നമ്മോടുള്ള സ്നേഹത്താൽ നിരന്തരം എരിഞ്ഞുകൊണ്ടിരിക്കുകയാണ് ഈശോയുടെ തിരുഹൃദയം. മനുഷ്യകുലത്തോടുള്ള അവിടുത്തെ അദമ്യമായ, അനന്തമായ, ഇടതടവില്ലാത്ത സ്നേഹത്തെയാണ് ഈശോയുടെ മുറിവേറ്റ ഹൃദയം സൂചിപ്പിക്കുക. സ്വയം ദാനം ചെയുന്ന, വ്യവസ്ഥയില്ലാത്ത, നിത്യമായ സ്നേഹത്താൽ നമ്മെ സ്നേഹിക്കാൻ ഈശോയ്ക്ക് കഴിയുന്നത് തന്റെ തിരുഹൃദയത്തിലൂടെയാണ്. സ്നേഹമെന്ന വികാരത്തിന്റെ സാക്ഷാൽ മാപിനിയാണ് ഹൃദയം. ഒരു വ്യക്തിയിൽ പ്രഥമത സ്പന്ദിച്ചു തുടങ്ങുന്നതും അവസാനമായി നിശ്ചലമാകുന്നതും ഹൃദയം തന്നെ. അത് സ്നേഹത്തിന്റെ പ്രതീകവുമാണ്. ഈശോയ്ക്ക് നമ്മോടുള്ള തീവ്രമായ സ്നേഹത്തിന്റെ സാദൃശ്യമാണ് അവിടുത്തെ തിരുഹൃദയം.
മിക്ക ക്രിസ്തവരുടെയും മുഖമുദ്രയാണ് തിരുഹൃദയഭക്തി. ഈശോയുടെ ത്രിരുഹൃദയത്തിന്റെ രൂപം ഭവനത്തിന്റെ പരമപ്രധാനമായ ഭാഗത്തു പ്രതിഷ്ഠിച്ചു വച്ചിട്ടില്ലാത്ത ക്രൈസ്തവ ഭവനങ്ങൾ വിരളമാണ്. കുന്തത്താൽ കുത്തിതുറക്കപെട്ട ആ ഹൃദയം എല്ലാവരെയും ഉൾക്കൊള്ളാൻവേണ്ടി എന്നേക്കുമായി തുറന്നുതന്നെ ഇരിക്കുകയാണ്. അതിൽനിന്നു വാർന്നു വീണ അവസാനതുള്ളി രക്തത്തിലും വെള്ളത്തിലും സഭാപിതാക്കന്മാർ ദഹിക്കുന്നവർക്കു ജീവജാലവും കർത്താവിന്റെ വാഗ്ദാനത്തിന്റെ (പരിശുദ്ധാത്മാവ്) പൂർത്തീകരണവും ദർശിക്കുന്നു; ഒപ്പം കൃപയുടെ ഉറവിടവും.
ഈശോ വി. മാർഗരീത്ത മറിയത്തിനു പ്രത്യക്ഷപെട്ടു, തന്റെ തിരുഹൃദയത്തിന്റെ ദർശനങ്ങൾ അവൾക്കു നൽകിയത് ചരിത്ര വസ്തുതയാണ്. മാത്രമല്ല, തിരുഹൃദയ ഭക്തി പ്രചരിപ്പിക്കാൻ അവിടുന്ന് ആവശ്യപ്പെടുകയുമുണ്ടായി. അധ്വാനിക്കുന്നവരെയും ഭാരം ചുമക്കുന്നവരെയും ആശ്വസിപ്പിക്കാൻ വെമ്പൽ കൊള്ളുന്നതാണ് ഈശോയുടെ തിരുഹൃദയം. നിന്ദിതരുടെയും പീഡിതരുടെയും മേൽ അത് അനുകമ്പയും അതീവ സ്നേഹവും ചൊരിയുന്നു. ഈശോയുടെ മുറിവേൽക്കപെട്ട തിരുഹൃദയം മരണത്തോളം എത്തുന്ന തീവ്ര ദുഃഖത്തിൽ മുഴുകിയിരിക്കുകയാണ്. എങ്കിലും മനുഷ്യരോടുള്ള അനുപമമായ സ്നേഹത്തിൽ മുങ്ങിയിരിക്കുകയാണ് കനിവിന്റെ, കരുണയുടെ കടലായി ഈശോയുടെ തിരുഹൃദയം.
ലാസറിന്റെ കുഴിമാടത്തിൽ അവിടുന്ന് നെടുവീർപ്പെടുകയും കരയുകയും ചെയ്തു. കരണമെന്തെന്നോ? അവിടുത്തേക്ക് മനുഷ്യരെ അനന്തമായി സ്നേഹിക്കാൻ കഴിവുള്ള ഒരു മാനുഷിക ഹൃദയമുണ്ടായിരുന്നു; ഒപ്പം ദൈവിക ഹൃദയവും. ആ ഹൃദയത്തെ ആണ് നാം തിരുഹൃദയം എന്ന് വിളിക്കുന്നത്. അവിടുന്ന് മാത്രമാണ് തിരുഹൃദയമുള്ള ഒരു വ്യക്തി; എന്നും അങ്ങനെ ആയിരിക്കുകയും ചെയ്യും.