വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി

ആത്മാവിനെ വിശുദ്ധീകരിക്കാൻ , ഈശോ തനിക്കിഷ്ടമുള്ള ഉപാധികൾ ഉപയോഗിക്കുന്നു. സൃഷ്ടികളെ സംബന്ധിച്ചു തീർത്തും ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലൂടെ എന്റെ ആത്മാവ് കടന്നുപോയി; എന്റെ ഏറ്റവും ആത്മാർത്ഥമായ നിയോഗങ്ങൾപോലും സിസ്റ്റേഴ്സ്  തെറ്റിദ്ധരിച്ചു. ഏറ്റവും വേദനാജനകമായ സഹനം! എന്നാൽ, ദൈവം ഇത് അനുവദിക്കുന്നു. ഇതുവഴി നാം കൂടുതൽ ഈശോയെപ്പോലെ ആകുന്നതുകൊണ്ടു നാം ഇത് സ്വീകരിക്കണം. വളരെ നാളത്തേക്ക് എനിക്ക് മനസ്സിലാക്കാൻ സാധിക്കാതിരുന്ന ഒരു കാര്യം ഉണ്ടായിരുന്നു: എല്ലാ കാര്യങ്ങളും എന്റെ സുപ്പീരിയേഴ്സിനോട്  പറയാൻ ഈശോ എന്നോട് ആവശ്യപ്പെട്ടു. എന്നാൽ എന്റെ സുപ്പീരിയേഴ്സ് ഞാൻ പറഞ്ഞതൊന്നും വിശ്വസിച്ചില്ല; എന്നുമാത്രമല്ല ഇതെല്ലാം എന്റെ മിഥ്യാധാരണയും ഭാവനകളുമാണെന്നു ധരിച്ച് എന്നോട്  സഹതാപത്തോടെ പെരുമാറി.

ഇതുമൂലം, എല്ലാം മിഥ്യാധാരണയാണെന്ന് വിശ്വസിച്ചുകൊണ്ട്, ഈ ദർശനങ്ങളെ ഭയന്ന് ഞാൻ ദൈവത്തെ ആന്തരികമായി ഒഴിവാക്കാൻ തീരുമാനമെടുത്തു. എന്നാൽ ദൈവവകൃപ എല്ലായ്‌പ്പോഴും എന്നെ പിന്തുടർന്നിരുന്നു, ഞാൻ ഒട്ടും പ്രതീക്ഷിക്കാതിരുന്ന സമയത്ത് ദൈവം എന്നോട് സംസാരിച്ചു.

ഒരു ദിവസം ഈശോ എന്നോട് പറഞ്ഞു; ഞങ്ങളുടെ രാജ്യത്തിലെ ഏറ്റവും മനോഹരമായ നഗരത്തിനു ശിക്ഷ ലഭിക്കാൻ പോകുന്നു സോദോം, ഗോമോറയെ ശിക്ഷിച്ചതുപോലുള്ള ശിക്ഷ. ഞാൻ ദൈവത്തിന്റെ വലിയ ക്രോധം കണ്ടു, എന്റെ ഹൃദയം ഭയന്നുവിറച്ചു. നിശ്ശബ്ദതയിൽ ഞാൻ പ്രാർത്ഥിച്ചു. ഒരു നിമിഷത്തിനു ശേഷം ഈശോ എന്നോട് പറഞ്ഞു: എന്റെ കുഞ്ഞേ, ബലിയർപ്പിക്കുമ്പോൾ നിന്നെ എന്നോട് ഗാഢമായി ഐക്യപ്പെടുത്തുക, ആ നഗരത്തിന്റെ പാപപരിഹാരത്തിനായി എന്റെ രക്തവും എന്റെ മുറിവുകളും  എന്റെ പിതാവിന് സമർപ്പിക്കുക. ദിവ്യബലിയുടെ മുഴുവൻ സമയവും ഇത് ഇടവിടാതെ ആവർത്തിച്ചുക്കൊണ്ടിരിക്കുക. ഏഴു ദിവസത്തേക്ക് ഇത് ചെയ്യുക. ഏഴു ദിവസം പ്രകാശപൂർണ്ണമായ മേഘങ്ങളിൽ ഈശോയെ ഞാൻ കണ്ടു. ഞങ്ങളുടെ രാജ്യം മുഴുവനെയും ഞങ്ങളുടെ പട്ടണത്തേയും കടാക്ഷിക്കണമെന്നു  ഞാൻ ഈശോയോടു യാചിച്ചു. ഈശോ കരുണാപൂർവ്വം കടാക്ഷിച്ചു. ഈശോയുടെ അനുകമ്പ കണ്ടപ്പോൾ, അവിടുത്തെ അനുഗ്രഹത്തിനായി ഞാൻ യാചിച്ചു. ഉടനെത്തന്നെ ഈശോ പറഞ്ഞു: നിനക്കുവേണ്ടിഞാൻ ഈ രാജ്യത്തെ അനുഗ്രഹിക്കുന്നു. അവിടുന്ന് നമ്മുടെ രാജ്യത്തിന്റെ മേൽ വലിയ ഒരു കുരിശടയാളം വരച്ചു. ദൈവത്തിന്റെ സ്നേഹം കണ്ടു എന്റെ ആത്മാവ് ആനന്ദപൂരിതമായി .

1920-ാം വർഷം. ഒരിക്കൽ  ദിവ്യബലിയുടെ സമയത്ത്, ദൈവസാന്നിദ്ധ്യം ഒരു പ്രത്യേകവിധത്തിൽ ഞാനനുഭവിച്ചു, ഞാൻ ദൈവത്തിൽനിന്നു പിന്തിരിഞ്ഞു രക്ഷപെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പല അവസരങ്ങളിലും ഞാൻ ദൈവത്തിൽ നിന്ന് ഓടിയകന്നുപോകുമായിരുന്നു. എന്തെന്നാൽ, ദുഷ്ടാരൂപിയുടെ ഇരയാകുവാൻ ഞാൻ ആഗ്രഹിച്ചില്ല. കാരണം, മറ്റുള്ളവർ ഇതെല്ലം ദുഷ്ടാരൂപിയുടെ പ്രവർത്തനമാണെന്നു പലപ്പോഴും  പറഞ്ഞിരുന്നു. ഈ സന്ദേഹം കുറച്ചു നാൾ നീണ്ടുനിന്നു. ദിവ്യബലിയുടെ സമയത്ത്, വിശുദ്ധ കുർബാന സ്വീകരണത്തിന് മുമ്പായി, ഞങ്ങൾ വ്രതവാഗ്ദാനം പുതുക്കിയിരുന്നു. മുട്ടിൽ നിന്നെഴുന്നേറ്റു, വ്രതവാചകം ചൊല്ലിക്കൊണ്ടിരിക്കുമ്പോൾ സ്വർണ്ണ അരക്കച്ച  കെട്ടിവെള്ളവസ്ത്രമിട്ട ഈശോ പെട്ടന്ന് എന്റെ അരികിൽ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: നിന്റെ വിശുദ്ധി കളങ്കപ്പെടാതിരിക്കാൻ എന്റെ നിത്യമായ സ്നേഹം നിനക്ക് തരുന്നു. അതിന്റെ അടയാളമായി വിശുദ്ധിക്ക് എതിരായ പ്രലോഭനം  നിനക്ക് ഒരിക്കലും ഉണ്ടാകുകയില്ല. ഈശോ തന്റെ സ്വർണ്ണ അരക്കച്ചയെടുത്ത് എന്റെ അരയിൽ കെട്ടി.

അന്നുമുതൽ കന്യാ വ്രതത്തിന്  എതിരായ പ്രലോഭനങ്ങൾ ഒരിക്കലും ചിന്തയിലോ  ഹൃദയത്തിലോ എനിക്ക് അനുഭവപ്പെട്ടിട്ടില്ല. ഏറ്റവും പരിശുദ്ധ കന്യകാമറിയം എനിക്ക് വാങ്ങിത്തന്ന ഏറ്റവും വലിയ കൃപകളിൽ ഒന്നായിരുന്നു അതെന്നു പിന്നീട് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു; വളരെ വർഷങ്ങളായി ഈ കൃപയ്ക്കായി മാതാവിനോട് ഞാൻ പ്രാർത്ഥിച്ചിരുന്നു. ആ സമയം മുതൽ ദൈവമാതാവിനോട് കൂടുതൽ ഭക്തി എനിക്ക് അനുഭവപ്പെട്ടു. ആന്തരികമായി എങ്ങനെ ദൈവത്തെ സ്നേഹിക്കണമെന്നും, എല്ലാക്കാര്യത്തിലും അവിടുത്തെ തിരുവിഷ്ടം എങ്ങനെ നടപ്പാക്കണമെന്നും അമ്മ എന്നെ പഠിപ്പിച്ചു. ഓ മറിയമേ, അങ്ങ് ആനന്ദമാണ്, എന്തെന്നാൽ അങ്ങിലൂടെയാണ് ഈ ഭൂമിയിലേക്കും എന്റെ ഹൃദയത്തിലേക്കും ദൈവം കടന്നു വന്നത്.