ക്രിസ്തു  എന്നേക്കും ഏകരക്ഷകൻ

കർത്താവായ  യേശുക്രിസ്തുവിൽ വിശ്വസിക്കുക നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും. ദൈവത്തിന്റെ വചനത്തിലെ വെളിപ്പെടുത്തപ്പെട്ട മഹാസത്യങ്ങളിലൊന്നാണ് ഈ തിരുവാക്യം. അപ്പസ്തോല പ്രവർത്തനങ്ങൾ, 16 ലാണ് ഇത് രേഖപ്പെടുത്തിയിരിക്കുക. ഈ വാക്കുകൾ പ്രഖ്യാപിക്കപ്പെട്ട സന്ദർഭവും സാഹചര്യവും പരമപ്രധാനമാകയാൽ ആ വചനഭാഗം ചുവടെ ചേർക്കട്ടെ. “അർദ്ധാരാത്രിയോടടുത്തു പൗലോസും സീലാസും കീർത്തനം പാടി ദൈവത്തെ സ്തുതിക്കുകയായിരുന്നു. തടവുകാർ അത് കേട്ടുകൊണ്ടിരുന്നു. പെട്ടെന്ന് വലിയ ഒരു ഭൂകമ്പമുണ്ടായി. കാരാഗൃഹത്തിന്റെ അടിത്തറ കുലുങ്ങി ; എല്ലാ വാതിലുകളും തുറക്കപ്പെട്ടു. എല്ലാവരുടെയും  ചങ്ങലകൾ അഴിഞ്ഞു വീണു. കാവൽക്കാരൻ ഉണർന്നപ്പോൾ കാരാഗൃഹവാതിലുകൾ  തുറന്നു കിടക്കുന്നത് കണ്ടു. തടവുകാരെല്ലാം രക്ഷപ്പെട്ടുവെന്നു വിചാരിച്ചു അവൻ വാൾ ഊരി ആത്മഹത്യയ്‌ക്കൊരുങ്ങി. എന്നാൽ പൗലോസ് വിളിച്ചു പറഞ്ഞു: സാഹസം കാണിക്കരുത്. ഞങ്ങളെല്ലാവരും ഇവിടെത്തന്നെയുണ്ട് . വിളക്ക് കൊണ്ടുവരാൻ വിളിച്ചു പറഞ്ഞിട്ട് അവൻ അകത്തേക്കോടി. പേടിച്ചുവിറച്ച് അവൻ പൗലോസിന്റെയും സീലാസിന്റെയും കാൽക്കൽ വീണു. അവരെ പുറത്തേക്കു കൊണ്ടുവന്നു അവൻ ചോദിച്ചു: യജമാനന്മാരേ, രക്ഷ പ്രാപിക്കാൻ ഞാൻ എന്ത് ചെയ്യണം? അവർ പറഞ്ഞു: കർത്താവായ യേശുവിൽ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും. അവർ അവനോടും അവന്റെ വീട്ടിലുള്ളവരോടും കർത്താവിന്റെ വചനം പ്രസംഗിച്ചു. അവൻ ആ രാത്രിതന്നെ അവരെ കൊണ്ടുപോയി  അവരുടെ മുറിവുകൾ കഴുകി. അപ്പോൾത്തന്നെ അവനും കുടുംബവും ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്തു. അവരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു അവർക്കു ഭക്ഷണം വിളമ്പി. ദൈവത്തിൽ വിശ്വസിച്ചതുകൊണ്ടു അവനും കുടുംബാംഗങ്ങളും അത്യന്തം ആനന്ദിച്ചു” (അപ്പ. 16 : 25 -34 ).

 ബൈബിളിന്റെ താക്കോൽ വാക്യമാണ് യോഹ. 3 :16  “എന്തെന്നാൽ, അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ, നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു” (യോഹ. 3 : 16 ). ദൈവം തന്റെ ഏകജാതനെ ലോകത്തിലേക്ക് അയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല, അവൻ വഴി ലോകം രക്ഷിക്കപ്പെടാനാണ്. അവനിൽ വിശ്വസിക്കുന്ന ഒരുവനും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്റെ ഏകജാതനിൽ വിശ്വസിക്കാത്തതുമൂലം (അവിടുത്തെ ഏകരക്ഷകനായി  ലോക രക്ഷകനായി സ്വീകരിക്കാത്തത്  മൂലം)… ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു. ഇതാണ് ശിക്ഷാവിധി: പ്രകാശം ലോകത്തിലേക്ക് വന്നിട്ടും, മനുഷ്യർ പ്രകാശത്തേക്കാൾ അന്ധകാരത്തെ സ്നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികൾ തിന്മ നിറഞ്ഞതായിരുന്നു” (യോഹ. 3 : 16 -19 ). ഉദ്ധൃതവചനങ്ങൾ ഉച്ചൈസ്തരം  ഉദ്‌ഘോഷിക്കുന്നത് ക്രിസ്തുവാണ് ഏകരക്ഷകൻ, ലോകരക്ഷകൻ എന്ന സത്യങ്ങളുടെ സത്യമാണ്. മറ്റുവാക്കുകളിൽ പറഞ്ഞാൽ, ഒരുവൻ രക്ഷപ്രാപിക്കുന്നത് ക്രിസ്തുവിലൂടെ മാത്രമാണ്. മാനവരാശിയെ പാപമാകുന്ന മരണത്തിൽനിന്നു മോചിപ്പിച്ചു നിത്യരക്ഷ നൽകാൻ ഈശോ തന്റെ പെസഹാരഹസ്യത്തിലൂടെ (മനുഷ്യാവതാരം, പീഡാനുഭവം, കുരിശുമരണം, പുനരുത്ഥാനം, സ്വർഗ്ഗാരോഹണം) അവകാശം നേടിയെടുത്തു. ഒരേ സമയം ദൈവവും മനുഷ്യാനുമായ മിശിഹായ്ക്കുമാത്രമാണ് മാനവരാശിയെ, പാപത്തിന്റെ അടിമത്തത്തിൽ നിന്ന് മോചിപ്പിച്ചു മോക്ഷത്തിന് അർഹരാക്കാൻ ആവുക . മുമ്പ് സൂചിപ്പിച്ചതുപോലെ, നിത്യരക്ഷപ്രാപിക്കുന്നതിനു  ക്രിസ്തുവിലുള്ള വിശ്വാസം അത്യന്താപേക്ഷിതമാണ്. ഉത്ഭവപാപവും, കർമ്മപാപവും മൂലം സ്വർഗ്ഗസൗഭാഗ്യം നഷ്ടപ്പെട്ടവർക്ക് നിത്യരക്ഷ ലഭിക്കാൻ ക്രിസ്തുവിലും അവിടുന്ന് നേടിയെടുത്ത നിത്യരക്ഷയിലും വിശ്വസിച്ചേ മതിയാവൂ. മാർക്കോ. 10 :45  വ്യക്തമാക്കുന്നു: “മനുഷ്യപുത്രൻ വന്നിരിക്കുന്നത്   ശുശ്രൂഷിക്കപ്പെടാനല്ല, ശുശൂഷിക്കുവാനും സ്വന്തം ജീവൻ അനേകർക്കുവേണ്ടി മോചനദ്രവ്യമായി നൽകാനുമാണ്.”  പാപംമൂലം പിശാചിന്റെ അടിമത്തത്തിൽ ആണ്ടുപോയ മനുഷ്യനെ, തന്റെ തിരുരക്തം മറുവിലയായി നൽകി, ഈശോ എന്നേക്കുമായി രക്ഷിക്കുന്നു. “നമ്മുടെ പാപങ്ങളുടെ മോചനത്തിനായി മരണത്തിനു ഏല്പിക്കപ്പെടുകയും നമ്മുടെ നീതികരണത്തിനായി ഉയിർപ്പിക്കപ്പെടുകയും ചെയ്‌ത  നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്നു ഉയിർപ്പിച്ചവനിൽ വിശ്വസിക്കുന്ന നമുക്കും അത് നീതിയായി പരിഗണിക്കപ്പെടും” (റോമാ. 4 :24 ,25 ). പൗലോസ് തുടരുന്നു: “നമുക്ക് കൈവന്നിരിക്കുന്ന ഈ കൃപയിലേക്കു അവന്മൂലം വിശ്വാസത്താൽ നമുക്ക് പ്രവേശം ലഭിച്ചിരിക്കുന്നു. ദൈവമഹത്വത്തിൽ പങ്കുചേരാമെന്ന പ്രത്യാശയിൽ നമുക്ക് അഭിമാനിക്കാം . മാത്രമല്ല, നമ്മുടെ കഷ്ടതകളിലും നാം അഭിമാനിക്കുന്നു. എന്തെന്നാൽ, കഷ്ടത സഹനശീലവും, സഹനശീലം ആത്മധൈര്യവും, ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു എന്ന് നാം അറിയുന്നു. പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. കാരണം, നമുക്ക് നൽകപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നു. നാം ബലഹീനരായിരിക്കെ, നിർണ്ണയിക്കപ്പെട്ട സമയത്തു ക്രിസ്തു പാപികൾക്ക് വേണ്ടി മരിച്ചു. നീതിമാനുവേണ്ടിപ്പോലും ആരെങ്കിലും മരിക്കുക പ്രയാസമാണ്. ഒരുപക്ഷെ ഒരു നല്ല മനുഷ്യനുവേണ്ടി മരിക്കാൻ വല്ലവരും തുനിഞ്ഞെന്നുവരാം. എന്നാൽ, നാം പാപികളായിരിക്കെ, ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്നേഹം ദൈവം പ്രകടമായിരിക്കുന്നു. ആകയാൽ, ഇപ്പോൾ അവന്റെ രക്തത്താൽ നീതികരിക്കപ്പെട്ട നാം അവന്മൂലം ക്രോധത്തിൽനിന്നു രക്ഷിക്കപ്പെടുമെന്നത് തീർച്ചയാണല്ലോ. നാം ശത്രുക്കളായിരുന്നപ്പോൾ അവിടുത്തെ പുത്രന്റെ മരണത്താൽ ദൈവവുമായി രമ്യപ്പെട്ടുവെങ്കിൽ, രമ്യപ്പെട്ടതിനുശേഷം അവന്റെ ജീവൻമൂലം രക്ഷിക്കപ്പെടുമെന്നതും തീർച്ച. മാത്രമല്ല, നമ്മുടെ കർത്താവായ യേശുക്രിസ്തുവഴി നാം ദൈവത്തിൽ അഭിമാനിക്കുകയും ചെയ്യുന്നു. അവൻ വഴിയാണല്ലോ നാം ഇപ്പോൾ അനുരഞ്ജനം സാധിച്ചിരിക്കുന്നത്” (റോമാ.5 : 2 -11 ) .