ഒരിക്കൽ മദർ പ്രാർത്ഥനാമുറിയിൽ മറ്റു സഹോദരിമാരോടൊപ്പം പ്രാർത്ഥിക്കുകയായിരുന്നു. കണ്ണുകളടച്ചു പ്രാർത്ഥനയിൽ മുഴുകിയിരുന്ന മദറിന് ഒരു ദർശനമോ സ്വപ്നമോ ഉണ്ടായി. അതാ കൽക്കട്ടയിലെ തെരുവുകളും ചേരികളും അമ്മയുടെ മുമ്പിൽ. തെരുവിലെ അഴുക്കുചാലിൽ ചെളിപുരണ്ടു കൈകാലിട്ടടിക്കുന്ന ഉണ്ണിയീശോ. അമ്മ ഓടിച്ചെന്ന് ഉണ്ണീശോയെ വാരിയെടുത്തു. പെട്ടെന്ന് ഉണ്ണിയീശോ അമ്മയുടെ കരങ്ങളിൽനിന്ന് അപ്രത്യക്ഷനായി. കുഞ്ഞുങ്ങൾ ഏങ്ങിക്കരയുന്ന സ്വരം അമ്മ തുടർന്നും കേൾക്കുന്നു. അമ്മേ, അമ്മേ എന്ന് ദയനീയമായി കരയുന്ന കുഞ്ഞുങ്ങളുടെ സ്വരം അമ്മയെ അസ്വസ്ഥയാക്കി.
തുടർന്നു പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ ഓടകളിൽ വലിച്ചെറിയപ്പെടുന്ന നിഷ്‌ക്കളങ്കരായ കുഞ്ഞുങ്ങളുടെ മുഖം വീണ്ടും ആ മാതൃമനസ്സിൽ തെളിഞ്ഞുവന്നുകൊണ്ടിരുന്നു. അപ്പോൾ ആരോ മന്ത്രിക്കുന്നതുപോലെ, ”നിനക്ക് അമ്മയാകാനായില്ലെങ്കിലും അമ്മിഞ്ഞ നൽകാനായില്ലെങ്കിലും മാതൃവാത്സല്യത്തിന്റെ അമൃത് ഹൃദയം നിറയെ ആ കുഞ്ഞുങ്ങൾക്കു നൽകാൻ നിനക്ക് കഴിയില്ലേ? ഓടകളിലേയ്ക്ക് തള്ളപ്പെടുന്ന നിന്റെ ദൈവത്തിന്റെ മുഖം നിന്നെ അസ്വസ്ഥയാക്കുന്നില്ലേ? നീ എഴുന്നേൽക്കുക. കുഞ്ഞുങ്ങൾക്കായി ഒരു ഭവനം തീർക്കുക. കുപ്പകളിൽ ഉപേക്ഷിക്കപ്പെടുന്ന മുത്തുകളെ നീ അമൂല്യരത്‌നങ്ങളായി കരുതുക. കുഞ്ഞുങ്ങളുടെ പുഞ്ചിരി സ്‌നേഹത്തിന്റെ സംഗീതമാണ്. കരയുന്നവരെ ചിരിപ്പിക്കാൻ ദൈവം നിന്നെ പണിതുയർത്തുന്നു”.
അനാഥരാക്കപ്പെടുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഭവനം വേണമെന്ന തീരുമാനത്തോടെയാണ് മദർ പ്രാർത്ഥനാമുറിയിൽ നിന്നു പുറത്തിറങ്ങിയത്. ദൈവത്തിന് അസാദ്ധ്യമായി ഒന്നുമില്ലല്ലോ. ശിശുക്കൾക്കു വേണ്ടി ഒരു ഭവനം അമ്മയ്ക്കു അവിടുന്നു നൽകി. 1955 സെപ്റ്റംബർ 23ന് ഉപവിയുടെ സഹോദരിമാരുടെ മാതൃഭവനത്തിനടുത്ത് പ്രസ്തുത സ്ഥാപനം രൂപംകൊണ്ടു.
പറുദീസ ആയിട്ടാണ് അമ്മയ്ക്ക് ശിശുഭവനം അനുഭവപ്പെട്ടത്. മഞ്ഞിന്റെ നൈർമ്മല്യമുള്ള മക്കൾ! അവരുടെ നിഷ്‌കളങ്കമായ പുഞ്ചിരി അമ്മയ്ക്കു സ്വർഗ്ഗീയാനുഭൂതി ആയിരുന്നു. അവരുടെ ഓമനത്വം തുളുമ്പുന്ന മുഖത്ത് ഉണ്ണിയീശോയുടെ മുഖമാണ് അമ്മ കണ്ടത്. അവരെ താലോലിക്കാൻ അമ്മ ഏറെ സമയം കണ്ടെത്തി. അമ്മ പറയുന്നു: ”ശിശുഭവനത്തിലെ കുഞ്ഞുങ്ങളെ കാണുമ്പോൾ അറിയാതെ മനസ്സു നിറയും. അമ്മമാർ ഇല്ലല്ലോ എന്ന സങ്കടം അവശേഷിക്കുമ്പോഴും അമ്മയുടെ മാറിന്റെ ചൂടുപകരാൻ ഞങ്ങളെ തെരഞ്ഞെടുത്ത നല്ല ദൈവത്തിനു നന്ദിപറയും”.
മരിക്കാൻ പോകുന്ന കുഞ്ഞിനെ പ്രത്യേകം ശ്രദ്ധിക്കണമെന്നത് മദറിന്റെ വലിയ ആഗ്രഹമായിരുന്നു. സ്‌നേഹം സമൃദ്ധമായി ലഭിക്കാതെ ഒരു കുഞ്ഞുപോലും മരിക്കരുത്. ഏതെങ്കിലും കുഞ്ഞുമരിക്കുമെന്നുറപ്പായാൽ ആ കുഞ്ഞിനെ ഏറ്റവും മൃദുലമായ പട്ടിൽപൊതിഞ്ഞ് ഒരു സിസ്റ്ററിനെ ഏൽപിക്കും. ആ കുഞ്ഞു മരിക്കുന്നതുവരെ ആ സഹോദരിയുടെ മാറിലെ ചൂടും സ്‌നേഹവും നുകർന്ന് ഏറ്റം സന്തോഷത്തോടെ ദൈവകരങ്ങളിലേയ്ക്കു യാത്രയാകും.
കുപ്പത്തൊട്ടിയിലും ഓടകളിലും തുണിക്കെട്ടിലുമൊക്കെ ഉപേക്ഷിക്കപ്പെട്ടുപോയ കുഞ്ഞുങ്ങൾ ശിശുഭവനത്തിലെത്തുന്നു. പലരും കുഞ്ഞുങ്ങളെ കണ്ടുകിട്ടുമ്പോൾ ശിശുഭവനിലറിയിക്കും. ചിലർ ശിശുഭവന്റെ വാതിലുകളിൽ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചിട്ടു പോകും. ചിലരുടെ കുഞ്ഞുങ്ങളേയും രക്ഷിക്കാൻ തങ്ങൾക്കു കഴിഞ്ഞിട്ടുണ്ടെന്നും മദർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. രണ്ട് ആത്മാക്കളെ രക്ഷിച്ചതിന്റെ സന്തോഷവും സംതൃപ്തിയുമാണു മദറിനും സഹോദരിമാർക്കും അങ്ങനെയുള്ള സന്ദർഭനങ്ങളിൽ ഉണ്ടാകുക.
ഹൃദയസ്പർശിയായ ഒരു സംഭവം മദർ വിവരിക്കുന്നത് ഇപ്രകാരമാണ്. ഒരു ദിവസം കൽക്കട്ടയിലെ തിരുഹൃദയ ദൈവാലയത്തിൽ ദിവ്യബലി കഴിഞ്ഞ സമയം. ജനമെല്ലാം പിരിഞ്ഞു കഴിഞ്ഞിരുന്നു. സങ്കീർത്തിയിൽ വിശുദ്ധവസ്തുക്കൾ ഒരുക്കിവച്ചുകൊണ്ടിരുന്ന അൾത്താര ശുശ്രൂഷി അൾത്താരയിൽ എവിടെയോ, ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിച്ചെന്നു. സക്രാരിയുടെ മുമ്പിൽത്തന്നെയാണു കുഞ്ഞുപിടഞ്ഞു കരയുന്നത്. അയാൾ ആ കുഞ്ഞിനെ എടുത്തു കുറച്ചു പാൽ വാങ്ങിക്കൊടുത്തു. പാൽ കുടിച്ചു കുഞ്ഞു സുഖമായി ഉറങ്ങി. ഉടനടി അയാൾ പോലീസിനെ വിവരമറിയിച്ചു. പോലീസ് ആ കുഞ്ഞിനെ ശിശുഭവനിൽ ഏൽപിച്ചു.
ശിശുഭവനിലെ വാത്സല്യവും സ്‌നേഹവും അവനെ വളർത്തി മിടുക്കനാക്കി. കോമളനായ ആ കുഞ്ഞിനെ ഒരു കത്തോലിക്കാകുടുംബം ദത്തെടുത്തു. ഇന്നവൻ സുഖമായി കഴിയുന്നു. ഇങ്ങനെ അനേകായിരം കുഞ്ഞുങ്ങൾ ശിശുഭവനത്തിൽ നിന്നു ദത്തെടുക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള ധാരാളം പേർ ദത്തെടുക്കാനായി കൊതിയോടെ എത്തുന്നു. ദത്തെടുക്കപ്പെടാതെ പോകുന്ന കുഞ്ഞുങ്ങൾക്കായി സ്‌പോൺസർമാരെ കണ്ടെത്തും. ആയിരക്കണക്കിനു കുഞ്ഞുങ്ങൾ സ്‌പോൺസർമാരുടെ ചെലവിൽ എം.സി. സഹോദരന്മാരുടെ ബാലഭവനങ്ങളിൽ പഠിക്കുന്നുണ്ട്.
ശിശുഭവനത്തിലെ ഓരോ കുഞ്ഞിനും കരളലിയിക്കുന്ന കദനകഥകൾ പറയാനുണ്ടാകും. ഇവർക്കെന്തു സംഭവിക്കുന്നെന്ന് അമ്മയുടെ വാക്കുകളിൽത്തന്നെ നമുക്കു കേൾക്കാം. ”ഓരോ കുഞ്ഞിനെയും ദൈവസ്‌നേഹത്തിന്റെ ആട്ടുതൊട്ടിലിൽ കിടത്തി വാത്സല്യത്തിന്റെ താരാട്ടുപാടി സമൂഹത്തിന്റെ മുമ്പിൽ വിലയുള്ള മനുഷരാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. അവരുടെ കണ്ണീരിന്റെ കഥകൾ വിജയത്തിന്റെ മന്ത്രങ്ങളാക്കിത്തീർക്കാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു”.
ദൈവപരിപാലനയുടെ അത്ഭുതങ്ങൾ പലപ്പോഴും ശിശുഭവനിൽ നടന്നിട്ടുണ്ട്. കൽക്കായിലെ ശിശുഭവനിൽ ഒരിക്കൽ കുഞ്ഞുങ്ങൾക്കു കൊടുക്കാൻ പാലില്ലാതെ വന്നു. അമ്മിഞ്ഞ നിഷേധിക്കപ്പെട്ട കുഞ്ഞുങ്ങൾക്കു പശുവിന്റെ പാലുപോലും കൊടുക്കാൻ കഴിയില്ലല്ലോ എന്നോർത്ത് അമ്മയുടെ മനസ്സു നീറി. കരയുന്ന കുഞ്ഞുങ്ങൾക്കു മുമ്പിൽ താരാട്ടുപാട്ടുമായി അമ്മയുടെ സഹോദരിമാർ നടന്നു. താരാട്ടിനു കുഞ്ഞുങ്ങളുടെ വിശപ്പടക്കാനാവില്ലല്ലോ. അമ്മ പറയുന്നു: ”ഞങ്ങളു മനസ്സിന്റെ സങ്കടം തമ്പുരാൻ കണ്ടു; അവിടുന്നു കാരുണ്യത്തോടെ പ്രവർത്തിച്ചു”.
ഒരു ഹൈന്ദവ സഹോദരന്റെ മഹാമനസ്‌കതയിലൂടെയാണു മഹോന്നതൻ പ്രവർത്തിച്ചത്. ധാരാളം പാൽ സ്റ്റോക്കുണ്ടായിരുന്ന ആ സഹോദരന്റെ മനസ്സിൽ ശക്തമായ ഒരു സ്വരം അയാൾ കേട്ടു. ഉള്ള പാൽ മുഴുവനുമെടുത്ത് ശിശുഭവനിലെ മദർ തെരേസായ്ക്കു നൽകുക. ഒട്ടുംമടിക്കാതെ ആ മകൻ അമ്മയെ പാലുമായി സമീപിച്ചു. നല്ല മനസ്സോടെ പാൽ കൊടുത്തു. എന്നിട്ട് അയാൾ പറഞ്ഞു: ”ഇപ്പോഴാണു മനസ്സു സ്വസ്ഥമായത്. പാൽ വേഗം മദർ തെരേസയ്ക്കു കൊടുക്കുക എന്ന സ്വരം ഇത്രയും നേരം എന്നെ പിന്തുടരുകയായിരുന്നു”. അമ്മ സന്തോഷത്തോടെ ആ പാൽ സ്വീകരിച്ചു. അത് അളന്നു നോക്കിയപ്പോൾ വീണ്ടും അത്ഭുതം. കൃത്യം കുഞ്ഞുങ്ങൾക്കു വേണ്ട പാൽ.
അമ്മ പറയുന്നു: ”ഒരു അല്ലലും വരുത്താതെ അനുഗ്രഹിക്കുന്ന കർത്താവിന്റെ കാരുണ്യമോർത്താൽ എത്ര നന്ദി പറഞ്ഞാലും തീരുകയില്ല”. മറ്റൊരു ദിവസം ഡൽഹിയിലെ ശിശുഭവനിൽ കറിവയ്ക്കാൻ ഒന്നുമില്ലായിരുന്നു. കറിയില്ലാതെ കുഞ്ഞുങ്ങൾക്കു ചോറു കൊടുക്കണമല്ലോ എന്നോർത്തപ്പോൾ സഹോദരിമാർക്കു വലിയ സങ്കടം തോന്നി. അവരുടെ സങ്കടം കർത്താവു കണ്ടറിഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ അപ്രതീക്ഷിതമായി ഒരു കാർ ശിശുഭവനത്തിന്റെ മുമ്പിൽ വന്നു നിന്നു. പ്രധാനമന്ത്രി ഇന്ദിരാജിയുടെ വീട്ടിൽനിന്നുള്ള കാർ കണ്ടപ്പോൾ സഹോദരിമാർ അത്ഭുതപ്പെട്ടു. കാറിന്റെ ഡോർ തുറന്നിറങ്ങിയത് വിവിധതരം പച്ചക്കറികളായിരുന്നു. സോണിയാഗാന്ധി കുഞ്ഞുങ്ങൾക്കായി കൊടുത്തുവിട്ട പച്ചക്കറികളായിരുന്നു അവ.
കുഞ്ഞുങ്ങളുടെ ആവശ്യങ്ങളൊന്നുപോലും നിരസിക്കാത്ത നല്ല ദൈവത്തിന്റെ അനന്തമായ സ്‌നേഹം അമ്മ കൂടുതൽ അനുഭവിച്ചറിയുകയായിരുന്നു. ശിശുഭവനിലെ കുഞ്ഞുങ്ങൾ അമ്മയെ ഒരു സത്യം പഠിപ്പിച്ചു. ഉദരത്തിൽ സംവഹിച്ചു കുഞ്ഞുങ്ങൾക്കു ജന്മം കൊടുത്തില്ലെങ്കിലും അവരെ മുലയൂട്ടി പൈദാഹങ്ങൾ ശമിപ്പിച്ചില്ലെങ്കിലും അലിവും ആർദ്രതയുമാകുന്ന നിരവധി നന്മകളെ കൈകളിലും മാറിലും തോളിലും ഹൃദയത്തിലും അടുക്കിപ്പിടിച്ച് അനുനിമിഷം ജീവിക്കണമെന്ന് അവർ അമ്മയെ പഠിപ്പിച്ചു. കുഞ്ഞുങ്ങളുടെ ഓരോ പുഞ്ചിരിയും ഈ സത്യം അമ്മയ്ക്കു കൂടുതൽ കൂടുതൽ വ്യക്തമാക്കിക്കൊടുത്തുകൊണ്ടിരുന്നു. ഉണ്ണീശോയുടെ മുഖം ഓരോ കുഞ്ഞിലും മിന്നുമ്പോൾ അമ്മയുടെ ഹൃദയത്തിൽ അവിടുത്തെ സ്‌നേഹം നിറയുന്നുണ്ടായിരുന്നു.