പുണ്യാഭിവൃദ്ധിയും പ്രാര്ഥനയിലുള്ള വളർച്ചയും അഭേദ്യമാവിധം ബന്ധപെട്ടു നിൽക്കുന്നു. ഈശോ നമ്മുടെ ഹൃദയഭാവം കാണുന്നു. ഒരുവന്റെ സ്വരമാധുരിയിലായിരിക്കില്ല ഈശോ പ്രസാദിക്കുക. അവിടുത്തേക്ക് വേണ്ടത് നമ്മുടെ ഹൃദയമാണ്. വി. മരിയ വിയാനി, കൃഷിക്കാരനായ ദോയിശാ ഫാൻഗോയെ കുറിച്ച ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: “കൃഷിയിടത്തിൽ പോകും മുമ്പ് പ്രാർത്ഥിക്കാനായി പള്ളിയിൽ കയറിയ അയാൾ ധ്യാനനിർലീനനായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു സമയം പോയതറിഞ്ഞില്ല. കൂട്ടുകൃഷിക്കാർ അയാളെ അന്വേഷിച്ചുവന്നു അപ്പോൾ “നല്ലവനായ ദൈവത്തെ ഞൻ നോക്കിയിരുന്നു, അവിടുന്ന് എന്നെയും.”ആത്മാവും ദൈവവും പരസ്പരം കണ്ടുമുട്ടുന്ന വേളയാണ് പ്രാർത്ഥനയുടെ സമയം.
ദീർഘവും വാചാലവും ആയ പ്രാർത്ഥനയാണ് പുണ്ണ്യമെന്നു പലരും കരുതാറുണ്ട്. എന്നാൽ വിയാനി പുണ്യവാൻ പറയുന്നു: “പ്രിയാമക്കളെ, നീളം കൂടിയതോ ആർഭാടമേറിയതോ ആയ പ്രാര്ഥനയ്ക്കല്ല പിന്നെയോ, ഹൃദയത്തിന്റെ ഉള്ളറകളിൽ നിന്ന് പുറപ്പെടുന്ന പ്രാര്ഥനയ്ക്കാണ് ദൈവം കൂടുതൽ വിലകല്പിക്കുന്നത്. നല്ലദൈവത്തോട് പ്രാർത്ഥിക്കുക എന്നതിനേക്കാൾ സുഗമവും സന്തോഷപ്രദവുമായി എന്താണുള്ളത്? മക്കളെ, ഉയരത്തിലേക്കു പറക്കാൻ കഴിവില്ലാത്ത കോഴിയെ പോലെയാണ് പ്രാര്ഥനയില്ലാത്തവൻ. പ്രാര്ഥനയില്ലാതെ പുണ്യത്തിൽ വളരാൻ ആർക്കും കഴിയില്ല.