വാഗ്ദത്ത ഭൂമിയിലേക്ക് ദൈവജനത്തെ നയിക്കുന്നതിനോ അവിടെ കാലുകുത്തുന്നതിനുപോലുമോ ദൈവം മോശയെ അനുവദിച്ചില്ലല്ലോ. ദൂരെ നിന്ന് ദേശം നോക്കിക്കാണാൻ അദ്ദേഹത്തിന് സാധിച്ചുള്ളൂ. എന്നാൽ വാഗ്ദാനങ്ങളിൽ വിശ്വസ്തനായ ദൈവം വാഗ്ദത്ത ഭൂമി ഇസ്രായേൽ ജനത്തിന് നൽകുകതന്നെ ചെയ്തു. മോശയുടെ പിൻഗാമിയായി ദൈവം തിരഞ്ഞെടുത്തത് ജോഷ്വായെയാണ്. കനാൻ ദേശം കൈയടക്കുക, ഇസ്രായേൽ ഗോത്രങ്ങൾക്കു ഭാഗിച്ചു കൊടുക്കുക എന്നീ ശ്രമകരമായ രണ്ടു ദൗത്യങ്ങളാണ് ജോഷ്വാ നിർവഹിക്കേണ്ടിയിരുന്നത്. അവസരത്തിനൊത്തു ഉയർന്നു ധീരതയുടെ പര്യായമായി മാറി ജോഷ്വാ. ദൈവം എപ്പോഴും അവന്റെ കൂടെയുണ്ടായിരുന്നു.
ജോഷ്വായെ ഇസ്രയേലിന്റെ പുതിയ നായകനായി അവരോധിച്ചുകൊണ്ടു അഖിലേശൻ പറയുന്നത് ശ്രദ്ധിക്കുക.”നിന്റെ ആയുഷ്കാലത്തു ഒരിക്കലും ആർക്കും നിന്നെ പരാജയപെടുത്താനാവില്ല. ഞാൻ മോശയോട് കൂടെ എന്നപോലെ നിന്നോട് കൂടെയും ഉണ്ടായിരിക്കും. ഒരിക്കലും നിന്നെ ഞാൻ കൈവിടുകയില്ല. ശക്തനും ധീരനുമായിരിക്കുക. ഈ ജനത്തിന് നൽകുമെന്ന് ഇവരുടെ പിതാക്കന്മാരോടു ഞാൻ ചെയ്ത വാഗ്ദാനം ചെയ്തിരുന്ന ദേശം ഇവർക്ക് അവകാശമായി വീതിച്ചു കൊടുക്കേണ്ടത് നീയാണ്. എന്റെ ദാസനായ മോശ നൽകിയ എല്ലാ നിയമങ്ങളും അനുസരിക്കുകയും ശക്തനും ധീരനുമായിരിക്കുകയും ചെയുക.
പ്രസ്തുത നിയമങ്ങളിൽ നിന്ന് ഇടംവലം വ്യതിചലിക്കരുത്. നിന്റെ ഉദ്യമങ്ങളിലെല്ലാം നീ വിജയം വരിക്കും. ന്യായപ്രമാണ ഗ്രന്ഥം എപ്പോഴും നിന്റെ അധരങ്ങളിൽ ഉണ്ടായിരിക്കണം. അതിൽ എഴുതിയിരിക്കുന്നതെല്ലാം പാലിക്കാൻ നീ ശ്രദ്ധിക്കണം. അതിനെക്കുറിച്ച് രാവും പകലും നീ ധ്യാനിക്കണം. അപ്പോൾ നീ അഭിവൃദ്ധി പ്രാപിക്കുകയും.വിജയം വരിക്കുകയും ചെയ്യും… ഭയപെടുകയോ, പരിഭ്രമിക്കുകയോ അരുത്. നിന്റെ ദൈവമായ കർത്താവു നീ പോകുന്നിടത്തെല്ലാം നിന്നോട് കൂടെ ഉണ്ടായിരിക്കും.
ദൈവം പറഞ്ഞതനുസരിച്ചു ജോഷ്വാ ജനപ്രമാണികളോട് കല്പിച്ചു, നിങ്ങളുടെ ദൈവമായ കർത്താവു നിങ്ങള്ക്ക് അവകാശമായി നല്കാൻപോകുന്ന ദേശം കൈവശമാക്കാൻ മൂന്നു ദിവസത്തിനുള്ളിൽ നിങ്ങൾ ജോർദാൻ കടക്കണം… അവർ ജോഷ്വായോട് പറഞ്ഞു, നീ കല്പിക്കുന്നതെല്ലാം ഞങ്ങൾ ചെയ്യാം; അയക്കുന്നിടത്തേയ്ക്കെല്ലാം ഞങ്ങൾ പോകാം.മോശെ എന്നപോലെ ഞങ്ങൾ എല്ലാ കാര്യങ്ങളിലും നിന്നെയും അനുസരിക്കും… നീ ധീരനും ശക്തനുമായിരിക്കുക! (ജോഷ്വാ 1:5-11; 16,17)
ജോഷ്വാ നീതിമാനായിരുന്നു. പഴയനിയമത്തിലെ ഏറ്റം കറയറ്റ മനുഷ്യൻ! അവൻ എപ്പോഴും ദൈവത്തിന്റെ മാർഗത്തിൽ ചരിച്ചു. ദൈവം അവനെ സമൃദ്ധമായി അനുഗ്രഹിച്ചു. ആ നീതിമാൻ നമുക്ക് മാർഗ്ഗദീപമായിരിക്കട്ടെ! അവനു ദൈവം നൽകുന്ന നിർദേശങ്ങളെല്ലാം നമുക്കുള്ളവയാണ്. തിരുവചനത്തിലെ ഓരോ വാക്യവും ദൈവം എന്നോടും നിങ്ങളോടും പറയുന്നവയാണ്. അവ ഉൾക്കൊണ്ടു അവയ്ക്കനുസൃതം ജീവിക്കാൻ സർവശക്തൻ നമ്മെ സഹായിക്കട്ടെ!