നീയും കുടുംബവും രക്ഷപ്രാപിക്കും

Fr Joseph Vattakalam
1 Min Read

സദാസമയവും സർവശക്തൻ നമ്മുടെ സഹായകനും സംരക്ഷകനുമാണ്. വിശ്വസിച്ചു പ്രാർത്ഥിക്കുന്ന ഏവർക്കും അവിടുത്തെ ഈ സഹായ സംരക്ഷണങ്ങൾ സംലഭ്യവുമാണ്. സർവശക്തനും നിത്യനും സർവ നന്മ സ്വരൂപിയുമായ ഈശോയാണ് നമുക്ക് ഇവ കൈമാറിത്തരിക. ഏക രക്ഷകനും ലോക രക്ഷകനുമായ അവിടുന്ന് മാനവരാശിക്ക് നൽകിയ, ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്ന, ലോകാന്ത്യം വരെയും നൽകുവാനിരിക്കുന്ന മഹാസമാനമാണ് നിത്യരക്ഷ. മഹിയിലെ വിപ്രവാസത്തിനു ശേഷം സർവ സ്വതന്ത്രരായി സ്വർഗ്ഗത്തിലെത്തി മഹോന്നതനെ മുഖാമുഖം കണ്ടു, അവിടുന്നുമായി ഐക്യപ്പെട്ടു നിത്യാനന്ദം അനുഭവിക്കുന്ന അവസ്ഥയാണ് നിത്യരക്ഷ.

അവിടുന്ന് സകലരെയും നിത്യരക്ഷയിലേക്കു അനുനിമിഷം ക്ഷണിച്ചുകൊണ്ടിരിക്കുകയാണ്. ഈ വിളിക്കു പ്രത്യുത്തരം നൽകി സ്വർഗം പൂകിയവർ അനന്ത കോടിയാണ്. കോടിക്കണക്കിനു മനുഷ്യർ ഈ കൃപയ്ക്കായി രക്തസാക്ഷി മകുടം ചൂടിയിട്ടുണ്ട്. രക്തസാക്ഷിത്വം ഇന്നും തുടരുന്നു. അനവരതം തുടരുകയും ചെയ്യും. “കർത്താവായ യേശുവിൽ വിശ്വസിക്കുക. നീയും നിന്റ കുടുംബവും രക്ഷപ്രാപിക്കും” (നട. 16:31).

വിശ്വാസം കൈമാറികൊടുക്കുക എന്നത് ഓരോ ക്രൈസ്തവന്റെയും കടമയാണ്. ഈശോ കല്പിക്കുന്നു “നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്ട്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ. വിശ്വസിച്ചു മാമ്മോദീസ സ്വീകരിക്കുന്നവർ രക്ഷപെടും; വിശ്വസിക്കാത്തവർ ശിക്ഷിക്കപ്പെടും” (മാർകോ. 16:15,16). ഇപ്രകാരം ചെയ്യുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകികൊണ്ട് അവരെ പ്രോത്സാഹിപ്പിക്കാൻ “യുഗാന്തം വരെ എന്നും ഞാൻ നിങ്ങളൂടെ കൂടെയുണ്ടായിരിക്കും” (മത്താ. 28:20) എന്ന പ്രത്യാശ നിർഭരമായ വാഗ്ദാനം ഈശോ നല്കിയിട്ടുണ്ടല്ലോ.

Share This Article
error: Content is protected !!