ്റോ സന്യാസിനി സഭയെക്കുറിച്ചു ചിന്തിച്ചുതുടങ്ങി.