ജറുസലേമിൽ താമസിച്ചിരുന്ന ഒരു ഭക്ത പുരോഹിതനായിരുന്നു ശിമയോൻ. ക്രിസ്തു ജനിക്കുന്നതിനു മുൻപ് താൻ മരിക്കുകയില്ലെന്നു പരിശുദ്ധാത്മാവ് അദ്ദേഹത്തിന് വെളിപ്പെടുത്തിയിരുന്നു. അതിനാൽ രക്ഷകന്റെ ജനനത്തെ പ്രതീക്ഷിച്ചും അതിനായി പ്രാർത്ഥിച്ചും കഴിയുകയായിരുന്നു ഹിലിലിന്റെ പുത്രനായ ശിമയോൻ. പരിശുദ്ധാത്മാവ് അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു.
ദൈവമാതാവിന്റെ ശുദ്ധീകരണത്തിന് മറിയവും ഔസേപ്പും ഉണ്ണിയെകൊണ്ട് ദേവാലയത്തിലെത്തിയപ്പോൾ ശെമയോനും ദേവാലയത്തിലെത്തി. ആ സമയത്തു അവിടെ എത്തിയതും ആ കുഞ്ഞാണ് വരാനിരിക്കുന്ന രക്ഷകനെന്നു ശിമയോൻ മനസ്സിലാക്കിയതും പരിശുദ്ധാത്മാവിന്റെ നിവേശനത്താലാണ്. അദ്ദേഹം ആ കുഞ്ഞിനെ കൈലെടുത്തുകൊണ്ടു ദൈവത്തെ ഇങ്ങനെ സ്തുതിച്ചു:
“കർത്താവെ, അങ്ങയുടെ തിരുവചനമനുസരിച്ചു അങ്ങേ ദാസനെ സമാധാനത്തോടെ ഇനി വിട്ടയയെക്കണമേ. എല്ലാ ജനങ്ങൾക്കുമായി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എന്റെ കണ്ടുകൊണ്ടുതന്നെ ഞാൻ കണ്ടുകഴിഞ്ഞു. അത് വിജാതീയർക്കു വെളിപ്പെടാനുള്ള പ്രകാശവും അങ്ങയുടെ ജനമായ ഇസ്രയേലിന്റെ മഹത്വവുമാണ്.”
ശിമയോൻ മറിയത്തോടു പറഞ്ഞു: “ഈ കുഞ്ഞു അനേകരുടെ എതിർപ്പിന് കാരണമാകും. നിന്റെ ഹൃദയത്തെ ഒരു വാൾ ഭേദിക്കും” (ലുക്കാ 2:25-35).