മാർച്ച് 17
അയർലണ്ടിന്റെ അപ്പസ്തോലനും ആർമ്മാജിലെ ആദ്യത്തെ ബിഷപ്പുമായ പാട്രിക് സ്കോട്ലാന്റിൽ ഒരു കെൽട്രോ റോമൻ കുടുംബത്തിൽ ജനിച്ചു. ടൂഴ്സിലെ വി. മാർട്ടിന്റെ സഹോദരപുത്രി കോഞ്ചേയാ ആയിരുന്നു ‘അമ്മ. പതിനാറു വയസ്സുള്ളപ്പോൾ കാട്ടുജാതിക്കാർ അവനെ അയർലണ്ടിൽ കൊണ്ടുപോയി അടിമയായി വിറ്റു. ആറുമാസം അങ്ങനെ അടിമയായി ആടുകളെ നോക്കി അർദ്ധപട്ടിണിയായി കഴിഞ്ഞു. തന്നിമിത്തം കൂടുതൽ ദൈവൈക്യത്തിൽ ചെലവഴിക്കാൻ അവനു സാധിച്ചു. അടിമത്തം കഴിഞ്ഞപ്പോൾ സ്വന്തം നാട്ടിലേക്കുള്ള കപ്പൽക്കാർ കപ്പൽക്കൂലി കൂടാതെ പാട്രിക്കിനെ കൊണ്ടുപോയി. കപ്പൽ ഇറങ്ങിയതിനുശേഷം സ്വഭാവനത്തിലെത്താൻ 29 ദിവസം വേണ്ടിവന്നു. പാട്രിക്കിന്റെ പ്രാർത്ഥന ദൈവം ശ്രവിക്കുകയും മാർഗ്ഗമധ്യേ പാട്രിക്കിനും കൂട്ടുകാർക്കും ഭക്ഷണം മുടങ്ങാതെ ലഭിക്കുകയും ചെയ്തു.
ആറുവർഷം കഴിഞ്ഞു പാട്രിക്ക് ഫ്രാൻസിലും ഇറ്റലിയിലും മറ്റും യാത്ര ചെയ്തു. ഫ്രഞ്ചുതീരത്തുള്ള ലെറീൻസിൽ അദ്ദേഹം കുറെ പഠിച്ചു ; ഓക്സർ എന്ന പ്രദേശത്തു 15 വർഷം ചെലവഴിച്ചു . നാല്പത്തിമൂന്നാമത്തെ വയസ്സിൽ അദ്ദേഹം മെത്രാനായി അഭിഷേചിക്കപ്പെട്ടു. ഒരു സ്വപ്നത്തിൽ ഐറിഷ് ബാലികാ ബാലന്മാർ തന്റെ നേർക്ക് കൈനീട്ടിയിരിക്കുന്നതായി അദ്ദേഹം കണ്ടു. അയർലണ്ടിൽ മിഷൻ വേല ചെയ്യാനുള്ള ഒരു ക്ഷണമായി പാട്രിക് അയർലണ്ടിന്റെ എല്ലാ മുക്കിലും മൂലയിലുമെത്തി അനേകരെ മാനസാന്തരപ്പെടുത്തി. ആവശ്യംപോലെ പുരോഹിതരെ നിയമിച്ചു. കന്യകകളെ ദൈവത്തിനു പ്രതിഷ്ഠിച്ചു. അങ്ങനെ ഐറിഷ് സഭ മുന്നേറിക്കൊണ്ടിരിക്കുമ്പോൾ നാമമാത്ര ക്രിസ്ത്യാനിയായിരുന്ന കൊറോട്ടിക്ക് രാജാവ് പല ക്രൈസ്തവരെയും വധിച്ചു; പലരെയും അടിമകളായി വിറ്റു. പാപിയും അജ്ഞനുമായ പാട്രിക് എന്ന് സ്വയം സംഭോധനചെയ്തുകൊണ്ട് കൊറോട്ടിനെഴുതിയ കത്ത് തന്റെ ആളുകളോട് അദ്ദേഹത്തിനുണ്ടായിരുന്ന ആർദ്രമായ സ്നേഹത്തെ സ്പഷ്ടമാക്കുന്ന ഒന്നായിരുന്നു.
433 –ൽ ഉയിർപ്പു ഞായറാഴ്ച ഷാംറോക്ക് മരത്തിന്റെ ത്രിദളപത്രം ഉപയോഗിച്ച് പരിശുദ്ധ ത്രിത്വത്തെപ്പറ്റി പ്രസംഗിക്കുകയും രാജസഹോദരൻ കേണൽ മനസാന്തരപ്പെടുകയും ചെയ്തു. അതോടെ അയർലണ്ടിന്റെ മാനസാന്തരം ത്വരിതപ്പെട്ടു. ദ്രൂയിഡ്സ് എന്ന് പറയുന്ന ഒരു കൂട്ടർ അദ്ദേഹത്തെയും അനുയായികളെയും ജയിലിലടയ്ക്കുകയും വധിക്കാനുദ്യമിക്കുകയും ചെയ്യുകയുണ്ടായെങ്കിലും ദൈവാനുഗ്രഹത്താൽ അദ്ദേഹം എപ്പോഴും രക്ഷപ്പെട്ടു. വി പാട്രിക് അയർലണ്ടിന്റെ മധ്യസ്ഥനാണ്, അദ്ദേഹത്തിന്റെ തിരുനാൾ ദേശീയോത്സവുമാണ്.
വിചിന്തനം: വി പാട്രിക്കിന്റെ മധ്യസ്ഥത്താൽ അയർലന്റിലെ വിശ്വാസം ആദിമശതാബ്ദത്തിലെപ്പോലെ ഇന്നും സജീവമാണ്. ഏതു ഭൗതികനാശത്തെക്കാളും ഉപരിയായി വിശ്വാസത്തിൽ നിന്നുള്ള തുച്ഛമായ വ്യതിയാനത്തെ ഭയപ്പെടാൻ വേണ്ട അനുഗ്രഹം വാങ്ങിത്തരാൻ വി. പാട്രിക്കിനോട് അപേക്ഷിക്കുക.