എഫേസൂസ് സുന്നഹദോസിൽ പേപൽ പ്രതിനിധിയായി അധ്യക്ഷത വഹിച്ചു നെസ്റ്റോറിയൻ സിദ്ധാന്തങ്ങൾ പാഷാണ്ഡതയാണെന്നു ബോധ്യപ്പെടുത്തി കന്യകാമറിയത്തിന്റെ ദൈവമാതൃസ്ഥാനം വിശ്വാസ സത്യമായി പ്രഖ്യാപിക്കണമെന്നു വഴിതെളിച്ച വേദപാരംഗതനാണ് വി. സിറിൽ. അദ്ദേഹത്തിന്റെ പതിനഞ്ചാം ചരമശദാബ്ധി പ്രമാണിച്ചു 1944 ൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പ എഴുതിയ ചാക്രിക ലേഖനത്തിൽ വി. സിറിലിനെ പൗരസ്ത്യസഭയുടെ അലങ്കാരമെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
അലക്സാണ്ഡ്രിയയിലെ തെയോഫിലുസു മെത്രാപ്പോലീത്തയുടെ സഹോദര പുത്രനാണ് സിറിൽ. പൗരോഹിത്യം സ്വീകരിക്കുന്നതിന് മുൻപ് കുറേനാൾ മരുഭൂമിയിൽ ഏകാന്തജീവിതം നയിച്ചു. ആവേശഭരിതനായിരുന്നു സിറിൽ. കോൺസ്റ്റാന്റിനോപ്പിളിലെ മെത്രാപ്പോലീത്തയായിരുന്ന നെസ്റ്റോറിയാസിനെ സ്ഥാനഭൃഷ്ടനാക്കി പ്രഖ്യാപിച്ച കത്തിൽ അദ്ദേഹത്തെ അഭിനവ യൂദാസായ നെസ്റ്റോറിയസ്സെന്നാണ് അഭിവാദനം ചെയിതിരുന്നത്. ഈ ദൃശ്യമായ ശൈലി സിറിളിന്റെ പ്രവർത്തനങ്ങൾക്ക് സമ്പൂർണ വിജയം നേടാൻ സഹായിച്ചിട്ടില്ല; പ്രസ്തുത ശൈലി അദ്ദേഹത്തിന്റെ സ്വഭാവം സ്പഷ്ടമാക്കുന്നുമില്ല. ക്രിസ്തീയ സ്നേഹം ഒതുങ്ങിനിന്നിരുന്ന സന്തുലിതമായ ഒരു മനസ്സിൽനിന്ന് ബഹിർഗമിച്ചതാണാ ശൈലി. നെസ്റ്റോറിയൻ വാദപ്രതിവാദങ്ങളുടെ പ്രാരംഭഘട്ടത്തിൽ സിറിൽ എഴുതിയ വാക്കുകൾ ഇതിനു ഉപോല്‍ബലകമാണ്. “ഞാൻ സമാധാനത്തെ സ്നേഹിക്കുന്നു. തർക്കങ്ങളെയും ശണ്ഠകളെയും എന്നപോലെ യാതൊന്നിനെയും ഞാൻ വെറുക്കുന്നില്ല… എനിക്ക് നെസ്റ്റോറിയസ്സിനോട് സ്നേഹമുണ്ട്. യാതൊരുത്തനും എന്നെക്കാൾ കൂടുതലായി അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ടെന്ന് തോന്നുന്നില്ല.”