അമ്മയെപ്പോലെ മാത്രമല്ല, അമ്മയേക്കാൾ

Fr Joseph Vattakalam
3 Min Read

പ്രിയപ്പെട്ട അമ്മേ, എന്റെ പേടിയകറ്റാൻ  അങ്ങ്  തന്ന  പരിശീലനം ഒരു യഥാർത്ഥ അനുഗ്രഹമാണ്. ചിലപ്പോൾ ദൂരെ ഒരു മുറിയിലുള്ള ഒരു സാധനം എടുത്തുകൊണ്ടുവരാൻ രാത്രിയിൽ അങ്ങ് എന്നെ തനിച്ച് അയയ്ക്കുമായിരുന്നു. അത്രനല്ല ഒരു പരിശീലനം ലഭിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ മഹാഭീരുവായിതീരുമായിരുന്നു. നേരെ മറിച്ച് ഇപ്പോൾ ഞാൻ പേടിച്ചുപോവുക എന്നത് വാസ്തവത്തിൽ അസാധ്യം തന്നെയാണ്. അത്രയധികം സ്നേഹത്തോടും ലാളനയോടും കൂടെ വളർത്തിയിട്ടും എന്നെ വഷളാക്കാതിരിക്കാൻ അങ്ങേക്ക് എങ്ങനെ സാധിച്ചു എന്ന് പലപ്പോഴും ഞാൻ സവിസ്മയം സ്വയം ചോദിക്കാറുണ്ട്. ഒരു ന്യൂനതപോലും എന്നിൽ നിലനിൽക്കാൻ അങ്ങ് അനുവദിച്ചില്ല എന്നതാണ് വാസ്തവം.

അകാരണമായി അങ്ങ് എന്നെ ഒരിക്കലും ശാസിച്ചിട്ടില്ല. എന്നാൽ, ഒരു തീരുമാനം എടുത്തുകഴിഞ്ഞാൽ, പിന്നെ അത് ഒരിക്കലും മാറുകയില്ല. അതെനിക്ക്  നല്ലവണ്ണം അറിയാമായിരുന്നു. അങ്ങ് എനിക്ക് ഒരു കാര്യം നിരോധിച്ചാൽ, പിന്നെ ഒരു അടിപോലും ആ വഴിക്കു മുമ്പോട്ടു വയ്ക്കാൻ എനിക്ക് നിവൃത്തിയില്ലായിരുന്നു. ഞാൻ അത് ആഗ്രഹിക്കുക പോലുമില്ലായിരുന്നു. അപ്പച്ചൻപോലും പലപ്പോഴും അങ്ങയുടെ തീരുമാനത്തിന് വിധേയനാകാൻ നിർബന്ധിതനായിട്ടുണ്ട്. പൗളിൻ ചേച്ചിയുടെ അനുമതി കൂടാതെ ഞാൻ നടക്കാൻ പോയിരുന്നില്ല. അപ്പച്ചൻ വരാൻ പറഞ്ഞാലും ഞാൻ പറയും, ‘പൗളിൻ ചേച്ചിക്കിഷ്ടമില്ല! എന്ന്. അപ്പച്ചൻ എനിക്കുവേണ്ടി മാദ്ധ്യസ്ഥൈം അപേക്ഷിക്കും. അദ്ദേഹത്തെ തൃപ്തിപ്പെടുത്താൻ ചിലപ്പോൾ പൗളിൻ ചേച്ചി സമ്മതം മൂളും. എങ്കിലും  അത്ര നല്ല മനസ്സോടെ അല്ലെന്നു കൊച്ചുറാണിക്ക് വ്യക്തമായിരിക്കും. അവൾ കരയാൻ തുടങ്ങും. എന്തെല്ലാം പറഞ്ഞാലും അടങ്ങുകയില്ല. ഒടുവിൽ പൗളിൻ ചേച്ചി തന്നെ വന്നു കെട്ടിപ്പിടിച്ചു, പൂർണ്ണമനസ്സോടെ അനുമതി നൽകും.

കൊച്ചുത്രേസ്യയ്ക്കു സുഖക്കേടായിരുന്നപ്പോൾ മഞ്ഞുകാലങ്ങളില്ലെല്ലാം അത് പതിവായിരുന്നു. എത്ര മാതൃമസൃണമായ പരിചരണമാണ് അവൾക്കു ലഭിച്ചിരുന്നതെന്നു വിവരിക്കുക സാധ്യമല്ല. ചേച്ചി അവളെ സ്വന്തം കിടക്കയിൽ കിടത്തും (അത് അസാധാരണ ആനുകൂല്യം തന്നെയായിരുന്നു). പിന്നെ, അവൾക്കു വേണ്ടതെല്ലാം കൊടുക്കുകയായി. ഒരു ദിവസം കട്ടിൽപ്പടിയുടെ കീഴെ നിന്ന് ചേച്ചിയുടെ സ്വന്തമായിരുന്ന നല്ല തിളങ്ങുന്ന ഒരു കുഞ്ഞു പേനാക്കത്തിയെടുത്ത് കുഞ്ഞുമോൾക്കു കൊടുത്ത് അവളെ അത്യധികം സന്തോഷിപ്പിച്ചു. അപ്പോളുണ്ടായ ആനന്ദാനുഭൂതി അവർണ്ണനീയം തന്നെ. സന്തോഷംകൊണ്ട് മതിമറന്നു അവൾ ഇപ്രകാരം  ഉദ്‌ഘോഷിച്ചു. ഹാ! പൗളിൻചേച്ചി, അങ്ങ് എന്നെ എത്രമാത്രം സ്നേഹിക്കുന്നു! അതുകൊണ്ടല്ലേ ചേച്ചിയുടെ ആ സുന്ദരമായ കുഞ്ഞുകത്തി, മുത്തുച്ചിപ്പികൊണ്ടുള്ള നക്ഷത്രം പതിച്ച ആ കുഞ്ഞുകത്തി എനിക്കുവേണ്ടി ചേച്ചി ഉപേക്ഷിക്കുന്നത്? എന്നോട്  ഇത്രമാത്രം സ്നേഹമുള്ളസ്ഥിതിക്ക്‌, ഞാൻ മരിക്കാതിരിക്കാൻ വേണ്ടി ചേച്ചിയുടെ വാച്ചുകൂടി ബലികഴിക്കാൻ ചേച്ചി തയ്യാറുണ്ടോ? “നീ മരിക്കാതിരിക്കാൻ വേണ്ടി മാത്രമല്ല, നീ വേഗം സുഖപ്പെട്ടു കാണാൻപോലും എന്റെ വാച്ചു തരാനും ഉടൻ തന്നെ ആ ത്യാഗം അനുഷ്ഠിക്കാനും ഞാൻ തയ്യാറാണല്ലോ.” പൗളിൻ ചേച്ചിയുടെ ഈ വാക്കുകൾ കേട്ടപ്പോൾ എനിക്കുണ്ടായ വിസ്മയവും കൃതജ്ഞതയും പ്രകാശിപ്പിക്കാൻ ഞാൻ അശക്തയാണ്.

ഗ്രീഷ്മകാലത്തു എനിക്ക് ചിലപ്പോഴൊക്കെ ചങ്കുവേദന തോന്നിയിരുന്നു. അപ്പോഴും പൗളിൻ ചേച്ചി എന്നെ വാത്സല്യപൂർവ്വം പരിചരിച്ചിരുന്നു. എന്നെ രസിപ്പിക്കുന്നതിനുവേണ്ടി- അതായിരുന്നു ഏറ്റവും ഉത്തമചികിത്സ- ചേച്ചി എന്നെ ഉന്തുവണ്ടിയിലിരുത്തി  തോട്ടത്തിന്‌ ചുറ്റും സവാരി പോകും. പിന്നെ, എന്നെ ഇറക്കിയിട്ടു എന്റെ സ്ഥാനത്ത് ഒരു ചുവടു കുഞ്ഞു ഡെയ്‌സിച്ചെടി പറിച്ചുവച്ചു വളരെ സൂക്ഷ്മതയോടെ ഉന്തി എന്റെ തോട്ടത്തിൽ കൊണ്ടുവരും. അവിടെ, നല്ല അന്തസ്സുള്ള ഒരു  സ്ഥാനം  അത് അലങ്കരിക്കുകയും ചെയ്യും.

 എന്റെ അന്തരംഗത്തിൽ പരമരഹസ്യങ്ങൾ ഗ്രഹിക്കുകയും സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്തിരുന്നത് പൗളിൻചേച്ചിയാണ്. നല്ല ദൈവം എന്തുകൊണ്ട് സ്വർഗ്ഗവാസികളെല്ലാവർക്കും ഒരുപോലെ മഹിമ നൽകാത്തത്  എന്ന ചിന്ത ഒരിക്കൽ ഗണ്യമായി വിസ്മയിപ്പിച്ചു. എല്ലാവരും സംതൃപ്തരല്ലെന്നതായിരുന്നു എന്റെ ആശങ്ക. ചേച്ചി എന്നോട് പറഞ്ഞു: അപ്പച്ചന്റെ ചെറുതും വലുതുമായ ഗ്ലാസ്സ് കപ്പുകൾ എടുത്തുകൊണ്ടു വന്നു വെള്ളം നിറയ്ക്കാൻ. നിറഞ്ഞു കഴിഞ്ഞപ്പോൾ അവയിൽ ഏതാണ് കൂടുതൽ നിറഞ്ഞിരിക്കുന്നത് എന്ന് ചേച്ചി എന്നോട് ചോദിച്ചു. രണ്ടും ഒരുപോലെ നിറഞ്ഞിരിക്കുന്നുവെന്നും കൂടുതൽ വെള്ളം ഒഴിക്കാൻ നിവൃത്തിയില്ലെന്നും ഞാൻ മറുപടി പറഞ്ഞു. എന്റെ പ്രിയപ്പെട്ട അമ്മ അങ്ങനെ എന്നെ ഗ്രഹിപ്പിച്ചു, നല്ല ദൈവം തന്റെ തെരഞ്ഞെടുക്കപ്പെട്ടവർക്കു പ്രാപിക്കാവുന്നിടത്തോളം മഹത്വം സ്വർഗ്ഗത്തിൽ നൽകുന്നുണ്ടെന്നും തന്നിമിത്തം ഒടുവിലത്തെ ആളിന് ഒന്നാമനെക്കുറിച്ച് യാതൊരു പേടിയുമില്ലെന്നും  സമ്മതിക്കേണ്ടി വരും.

Share This Article
error: Content is protected !!