”പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വന്നു കഴിയുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കും. ജറുസലെമിലും യൂദയാമുഴുവനിലും സമരിയായിലും ഭൂമിയുടെ അതിർത്തികൾവരെയും നിങ്ങളെനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും”'(സ.െ 1:8).പരിശുദ്ധാത്മാവിന്റെ അഭിഷേകം (പ്രധാനമായും മാമ്മോദീസാ, സ്ഥൈര്യലേപനം, പൗരോഹിത്യം) സ്വീകരിച്ചവർ പ്രസ്തുത അഭിഷേകം നിരന്തരം നവീകരിച്ചുകൊണ്ടിരിക്കണം. കത്തുന്ന വിളക്കിൽ നിന്നല്ലേ പ്രകാശം പരക്കുകയുള്ളു. ആധ്യാത്മികജീവിതത്തിൽ വളരാൻ ഈ അഭിഷേകം, ഈ ശക്തിപ്പെടുത്തൽ, അപരിത്യാജ്യമാണ്. പരിശുദ്ധാത്മാവിനെക്കൂടാതെ നമുക്ക് ഒരു നന്മയും ചെയ്യാനാവില്ല. ഈ യുഗത്തിന്റെ ഏറ്റവും വലിയ ഒരു പ്രശ്നം പിശുദ്ധാത്മാവിനുവേണ്ടി ദാഹിക്കുന്നവരുടെ അവിടുത്തെ നവമായ അഭിഷേകത്തിനുവേണ്ടി പ്രാർത്ഥിക്കുന്നവരുടെ, അതിനായി ആത്മാർത്ഥമായി പരിശ്രമിക്കുന്നവരുടെ എണ്ണം തുലോം കുറഞ്ഞിരിക്കുന്നുവെന്നതാണ്. വി. ഇരിപത്തിമൂന്നാം യോഹന്നാൻ മാർപ്പാപ്പാ രണ്ടാം വത്തിക്കാൻ സുന്നഹദോസു വിളിച്ചുകൂട്ടിയതുന്നെ ഒരു new out-pouring of the Holy Spirit നു വേണ്ടി പ്രാർത്ഥിച്ചുകൊണ്ടാണ് ഈ പ്രശ്നം പരിഹരിച്ചുകിട്ടാൻവേണ്ടിയാണു കൗൺസിൽ ആരംഭിച്ചത്. ഓരോ വിശ്വാസിയും”പരിശുദ്ധാത്മാവേ വരണമേ’ എന്ന് നിത്യേന, നിരന്തരം പ്രാർത്ഥിക്കണം.
തന്റെ തെറ്റിനെക്കുറിച്ച്, പാപങ്ങളെക്കുറിച്ച്, അനുതപിച്ചു കഴിഞ്ഞപ്പോൾ ”കർത്താവിന്റെ ആത്മാവ് ശക്തിയോടെ സാംസന്റെമേൽ വന്നു. അവനെ ബന്ധിച്ചിരുന്ന കയർ കരിഞ്ഞ ചണനൂൽപോലെയായിത്തീർന്നു; കെട്ടുകൾ അറ്റുവീണു”'(ന്യായാ. 15:14). യൂദാശ്ലീഹയുടെ താക്കീതും ഉപദേശവും പ്രതിപാദ്യവിഷയത്തോടു വളരെ ബന്ധപ്പെട്ടാണു നിൽക്കുക ”പരിശുദ്ധാത്മാവില്ലാത്തവരും കേവലം ലൗകികരുമായ ഇവരാണു ഭിന്നിപ്പുണ്ടാക്കുന്നത്. പ്രിയപ്പെട്ടവരേ, നിങ്ങൾ പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചുകൊണ്ട്, നിങ്ങളുടെ പവിത്രമായ വിശ്വാസത്തിൽ അഭിവൃദ്ധി പ്രാപിക്കുവിൻ”'(യൂദാ. 1:19).
നമ്മുക്കു വേണ്ടതൊക്കെ തരുന്നവനാണു പരിശുദ്ധാത്മാവ്.”നമ്മുടെ ബലഹീനതയിൽ ആത്മാവു നമ്മെ സഹായിക്കുന്നു. വേണ്ടവിധം പ്രാർത്ഥിക്കേണ്ടത് എങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ. എന്നാൽ, അവാച്യമായ നെടുവീർപ്പുകളാൽ ആത്മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്ഥൈം വഹിക്കുന്നു. ഹൃദയങ്ങൾ പരിശോധിക്കുന്നവൻ ആത്മാവിന്റെ ഇംഗിതം ഗ്രഹിക്കുന്നു. എന്തെന്നാൽ, ദൈവഹിതമനുസരിച്ചാണ് ആത്മാവു വിശുദ്ധർക്കുവേണ്ടി മാധ്യസ്ഥൈം വഹിക്കുന്നത്”'(റോമാ 8:26-27). അസാധ്യമായവ സാധ്യമാക്കുന്നവനാണു പരിശുദ്ധാത്മാവ്. ദൂതൻ മറിയത്തോടു മറുപടി പറഞ്ഞു:”’പരിശുദ്ധത്മാവു നിന്റെമേൽ വരും. അത്യുന്നതന്റെ ശക്തി നിന്റെമേൽ ആവസിക്കും. നിന്നിൽനിന്നു ജനിക്കുന്ന ശിശു പരിശുദ്ധൻ, ദൈവപുത്രൻ, എന്നു വിളിക്കപ്പെടും… ദൈവത്തിന് ഒന്നും അസാധ്യമല്ല” (ലൂക്കാ 1: 35,37).
നിത്യരക്ഷയ്ക്ക് അത്യന്താപേക്ഷിതമായ കാര്യങ്ങളെല്ലാം പരിശുദ്ധാത്മാവു നമ്മെ പഠിപ്പിക്കും.”’അവൻ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെബോധ്യപ്പെടുത്തും” (യോഹ. 16:8). ഈ മൂന്നു കാര്യങ്ങൾ ബോധ്യപ്പെടുകയും ജീവിതം അവ്വിധം ക്രമീകരിക്കുകയും ചെയ്യുക നിത്യരക്ഷയ്ക്ക് അത്യന്താപോക്ഷിതമാണ്. പാപബോധവും പശ്ചാത്താപവും ഒരുവനിൽ ജനിപ്പിക്കുന്നത് ഈ ആത്മാവാണ്. വിശുദ്ധനും പ്രസിദ്ധനുമായ ഷീൻ തിരുമേനി ലോകത്തിനു വ്യക്തമാക്കിയിരിക്കുന്നു- പാപബോധവും പശ്ചാത്താപവുമില്ലാത്തതാണ്, അനുതാപത്തോടെ പാപങ്ങൾ ഏറ്റുപറഞ്ഞ് കുമ്പസാരം എന്ന കൂദാശകൾ സ്വീകരിച്ചു. മാനസാന്തപ്പെടാൻ മനുഷ്യൻ കൂട്ടാക്കാത്തതാണ്, ഇന്നിന്റെ ഏറ്റവും വലിയ ശാപം.
സത്യത്തിന്റെ പൂർണ്ണതയിലേയ്ക്കു പടികയറുക
പരിശുദ്ധാത്മാവാണ്, സത്യത്തിന്റെ ആത്മാവാണു സത്യത്തിലേയ്ക്കും സത്യത്തിന്റെ പൂർണ്ണതയിലേക്കും നമ്മെ നയിക്കുക. ദൈവത്തിന്റെ, പരിശുദ്ധാത്മാവിന്റെ അഭിഷേകത്താലേ ഇതു സംഭവിക്കൂ. ”സത്യാത്മാവു വരുമ്പോൾ നിങ്ങളെ സത്യത്തിന്റെ പൂർണ്ണതയിലേക്കു നയിക്കും…. വരാനിരിക്കുന്ന കാര്യങ്ങൾ അവൻ നിങ്ങളെ അറിയിക്കും. അവൻ എനിക്കുള്ളവയിൽനിന്നു സ്വീകരിച്ചു, നിങ്ങളോടു പ്രഖ്യാപിക്കും. അങ്ങനെ അവൻ എന്നെ മഹത്ത്വപ്പെടുത്തും. പിതാവിനുള്ളതെല്ലാം എനിക്കുള്ളതാണ്; അതുകൊണ്ടാണ് എനിക്കുള്ളവയിൽനിന്നു സ്വീകരിച്ച് അവൻ നിങ്ങളോടു പ്രഖ്യാപിക്കും. എന്നു ഞാൻ പറഞ്ഞത്” (യോഹ. 16:13-15).
ആരാണ് ദൈവത്തിൽ വസിക്കുന്നവൻ?
”ആരെന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല” (യോഹ. 15:5). ഇവിടെ വളരെ സംഗതമായ ഒരു ചോദ്യത്തിനു വകയുണ്ട്. ആരാണ് യേശുക്രിസ്തുവിൽ, അതായത് ദൈവത്തിൽ വസിക്കുന്നത്? ഉത്തരം വളരെ വ്യക്തവും ലളിതവുമാണ്. ആത്മാവ് ഉള്ളവൻ (ദൈവത്തിന്റെ ആത്മാവ്, പിതാവിന്റെയും പുത്രന്റെയും ആത്മാവ് സത്തയിൽ ഇരുവരോടും സമൻ, എന്നാൽ ആളത്തത്തിൽ വ്യതിരിക്തൻ- പിതാവല്ല, പുത്രൻ. പുത്രനല്ല പിതാവ്; പിതാവും പുത്രനുമല്ല പരിശുദ്ധാത്മാവ്- ത്രിയേക ദൈവം- യഥാർത്ഥ വിശ്വാസത്തിന്റെ പരമപ്രധാന രഹസ്യമാണിത്).
ആത്മാവുള്ളവന്റെ സവിശേഷതകൾ
അവൻ ശരീരത്തിന്റെ പ്രവണതകൾക്കനുസരിച്ച് ജീവിക്കാതെ, അത്മാവിന്റെ പ്രചോദനങ്ങൾക്കനിസരിച്ചു ജീവിക്കുന്നു. ജഡികമായി ജീവിക്കുന്നവർ ജഡികകാര്യങ്ങളിൽ മനസ്സുവയ്ക്കുന്നു. ആത്മീയമായി ജീവിക്കുന്നവർ (ദൈവത്തിൽ ജീവിക്കുന്നവർ, ക്രിസ്തുവിൽ ജീവിക്കുന്നവർ, ആത്മാവിൽ ജീവിക്കുന്നവർ), ആത്മീയ കാര്യങ്ങളിൽ മനസ്സുവയ്ക്കുന്നു. (സ്നേഹം, സമാധാനം, സന്തോഷം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം; ഇവയാണ് ആത്മാവിന്റെ പ്രകടിതഫലങ്ങളായി ഗലാത്യർക്കുള്ള ലേഖനത്തിൽ പൗലോസ് ശ്ലീഹാ രേഖപ്പെടുത്തിയിരിക്കുക (ഗലാ. 5:22-23) സത്യം, നീതി, കാരുണ്യം, വിനയം- എല്ലാ നന്മകളും ആത്മാവിന്റെ ഫലങ്ങൾ തന്നെ. ജഡികാഭിലാഷങ്ങൾ മരണത്തിലേക്കു നയിക്കുന്നു. ആത്മീയാഭിലാഷങ്ങൾ ജീവനിലേക്കും സമാധാനത്തിലേക്കും. ജഡികതാത്പര്യങ്ങളിൽ മുഴുകി ജീവിക്കുന്ന മനസ്സ് ദൈവത്തിന്റെ ശത്രുവാണ്. അതു ദൈവത്തിന്റെ നിയമത്തിന് കീഴ്പ്പെടുന്നില്ല. കീഴ്പ്പെടാൻ അതിനു സാധിക്കുകയുമില്ല. ജഡികപ്രവണതകളനുസരിച്ച് ജീവിക്കുന്നവർക്കു ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല. ദൈവത്തിന്റെ ആത്മാവ് യഥാർത്ഥത്തിൽ നിങ്ങളിൽ വസിക്കുന്നെങ്കിൽ നിങ്ങൾ ജഡികരല്ല, ആത്മീയരാണ്… ക്രിസ്തു നിങ്ങളിലുണ്ടെങ്കിൽ നിങ്ങളുടെ ആത്മാവു നീതി നിമിത്തം ജീവനുള്ളതായിരിക്കും (റോമ 8:5-9).
ദൈവാത്മാവുള്ളവനു പ്രധാനമായി രണ്ടു പ്രത്യേകതകളാണുള്ളത്. 1. അവനു ജീവനുണ്ട്- ദൈവിക ജീവൻ. ഉണ്ടാകട്ടെ എന്ന ഒറ്റ വാക്കു പറഞ്ഞാണു പരാപരൻ, മനുഷ്യനൊഴികെ, സകലതും സൃഷ്ടിച്ചത് (ഉൽപ. 3:21). എല്ലാം നല്ലതെന്ന് അവിടുന്ന് കാണുകയും ചെയ്തു. അവിടുന്ന് അവയെ അനുഗ്രഹിച്ചു. തികച്ചും വ്യത്യസ്തമായി, സവിശേഷമാംവിധമാണ്, അവിടുന്നു മനുഷ്യനെ സൃഷ്ടിച്ചത്. ദൈവം വീണ്ടും അരുളിച്ചെയ്തു: ‘നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം’ (ഉൽപ. 1:26). ദൈവമായ കർത്താവു ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും, ജീവന്റെ ശ്വാസം അവന്റെ നാസാരന്ധ്രങ്ങളിലേക്ക് നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യൻ ജീവനുള്ളവനായിത്തീർന്നു (2:8). തുടർന്നു ദൈവമായ കർത്താവ് അരുളിച്ചെയ്തു: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല. അവനു ചേർന്ന ഇണയെ ഞാൻ നല്കും (2:18). ദൈവം ഹവ്വായെ സൃഷ്ടിച്ചത് ഇങ്ങനെ. ”ആദത്തെ അവിടുന്നു ഗാഢനിദ്രയിലാഴ്ത്തി. ഉറങ്ങിക്കിടന്ന അവന്റെ വാരിയെല്ലുകളിൽ ഒന്ന് എടുത്തതിനുശേഷം, അവിടം മാംസംകൊണ്ടു മൂടി. പുരുഷനിൽ നിന്നെടുത്ത വാരിയെല്ലുകൊണ്ട് അവിടുന്ന് ഒരു സ്ത്രീക്കു (ഹവ്വാ) രൂപം കൊടുത്തു. അവളെ അവിടുന്ന് അവന്റെ മുമ്പിൽ കൊണ്ടുവന്നു. അപ്പോൾ അവൻ പറഞ്ഞു: ഒടുവിൽ ഇതാ, എന്റെ അസ്ഥിയിൽ നിന്നുള്ള അസ്ഥിയും മാംസത്തിൽ നിന്നുള്ള മാംസവും. നരനിൽനിന്ന് എടുക്കപ്പെട്ടതുകൊണ്ട് നാരിയെന്ന് ഇവൾ വിളിക്കപ്പെടും” (ഉൽപ.2:20-22)
മനുഷ്യൻ തനിക്കു സദൃശനായിരിക്കണം, തന്റെ ഛായയായിരിക്കണം എന്നു ദൈവം തീരുമാനിച്ചു.. തിരിച്ചും പറയാം. ദൈവത്തിന്റെ ഛായയും സാദൃശ്യവുമുള്ള മനുഷ്യന്റെ ഛായതന്നെയാണു ദൈവത്തിന്റെ ഛായയും. ഇത് ഊട്ടിഉറപ്പിക്കുന്ന ഈശോമിശിഹായുടെ ഒരു പ്രസ്താവം മത്താ. 25:40 ലുണ്ട്. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്തുകൊടുത്തപ്പോൾ എനിക്കുതന്നെയാണ് ചെയ്തുതന്നത്. ദൈവം മനുഷ്യനു പകർന്നുകൊടുത്തത് തന്റെതന്നെ ജീവനാണ്. ദൈവത്തിന്റെ ജീവൻ ഉള്ളിലുള്ളവനാണ് യഥാർത്ഥ ജീവനുള്ളത്. ഈ ജീവൻ, ആദിമമാതാപിതാക്കൾ നഷ്ടപ്പെടുത്തി. അങ്ങനെ അവർ വെറും ‘ചരിക്കുന്ന പ്രേത’ങ്ങളായി. അവരുടെ ഈ പാപത്തിനു ദൈവശാസ്ത്രം നൽകുന്ന പേര് ‘ഉത്ഭവപാപ’മെന്നാണ്. ഈ സത്യം വ്യക്തമാക്കാൻ ഒരു കഥ പറയാം. ഏതോ ഒരു ഗ്രാമത്തിൽ ഒരു മനുഷ്യനുണ്ടായിരുന്നു. അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു ജോഡി ഷൂസ് വാങ്ങി, അതു ധരിച്ചുകൊണ്ടു നിരത്തിലൂടെ നടക്കുക എന്നത്. അത്യധ്വാനംചെയ്ത് അയാൾ തന്റെ ചിരകാലാഭിലാഷം സാധിച്ചെടുത്തു. ഷൂസും ധരിച്ച് അയാൾ നിരത്തിലൂടെ നടന്നുപോകുമ്പോൾ പെട്ടെന്ന് അതിശക്തമായ ഒരു പേമാരി ഉണ്ടായി. തന്റെ പാദരക്ഷകൾ നനഞ്ഞുപോകാതിരിക്കാൻ, അയാൾ, അവ ഊരി കൈയിലെടുത്ത് അതിവേഗം മുമ്പോട്ടു കുതിച്ചു. ഏറെ ദൂരെയല്ലാതെ ഒരു കുടിൽ അയാളുടെ ശ്രദ്ധയിൽപ്പെട്ടു. അത് ഒരു വിധവയുടെ വസതിയായിരുന്നു. അവരോട് ആ മനുഷ്യൻ ചോദിച്ചു. ”രണ്ടുമൂന്നു ദിവസത്തേയ്ക്ക് എന്റെ ഈ പുത്തൻ ഷൂസ് ഇവിടെ ഒന്നു സൂക്ഷിക്കാമോ? മഴ മാറുമ്പോൾ ഞാൻ വന്ന് എടുത്തുകൊള്ളാം”. സ്ത്രീ സമ്മതിച്ചു. ആ ഷൂസ് അവർ സ്വീകരിച്ചു.
ഏതാനും ദിവസങ്ങൾക്കുശേഷം ആ പ്രദേശത്ത് ഒരു മരണമുണ്ടായി. ആ മൃതനെ സംസ്കരിക്കാൻ ഷൂസുകാരൻ നടന്ന വഴിയെ തന്നെയാണു ജനങ്ങൾക്കു പോകേണ്ടിയിരുന്നത്. ചടങ്ങ് പാതിവഴിയായപ്പോൾ, ഇടിയുടെയും കൊടുങ്കാറ്റിന്റെയും അകമ്പടിയോടെ വലിയ മഴപെയ്തു തുടങ്ങി. ശവമഞ്ചം വഹിച്ചിരുന്ന നാലു പേരൊഴികെ, അനുധാവനംചെയ്ത പുരോഹിതനുൾപ്പെടെ, ഇതര മനുഷ്യരെല്ലാം ഓരോരോ അഭിയസ്ഥാനങ്ങൾ കണ്ടുപിടിച്ചു. ശവമഞ്ചം വഹിച്ചിരുന്നവർ മുമ്പോട്ടു നടന്നു. അവരും മടുത്തു. അപ്പോൾ അവർ പരാമർശിക്കപ്പെട്ട ഷൂസ് സൂക്ഷിച്ചിരുന്ന കുടിൽ കാണുന്നു. അവർ ചെന്ന് വിധവയോടു സഹായം അഭ്യർത്ഥിക്കുന്നു. വിധവ അവരുടെ അഭ്യർത്ഥന നിരസിച്ചുകൊണ്ടു പറയുന്നു: ”ഞാനെങ്ങനെ ഈ ശവശരീരം, ഒട്ടും ഇടമില്ലാത്ത ഈ കുടിലിൽ, വച്ചുകൊണ്ടിരിക്കും? സാധ്യമല്ല”. ആത്മാവു നഷ്ടപ്പെട്ട ശരീരത്തിന് ഒരു വള്ളിച്ചെരിപ്പിന്റെ വിലപോലുമില്ല! ”ലോകം മുഴുവൻ നേടിയാലും ആത്മാവു നഷ്ടമായാൽ എന്തു പ്രയോജനം? ഒരുവൻ തന്റെ ആത്മാവിനു പകരമായി എന്തു കൊടുക്കും?” (മത്താ.16:26).
ആത്മാവു നഷ്ടപ്പെടുന്നവർ ജീവച്ഛവങ്ങളാകും. ആർക്കും ഇതു സംഭവിക്കാം. പാപത്തിൽ മുഴുകി ജീവിക്കുന്ന വ്യക്തികൾ ആത്മാവു നഷ്ടപ്പെട്ടവരാണ്. അവർ അതിവേഗം അനുതപിച്ചു മാനസാന്തരപ്പെട്ടു പുതുസൃഷ്ടിയാവുന്നില്ലെങ്കിൽ, അഭിഷേകം നഷ്ടപ്പെട്ട് വെറും അഭ്യാസികൾ, അഭിനേതാക്കൾ ആയി മാറും. അവർ ചെയ്യുന്ന ഒരു പ്രവൃത്തിക്കും അഭിഷേകം ഉളവാക്കുന്നതാവാനാവില്ല. അങ്ങനെയുള്ളവർ അർപ്പിക്കുന്ന ദിവ്യബലികൾക്ക് ex opere operato ഫലങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ. അഭിഷേകത്തോടെ ദിവ്യബലി അർപ്പിക്കുന്നവർക്കു മാത്രമേ അതു ഫലദായകമാവുകയുള്ളു. ഇപ്രകാരം ബലിഅർപ്പിക്കുന്ന പുരോഹിതനുപോലും യാതൊരു അഭിഷേകവും ആധ്യാത്മിക വളർച്ചയും ഉണ്ടാവുകയില്ല. മാത്രമല്ല, അദ്ദേഹം പിശാചിന്റെ fellow traveller ആകുകയും ചെയ്യും. ഇന്നു നമ്മിൽ പലരും വെറും അഭ്യാസികളല്ലേ? വെറും തൊഴിലാളികളല്ലേ? വെറും കൂലിപ്പട്ടാളങ്ങൾ! ആരാണ് യഥാർത്ഥ അഭിഷിക്തൻ? ആത്മാവിൽ നിറഞ്ഞവൻ. അഭിഷേകം കൈമാറുന്നവൻ. ആത്മാഭിഷേകമുള്ള ഒരു വ്യക്തി, ആരുമാകട്ടെ, വചനം പ്രഘോഷിച്ചാൽ, അയാളും ശ്രോതാക്കളും അഭിഷേകം പ്രാപിക്കും. ന്യായാധിപന്മാരുടെ പുസ്തകത്തിൽ നമുക്കു വലിയൊരു ഉദാഹരണമുണ്ട്. മനോവ എന്നൊരു യഹൂദനുണ്ടായിരുന്നു (ഡോറായിലെ ഒരു ദാൻ വംശജൻ) അവന്റെ ഭാര്യ വന്ധ്യയായിരുന്നു. ഒരിക്കൽ കർത്താവിന്റെ ദൂതൻ അവൾക്കു പ്രത്യക്ഷപ്പെട്ടു പറഞ്ഞു: ”നീ ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അതുകൊണ്ടു നീ സൂക്ഷിക്കണം. വീഞ്ഞോ, ഇതര ലഹരിപാനീയങ്ങളോ കുടിക്കരുത്. അശുദ്ധമായതൊന്നും ഭക്ഷിക്കരുത് (ഗർഭംധരിക്കുന്നവർ മനസ്സിലാക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം). അവന്റെ തലയിൽ ക്ഷൗരക്കത്തി തൊടരുത്. അവൻ ജനനം മുതൽ നാസീർവ്രതക്കാരനായിരിക്കും. അവൻ ഫിലിസ്ത്യരുടെ കയ്യിൽനിന്ന് ഇസ്രായേലിനെ വിടുവിക്കാൻ ആരംഭിക്കും.”
പ്രവചിക്കപ്പെട്ട മകൻ ജനിച്ചു. അവൻ വളർന്നുവന്നു. കർത്താവ് അവനെ അനുഗ്രഹിച്ചു. കർത്താവിന്റെ ആത്മാവ് അവനിൽ പ്രവർത്തിച്ചു തുടങ്ങി. മാതാപിതാക്കളോടൊപ്പം തനിക്കിഷ്ടപ്പെട്ട (ദൈവത്തിനിഷ്ടപ്പെടാത്ത) പെൺകുട്ടിയെ വിവാഹം കഴിക്കാൻ അവൻ പോവുകയായിരുന്നു. അവനാണു സാംസൺ. ഒരു മുന്തിരിത്തോട്ടത്തിലെത്തിയപ്പോൾ, ഒരു സിംഹക്കുട്ടി അവന്റെ നേരെ അലറിവന്നു. കർത്താവിന്റെ ആത്മാവു സാംസണിൽ ശക്തമായി ആവസിച്ചു. ആയുധം കൂടാതെ, ആട്ടിൻകുട്ടിയെ എന്നപോലെ, അവൻ ആ കുട്ടിസിംഹത്തെ ചീന്തിക്കളഞ്ഞു. ആത്മാവ് ഉണ്ടായിരുന്ന അത്രയുംകാലം അവൻ ഫിലിസ്ത്യരുടെമേൽ വിജയംവരിച്ചുകൊണ്ടിരുന്നു (ന്യായാ. 13,14,15) അവൻ ഇങ്ങനെ ഘോഷിക്കുകയും ചെയ്തു; കഴുതയുടെ താടിയെല്ലുകൊണ്ടു ഞാനവരെ കൂനകൂട്ടി. കഴുതയുടെ താടിയെല്ലുകൊണ്ട് ആയിരം പേരെ ഞാൻ കൊന്നു’.
ഇതിനിടെ ദലീലാ എന്നൊരു സ്ത്രീയെ സാംസൺ സ്നേഹിച്ചു. അവൾ ഒരു വഞ്ചകിയായി മാറി. പണത്തിനുവേണ്ടി അവൾ ആ മനുഷ്യനെ ഫിലിസ്ത്യർക്ക് ഒറ്റിക്കൊടുത്തു. സ്നേഹത്തിന്റെ പേരുപറഞ്ഞ് അവന്റെ ശക്തിയുടെ രഹസ്യം അവൾ ചോർത്തിയെടുത്തു. നാസീർവ്രതക്കാരനായ സാംസന്റെ മുടി അവൾ മുറിച്ചുമാറ്റി. അവന്റെ ശക്തി (ആത്മാവ്) അവനെ വിട്ടുപോയി. ഇക്കാര്യം അവൻ അറിഞ്ഞില്ല. ഫിലിസ്ത്യർ അവനെ പിടിച്ച്, അവന്റെ കണ്ണുകൾ ചൂഴ്ന്നെടുത്തതിനുശേഷം ഓട്ടു ചങ്ങലകൊണ്ടു ബന്ധിച്ചു. ഗാസായിൽ കാരാഹൃഹത്തിലാക്കി. എന്നാൽ മുണ്ടനത്തിനുശേഷം അവന്റെ മുടി വളർന്നുകൊണ്ടിരുന്നു (ന്യായാ. 16:1-22).
സാംസന്റെ മരണം
സാംസനെ അപമാനിക്കുന്നതിനുവേണ്ടി അവനെ അവർ കാരാഗൃഹത്തിൽ നിന്നിറക്കി, ഒരു കെട്ടിടത്തിന്റെ തൂണുകളുടെ ഇടയിൽ കൊണ്ടുവന്നു. തന്റെ കൈക്കു പിടിച്ചിരുന്ന ബാലനോട് അവൻ പറഞ്ഞു:”’ഒന്നു ചാരിനില്ക്കാൻ കെട്ടിടത്തിന്റെ തൂണുകളെവിടെയെന്നു ഞാൻ തപ്പി നോക്കട്ടെ.” തൂണുകളുമായി, കയ്യെത്തും ദൂരത്ത്, അവൻ നിന്നു. സ്ത്രീപൂരുഷന്മാരെക്കൊണ്ടു കെട്ടിടം നിറഞ്ഞിരുന്നു. ഫിലിസ്ത്യപ്രഭുക്കന്മാരെല്ലാവരും അവിടെ സമ്മേളിച്ചിരുന്നു. അപ്പോൾ സാംസൺ കർത്താവിനെ വിളിച്ചപേക്ഷിച്ചു:”’ദൈവമായ കർത്താവേ, എന്നെ ഓർക്കണമേ! ഞാൻ നിന്നോടു പ്രാർത്ഥിക്കുന്നു: എന്നെ ശക്തനാക്കണമേ! ഞാൻ നിന്നോട് ഇപ്രകാരംകൂടി യാചിക്കുന്നു: എന്റെ കണ്ണുകളിൽ ഒന്നിനു ഫിലിസ്ത്യരോടു പ്രതികാരംചെയ്യാൻ എന്നെ ശക്തിപ്പെടുത്തണമേ!” കെട്ടിടം താങ്ങിനിർത്തിയിരുന്ന രണ്ടു നെടും തൂണുകളെ അവൻ ബലമായി പിടിച്ചു തള്ളി. അവൻ പറഞ്ഞു: ഫിലിസ്ത്യരോടൊപ്പം ഞാനും മരിക്കട്ടെ. സർവ്വശക്തിയുമുപയോഗിച്ച് അവൻ കുനിഞ്ഞു. അതിലുണ്ടായിരുന്ന പ്രഭുക്കന്മാരുടെയും മറ്റാളുകളുടെയുംമേൽ കെട്ടിടം, ആഞ്ഞുലഞ്ഞു, വീണു. സാംസൺ ഉൾപ്പടെ കെട്ടിടത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. മരണസമയത്ത് അവൻ കൊന്നവർ, ജീവിച്ചിരിക്കുമ്പോൾ കൊന്നവരെക്കാൾ, അധികമായിരുന്നു (ന്യായാ. 16:23-31). ഈ പ്രതികൂലങ്ങളുടെയെല്ലാം കാരണം അനുവാചകർക്കു വ്യക്തമല്ലേ! അവനിൽ ആവസിച്ചിരുന്ന ദൈവത്തിന്റെ ആത്മാവ് അവനെ വിട്ടുപോയതു തന്നെ. ഇതു സാംസൺപോലും തിരിച്ചറിഞ്ഞില്ലെന്നതാണു പരമദയനീയം. ആത്മാവു നഷ്ടമായോ, ആത്മീയമരണം സുനിശ്ചിതം.
പിതാവായ ദൈവമേ, അങ്ങയുടെ പരിശുദ്ധാത്മാവിനെക്കൊണ്ടു ഞങ്ങളെ നവമായി അഭിഷേകം ചെയ്യണമേ! പുത്രനായ ദൈവമേ, അങ്ങയുടെ പരിശുദ്ധാത്മാവിൽ ഞങ്ങളെ നവമായി സ്നാനപ്പെടുത്തണമേ! പരിശുദ്ധാത്മാവേ, ഞങ്ങളിൽ നവമായി ഇറങ്ങി ആവസിച്ച് അവിടുത്തെ ഫലദാനവരങ്ങളാൽ ഞങ്ങളെ നിറച്ച്, നവമായി പവിത്രീകരിക്കണമേ!