നിത്യരക്ഷ പ്രാപിക്കാൻവേണ്ടി ജീവിതം ബലിയായി സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ പാലിക്കുന്ന, പാലിക്കേണ്ട പല അടിസ്ഥാന തത്വമുണ്ട്. ഓരോന്നിനെയും ഓരോ പടിയായി കരുതാം. വിശുദ്ധരെല്ലാം ഈ പടവുകൾ കയറിയവരാണ്.
ഇന്ന് ജീവിക്കുക എന്നതാണ് ഒന്നാമത്തെ തത്വം. Act, act in the living present, heart within and heaven above. ഇന്നലെകൾ, ഇങ്ങിനി വരാത്തവണ്ണം എന്നേക്കുമായി കടന്നുപോയി. അവയെ നോക്കി നിരാശപെടുന്നതും വിലപിക്കുന്നതും നിരർത്ഥകവും നിഷ്ഫലവും അപകടകരവുമാണ്. നാളെ, എന്തിനു അടുത്ത നിമിഷം പോലും, നമ്മുടെ പിടിയിലോ നിയന്ത്രണത്തിന്റെ അല്ല. ഇന്നലെകളെ ദൈവത്തിന്റെ കരുണയ്ക്കും നാളകളെ ദൈവത്തിന്റെ പരിപാലനയ്ക്കും പൂർണമായും വിട്ടുകൊടുത്തിട്ടു, ഇന്ന്, ഈ നിമിഷം (the sacrament of the moment) ജീവിക്കുക. ഇന്നിനെ വിശുദ്ധീകരിക്കുക. ഇന്നിനെ പ്രയോജനപ്പെടുത്തുക. കാരണം, സ്വീകാര്യമായ സമയം, ഇതാണ് രക്ഷയുടെ ദിവസം.
സുദീർഘമായ 13 വർഷങ്ങൾ വിയറ്റ്നാം തടവറയിൽ ആയിരുന്നു മഹാനായ ആർച്ച ബിഷപ്പ് വൻത്വാൻ. ഇതിൽ 9 വര്ഷം ഏകാന്തതടവിലായിരുന്നു അദ്ദേഹം. തന്റെ തടവറ ജീവിതം തമ്പുരാന് ഏറ്റം പ്രീതികരമായ ബലിയായി അർപ്പിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. ആ ഓരോ നിമിഷത്തെയും അദ്ദേഹം വിശുദ്ധീകരിച്ചു, കൂദാശയാക്കി മാറ്റി.
അദ്ദേഹം പറയുന്നു. ഞാൻ ഇന്നിനെ നോക്കി ജീവിക്കാൻ തുടങ്ങി. കാരണം, നാളെ ഉണ്ടാകുമോ എന്നറിയില്ല. ജയിലിലെ ഓരോ ദിവസവും സ്വാതന്ത്രത്തിലെ ആയിരം ശരത്കാലത്തിന്റെ മൂല്യമുള്ളതാണ് എന്ന പഴഞ്ചൊല്ല് ഞാൻ യാഥാർഥ്യമാക്കാൻ ശ്രമിച്ചു. ഞാൻ ചിന്തിച്ചു, “എനിക്ക് യാഥാർഥ്യത്തെ അഭിമുഖീകരിക്കണം. ഞാൻ ജയിലിലാണ്. മഹത്തരമായ എന്തെങ്കിലും ചെയ്യാമെന്ന് കരുതി കാത്തിരുന്നാൽ അതിനു അവസരം ഉണ്ടാകണമെന്നില്ല. ഉറപ്പായും വന്നുചേരാനുള്ള ഏക കാര്യം മരണം മാത്രം. അതുകൊണ്ടു, ഇന്ന്, ഇവിടെ അസാധാരണമായ രീതിയിൽ സാധാരണ കാര്യങ്ങൾ ഞാൻ ചെയ്യും. വിശുദ്ധിയിലേക്കുള്ള സുനിശ്ചിതമായ വഴി അത് മാത്രമാണെന്ന് ഞാൻ ഗ്രഹിച്ചു. അങ്ങനെ ജയിലിൽ നിന്ന് പ്രാർത്ഥിച്ചു. “ഈശോയെ ഞാൻ ഭാവിക്കായി കാത്തുനിൽക്കില്ല. വർത്തമാനകാലത്തു ഞാൻ ജീവിക്കും. അതിനെ സ്നേഹം കൊണ്ട് നിറയ്ക്കും. വിശുദ്ധിയുടെ വിജയരഹസ്യം ഇതാണ്. ഓരോ നിമിഷവും കുറ്റമറ്റവിധം ജീവിക്കുക. ‘ഇന്നി’നെ വിശുദ്ധീകരിക്കുക.