സകല മനുഷ്യരെയും തന്റെ ഓമന മക്കളായി സ്വർഗത്തിന് അവകാശികളാക്കണമെന്നാണ് ദൈവത്തിന്റെ അപ്രതിഹതമായ ആഗ്രഹം. ഇതിനു അവിടുന്ന് സകലരെയും സസ്നേഹം ക്ഷണിക്കുന്നു. ഈ ആഹ്വനം എല്ലാവരിലേക്കും എത്തിക്കുവാൻ ലോകരക്ഷകനും ഏക രക്ഷകനുമായ സാക്ഷാൽ ദൈവപുത്രൻ ക്രിസ്തു, താൻ തെരെഞ്ഞെടുത്തു പരിശീലിപ്പിച്ച തന്റെ പ്രിയ ശിഷ്യരെ ലോകമെമ്പാടും അയച്ചു. സുവിശേഷ പ്രഘോഷണത്തിനുള്ള സർവ അഭിഷേകങ്ങളും അധികാരങ്ങളും നൽകിയാണ് അവിടുന്ന് അവരെ അയച്ചത്. “നിങ്ങൾ ലോകമെങ്ങും പോയി സർവ ജനതകളെയും ശിഷ്യപെടുത്തുവിൻ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവർക്കു മാമ്മോദീസ (രക്ഷയ്ക്ക് അത്യന്താപേക്ഷിതമായ കൂദാശ) നൽകുവിൻ. ഞാൻ നിങ്ങളോടു കല്പിച്ചവയെല്ലാം അവരെ പഠിപ്പിക്കുവിൻ. (വിശ്വസിക്കുന്നവർക്കെല്ലാം അവിടുന്ന് നിത്യരക്ഷ നൽകും.) ഇതാ യുഗാന്ത്യം വരെ ഞാൻ നിങ്ങളോടു കൂടെയുണ്ടായിരിക്കും” (മത്താ. 28:18-20).
പന്തക്കുസ്ത ദിനത്തിൽ പരിശുദ്ധാത്മാവിന്റെ അതിശക്തമായ അഭിഷേകം സ്വീകരിച്ചതിനു ശേഷം ക്രിസ്തുശിഷ്യർ ലോകമെങ്ങും പോയി നിത്യരക്ഷയെ കുറിച്ചും അതിനുള്ള മാർഗത്തെക്കുറിച്ചും, നിർഭയം പ്രസംഗിച്ചു. ഈശോ തന്റെ പരിശുദ്ധാത്മാവിലൂടെ അവരോടു കൂടെ പ്രവർത്തിച്ചു. അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും അവരുടെ പ്രസംഗത്തോട് ഒത്തുള്ള അടയാളങ്ങളിലൂടെ തങ്ങളുടെ സന്ദേശത്തെ സ്ഥിരീകരിക്കുകയും ചെയ്തു.