വി.ആൻസെലം മെത്രാൻ, വേദപാരംഗതൻ

ഇറ്റലിയിൽ അവോസ്താ എന്ന പ്രദേശത്ത് ആൻസെലം ജനിച്ചു. പതിനഞ്ചാമത്തെ വയസ്സിൽ ആ യുവാവ് സന്യാസം വരിക്കാൻ ആഗ്രഹിച്ചെങ്കിലും പിതാവിന്റെ എതിർപ്പുമൂലം അത് സാധിച്ചില്ല. തന്നിമിത്തം മതകാര്യങ്ങളിൽ അശ്രദ്ധനായി 12 സംവത്സരം ചെലവഴിച്ചു. 1060ൽ ഇംഗ്ലണ്ടിൽ പോയി നോർമൻടിയിൽ ബെക്ക് എന്ന പ്രദേശത്തുള്ള ആശ്രമത്തിൽ ചേർന്നു. ലാൻഫ്രാങ്കായിരുന്നു അദ്ദേഹത്തിന്റെ ഗുരു. 1063ൽ പ്രസ്തുത ആശ്രമത്തിൽ ആൻസെലം പ്രിയോരായി; 1078ൽ അവിടത്തെ ആബട്ടുമായി. അക്കാലത്താണ് ദൈവം എന്തിനു മനുഷ്യനായി എന്ന ഗ്രന്ഥം അദ്ദേഹം എഴുതിയത്. ആർച്ചു ബിഷപ്പ് ലാക്കുഫ്രാങ്കു ദിവംഗതനായപ്പോൾ ആൻസെലം കാന്റർബറി ആർച്ചു ബിഷപ്പായി. അന്ന് അദ്ദേഹത്തിന് 60 വയസ്സുണ്ടായിരുന്നു.
അന്നത്തെ രാജാവ് വില്യം റൂഫസ്സു തിരുസ്സഭയുടെ സ്വത്തു കൊള്ളയടിക്കുകയായിരുന്നു. റോമയിൽ പോയി പാലിയം വാങ്ങിക്കാൻ അദ്ദേഹം ആൻസെലമിനെ അനുവദിച്ചില്ല. ആൻസെലം സ്വയം നാടുവിട്ടുപോയി. പാലിയം വാങ്ങിച്ച് വിപ്രവാസത്തിൽ കഴിഞ്ഞു. 1100-ൽ റൂഫസ്സു രാജാവ് മരിക്കുകയും ഹെന്റി ഒന്നാമൻ രാജാവാകുകയും ആർച്ചു ബിഷപ്പിനെ തിരികെ വിളിക്കുകയും ചെയ്തു.
ഹെൻറിയും ആൻസെലവും തമ്മിൽ മെത്രാൻമാരുടെ നിയമനാധികാരത്തെപ്പറ്റി തർക്കമുണ്ടായി. മെത്രാൻമാർക്കു സ്ഥാനവസ്ത്രം നല്കാനുള്ള അധികാരം തനിക്കാണെന്ന് ഹെൻറി ശഠിച്ചു. മാർപ്പാപ്പായുടെ പരമാധികാരത്തെ പിന്താങ്ങിയ ആർച്ചു ബിഷപ്പിനെ രാജ്യദ്രോഹിയെന്ന് ചിലർ മുദ്രകുത്തി. റോമാ സിംഹാസനത്തിന്റെ അധികാരം നിഷേധിക്കാത്തതു കൊണ്ടു ഞാൻ രാജാവിനോടുള്ള വിശ്വസ്തത ലംഘിക്കുകയാണെന്ന് ആരെങ്കിലും ശഠിക്കുകയാണെങ്കിൽ അദ്ദേഹം മുന്നോട്ടു വരട്ടെയെന്ന് ആർച്ചു ബിഷപ്പ് വെല്ലുവിളിച്ചു. വീണ്ടും ആർച്ചുബിഷപ്പ് നാടുകടത്തപ്പെട്ടു. 1107ൽ തിരുസ്സഭയും ഹെൻറിയും തമ്മിലുള്ള തർക്കം അവസാനിക്കുകയും ആൻസെലം കാൻറർബറിയിലേക്ക് മടങ്ങുകയും ചെയ്തു.
വി.ആൻസെലം തന്റെ കഷ്ടതകളുടെ ഇടയിൽ പല നല്ല ഗ്രന്ഥങ്ങളുമെഴുതി സ്ക്കൊളാസ്റ്റിസിസത്തിന്റെ പിതാവ് എന്ന പേരിനർഹനായിട്ടുണ്ട്. തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും അദ്ദേഹത്തോടു തുലനം ചെയ്യാവുന്ന സമകാലികന്മാരുണ്ടായിരുന്നില്ല. അടിമക്കച്ചവടത്തെ ആദ്യം എതിർത്തത് ആൻസെലമാണ്.
ദൈവമാതാവിനോടുള്ള ഭക്തിയിലും ആൻസെലം മുൻപന്തിയിലായിരുന്നു. പാശ്ചാത്യരാജ്യങ്ങളിൽ ദൈവമാതാവിന്റെ അമലോത്ഭവം ആദ്യം ആഘോഷിക്കാൻ തുടങ്ങിയത് ആൻസെലമാണ്.
വി.ആൻസെലം സ്വതവേ ശാന്തശീലനും സമാധാനപ്രിയനുമായിരുന്നെങ്കിലും തത്വം ബലിചെയ്തുള്ള ഒത്തുതീർപ്പിന് അദ്ദേഹം ഒരിക്കലും തയ്യാറായിരുന്നില്ല. ഇത്തരം പടയാളികളെയാണ് തിരുസ്സഭയ്ക്കു വേണ്ടത്.
Personal Information
Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management.
At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.