മാർച്ച് 28
ഫ്രാൻസിൽ സ്ഥിതിചെയ്യുന്ന ഓർലീൻസിന്റേയും ബർഗൻറിയുടെയും രാജാവായിരുന്ന ഗോന്ത്രാൻ ക്ളോറ്റെയർ രാജാവിന്റെ മകനാണ്. വി. ക്ളോറ്റിൽഡാ അമ്മൂമ്മയാണ്. ജ്യേഷ്ഠൻ ചാരിബെർട്ട് പാരീസ് ഭരിച്ചു. 561 -ലാണ് ഗോന്ത്രാൻ രാജ്യഭരണം ഏറ്റെടുത്തത്. ചാലോൺസായിരുന്നു അദ്ദേഹത്തിന്റെ തലസ്ഥാനം. അതിമോഹികളായ സഹോദരന്മാർക്കും ലൊംബാർഡ്കൾക്കുമെതിരായി സമരം ചെയ്തു നേടിയപ്പോൾ പുതിയ ഭൂവിഭാഗങ്ങളൊന്നും സ്വന്തമാക്കാതെ പരാജിതർക്കു സമാധാനമരുളുകയാണ് ചെയ്തത്. പ്രജകളുടെ വന്യസ്വഭാവം നിമിത്തം രാജാവ് വഴുതിവീണ തെറ്റുകൾക്ക് അദ്ദേഹം അനുതാപകണ്ണുനീർ ചിന്തക്കൊണ്ടിരുന്നു. സുവിശേഷതത്വങ്ങളനുസരിച്ച് ഭരിച്ചാൽ ഐശ്വര്യവും സമാധാനവുമുണ്ടാകുകയില്ലെന്നു കരുതുന്നവർക്ക് ഗോന്ത്രാൻ രാജാവിന്റെ വാഴ്ച്ച ഒരു വെല്ലുവിളിയാണ്.
ഗോന്ത്രാൻ രാജാവ് തിരുസഭയിലെ അജപാലകരോട് സ്നേഹവും ബഹുമാനവും പ്രദർശിപ്പിച്ചുപോന്നു. അദ്ദേഹം മർദ്ദിതരുടെ സംരക്ഷകനും പ്രജകൾക്ക് ഒരു വത്സല പിതാവുമായിരുന്നു. രോഗികളെ ശുശ്രൂഷിക്കുന്ന കാര്യത്തിൽ അദ്ദേഹം അത്യന്തം ശ്രദ്ധ പതിച്ചിരുന്നു. തന്റെ പ്രജകളുടെമേൽ ദൈവകോപം വരാതിരിക്കാൻ അദ്ദേഹം പ്രാർത്ഥിക്കുകയും ഉപവസിക്കുകയും ദൈവതിരുമുമ്പാകെ വിലപിക്കുകയും ചെയ്തിരുന്നു. പടയാളികളുടെ ക്രൂരമർദ്ദനം അദ്ദേഹം തന്നോട് ചെയ്യുന്ന തെറ്റുകൾ അദ്ദേഹം ഉദാരമായി ക്ഷമിച്ചുവന്നിരുന്നു. പള്ളികൾക്കും ആശ്രമങ്ങൾക്കും കൈയയച്ചു സഹായങ്ങൾ ചെയ്തുകൊണ്ടുമിരുന്നു. പ്രജാവത്സലനും ദൈവഭക്തനുമായ ഈ രാജാവ് അറുപത്തിയെട്ടാമത്തെ വയസ്സിൽ 593 മാർച്ച് ഇരുപത്തിയെട്ടാം തീയതി കർത്താവിൽ നിദ്ര പ്രാപിച്ചു . 32 വർഷത്തോളം രാജ്യം ഭരിച്ച ഗോന്ത്രാൻ തന്റെ കാരുണ്യം കൊണ്ടാണ് വിജയം വരിച്ചത്.
വിചിന്തനം: “കാരുണ്യമുള്ളവർ അനുഗ്രഹീതർ, എന്തെന്നാൽ അവർ കാരുണ്യം കണ്ടെത്തും” (മത്തായി 5 :7 )