ഈശോയുടെ ജ്ഞാനസ്നാനാനന്തരം തൻ്റെ മേൽ ഇറങ്ങി വന്ന പരിശുദ്ധാത്മാവു തന്നെ അവിടുത്തെ മരുഭൂമിയിലേക്കു നയിക്കുന്നു. സാത്താനുമായി ഏറ്റുമുട്ടി അവനെ തോൽപ്പിച്ചു, വിജയശ്രീലാളി തനായി, തൻ്റെ പരസ്യ ജീവിതം ആരംഭിക്കുന്ന തിനുള്ള വേദിയൊരുക്കുകയാണ് ലക്ഷ്യം. അതിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് മരുഭൂമി. സാത്താൻ അലഞ്ഞു നടക്കുന്ന ഇടമാണത്. (മത്തായി.12:43) സാത്താനെ പരാജയപ്പെടുത്തു കയാണ് ഈശോയുടെ ദൗത്യം.
സാത്താൻ ഈശോയെ തൻ്റെ ദൗത്യനിർവ്വഹണത്തിൽ നിന്നു വ്യതിചലിപ്പിക്കാൻ ശ്രമിച്ചില്ലെങ്കീലേ അത്ഭുതമുള്ളു. പ്രലോഭനങ്ങൾ കൊണ്ട് നമ്മെ ദൈവഹിതം നിറവേറ്റുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ എപ്പോഴും അവൻ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഈശോ തൻ്റെ ദൗത്യം ആരംഭിക്കുന്നതിനു മുമ്പു നാല്പ്പതു ദിനരാത്രങ്ങൾ ഉപവസിച്ചു കൊണ്ടു നിരന്തരം പിതാവിനോടൊപ്പമായിരുന്നു. അതുകൊണ്ടു തന്നെ സാത്താൻറെ ത്രിവിധ പ്രലോഭനങ്ങളിലും വിജയിക്കാൻ അവിടുത്തേക്കു സാധിച്ചു.
വിശന്നു വലഞ്ഞിരിക്കുന്ന ഈശോയോട് കല്ലുകൾ അപ്പമാക്കാൻ പറയുമ്പോൾ, പിതൃഹിതത്തിനു വിരുദ്ധമായി പ്രവർത്തിപ്പിക്കുക എന്നതാണു പ്രലോഭകൻറെ ലക്ഷ്യം. അപ്പോൾ അത്ഭുതം പ്രവർത്തിക്കുന്നതു വഴി കുരിശിൻറെ പാതയിൽ നിന്നും വഴുതിമാറിയെങ്കിൽ താൻ വിജയിക്കുമല്ലോ എന്നു സാത്താൻ കരുതുന്നു. പിശാചിൻറെ വാദമുഖം ഈശോ ബന്ധിക്കുന്നതു നിയ.8:3 ൻറെ രണ്ടാം ഭാഗം ഉദ്ധരിച്ചുകൊണ്ടാണ് .” അപ്പം കൊണ്ടു മാത്രമല്ല, കർത്താവിൻറെ നാവിൽ നിന്നും പുറപ്പെടുന്ന ഓരോ വചനം കൊണ്ടുമാണ് മനുഷ്യൻ ജീവിക്കുന്നത്”
രണ്ടാമത്തെ പ്രലോഭനത്തിൽ പരീക്ഷണ രംഗം ദൈവാലയത്തിലേക്കു മാറ്റുന്നു. ദൈവത്തിൽ വിശ്വസിക്കുന്നവന് അവിടുന്നിൽ കിട്ടുന്ന സംരക്ഷ
ണമാണ് സാത്താൻ ഊന്നിപറയുക. സങ്കീർ.91:11 ,12 തിരു വാക്യങ്ങളാണ് പിശാച് ഉദ്ധരിക്കുന്നത്. ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്തുയരുന്ന ഒരു രക്ഷകനാകുക – അതാണു നിർദേശം. കാൽവരിയിലും ഇതേ പ്രലോഭനം ഈശോ നേരിടുന്നുണ്ടല്ലോ. അവിടുത്തെ ജീവിതത്തിലുടനീളം ഉണ്ടായിരുന്ന പ്രലോഭനമാണിത്. നിയമാവർത്തനം ഉദ്ധരിച്ചു തന്നെ രണ്ടാമത്തെ പ്രലോഭനത്തെ തമ്പുരാൻ തട്ടിത്തെറിപ്പിച്ചു.”നിൻറെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത് ” (നിയ.6:16 ) . പിതാവിനോടു ചേർന്നു നിന്നു നമ്മുടെ നാഥൻ സാത്താനെ പരാജയപ്പെടുത്തി.
തൻ്റെ ദൗത്യത്തെക്കുറിച്ചു തെറ്റിദ്ധാരണ ഉളവാക്കുകയാണ് മൂന്നാമത്തെ പ്രലോഭനത്തിൻ്റെ ലക്ഷ്യം.ഏറെ ഉയർന്ന മലയിൽ, ലോകത്തിലെ എല്ലാ രാജ്യങ്ങളും അവയുടെ മഹത്ത്വവും ദൃശ്യമാക്കുന്നു. അവയെല്ലാം പ്രലോഭകൻ ഈശോയ്ക്കു വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഇഹത്തിൽ ഒരു സാമ്രാജ്യം കെട്ടിപ്പെടുക്കാനല്ല കർത്താവു വന്നത്. മാനവരാശിയെ മുഴുവൻ പിശാചിൻറെ ദാസ്യത്തിൽ നിന്നു രക്ഷിക്കുകയായിരുന്നു അവിടുത്തെ ലക്ഷ്യം. സഹനദാസനായി കുരിശിൽ ഇഞ്ചിഞ്ചായി മരിച്ചു ദൗത്യം പൂർത്തിയാക്കണ മെന്നായിരുന്നു പിതാവിൻ്റെ ഇഷ്ടം. “സാത്താനെ, നീ ദൂരെപ്പോകുക “, കല്പിച്ചു തമ്പുരാൻ. അവൻ പഞ്ചപുഷ്ടം മടങ്ങിപ്പോയി, ഈശോയിൽ പിതാവു സംപ്രീതനായി. ദൈവദൂതന്മാർ അടുത്തു വന്ന് അവിടുത്തെ ശുശ്രൂഷിച്ചു —- സ്വന്തം ആവശ്യത്തിനുവേണ്ടി ഈശോ ഒരു അത്ഭുതവും പ്രവർത്തിച്ചില്ല.