ഓർലീൻസിലെ രാജാവായ ക്ലോഡോമീരിന്റെ മകനാണ് ക്ളൗഡ്. വി. ക്ലോറ്റിൽഡയുടെ മൂത്ത മകനാണ് ക്ലോഡോമീർ. രണ്ടു വയസ്സുള്ളപ്പോൾ പിതാവ് 524 ൽ ബൾഗേറിയയിൽവച്ചു വധിക്കപ്പെട്ടു. തെയോബാൾഡ്, ഗന്തായിർ, ക്ളൗഡ് എന്നീ കുട്ടികളെ അവരുടെ അമ്മൂമ്മ ക്ലോറ്റിൽഡാ വാത്സല്യത്തോടെ പാരിസിൽ വളർത്തിക്കൊണ്ടുവന്നു. എന്നാൽ പാരിസിലെ രാജാവ് ഷീൽഡ്ബെർത്തും സാസോണിലെ രാജാവ് ക്ലോട്ടയറും ചേർന്ന് തെയോബോൾഡിനെയും ഗന്തായീരിനെയും കുത്തികൊന്നുകൊണ്ടു ഓർലീൻസ് രാജ്യം പങ്കിട്ടെടുത്തു. ക്ളൗഡ് സ്വയം തലമുടി വെട്ടിക്കളഞ്ഞു ലൗകികാർഭാടങ്ങൾ പരിത്യജിച്ചു. രാജ്യം തിരികെ പിടിച്ചെടുക്കാൻ പല സൗകര്യങ്ങൾ ഉണ്ടായിരുന്നിട്ടും ക്ളൗഡ് ലൗകിക വ്യാമോഹങ്ങൾ വച്ചുപുലർത്തിയില്ല. ആത്മവിജയം, എളിമ, ശാന്തത, ക്ഷമ,തപസ്സു, പ്രാർത്ഥന എന്നീ ഭക്താഭ്യാസങ്ങൾ വഴി സംരക്ഷിക്കപ്പെട്ടു. ഒരു കൊച്ചുമുറിയിൽ മനസമാധാനത്തോടെ അദ്ദേഹം ജീവിച്ചു. പരുപരുത്ത തുണി വീരാളിപ്പാട്ടിനേക്കാൾ അദ്ദേഹത്തിന് കൂടുതൽ സംതൃപ്തി നൽകി. വഷളാകുന്നതിനു മുൻപ് ലോക വ്യാമോഹങ്ങളിൽ നിന്ന് തന്നെ അകറ്റിയ ദൈവത്തിന് ക്ളൗഡ് നന്ദി പറഞ്ഞു.
ഏതാനും മാസങ്ങൾ കഴിഞ്ഞു വി, സെവെറൂസിന്റെ കരങ്ങളിൽനിന്നു ക്ളൗഡ് സന്യാസവസ്ത്രം സ്വീകരിച്ചു. വിദഗ്ധനായ ഈ ഗുരുവിന്റെ കീഴിൽ അദ്ദേഹം ക്രിസ്തീയ പരിപൂര്ണതയിൽ വളരെ പുരോഗമിച്ചു. എങ്കിലും പാരീസ് ഒരു അപകട സ്ഥലമായി തോന്നിയതുകൊണ്ട് അദ്ദേഹം പ്രോവിന്സിലേക്കു ഒളിച്ചു പോയി. അവിടെ അദ്ദേഹത്തിന്റെ താമസസ്ഥലം പഴയ മിത്രങ്ങൾ കണ്ടുപിടിച്ചു അദ്ദേഹത്തെ പാരിസിലേക്കു മടക്കിക്കൊണ്ടുപോയി. ജനങ്ങളുടെ അഭ്യർത്ഥന പ്രകാരം 551 ൽ അദ്ദേഹത്തെ വൈദികനായി അഭിഷേകം ചെയ്തു. കുറേകാലം പാരിസിൽ ജോലി ചെയ്തശേഷം ഇപ്പോൾ സെയിന്റ് ക്ളൗഡ് എന്ന് വിളിക്കുന്ന സ്ഥലത്തു അദ്ദേഹം ഒരു ആശ്രമം സ്ഥാപിച്ചു. വസ്തുവകകളെല്ലാം പള്ളികൾക്കായി മാറ്റിവച്ചു ക്ളൗഡ് തന്റെ ആശ്രമത്തിൽ കിടന്നു 560 ൽ മരിച്ചു.