ദുഷ്ടത കൈകാര്യം ചെയ്യുന്നതിനു പഴയ നിയമവും ഈശോയും മുന്നോട്ടുവയ്ക്കുന്ന മാർഗ്ഗങ്ങൾ തികച്ചും വ്യത്യസ്തങ്ങളാണ്. മനുഷ്യൻ പ്രവൃത്തിക്കുന്ന തിന്മയ്ക്കനുസരിച്ചുള്ള ശിക്ഷ മുൻ കൂട്ടി അറിയിച്ച് ഭയം ജനിപ്പിച്ചാൽ തിന്മയിൽ നിന്ന് അവൻ പിന്മാറും എന്ന സങ്കൽപ്പമാണു പഴയ നിയമത്തിലുള്ളത്. അങ്ങിനെയാണ് ‘കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്’ എന്ന നിയമമുണ്ടായത്(പുറ.21:24) പട്ടിക അവിടം കൊണ്ട് അവസാനിക്കുന്നില്ല. കൈയ്ക്കു പകരം കൈ, കാലിനു പകരം കാല്, പൊള്ളലിനു പകരം പൊള്ളൽ, മുറിവിനു പകരം മുറിവ്, പ്രഹരത്തിനു പകരം പ്രഹരം (പുറ.21:24,25 ) അങ്ങനെ പട്ടിക നീണ്ടു പോകുന്നു. അർഹിക്കുന്ന ശിക്ഷ നൽകുക എന്നതാണ് നിർദ്ദേശങ്ങളുടെ സാരം.
ഈ പശ്ചാത്തലത്തിലാണ് ഈശോ പുതിയ ധാർമ്മികതയുമായി കടന്നുവരുക. സമൂഹത്തിൽ നീതിയും ന്യായവും നടപ്പാക്കരുത് എന്നൊന്നുമല്ല അവിടുന്നു പറയുന്നത്. നീതിനായ കോടതികൾക്ക് അവിടുന്നു എതിരുമല്ല. കുറ്റവാളി ശിക്ഷക്കപ്പെടരുത് എന്നും അവിടുന്നു പറയുന്നില്ല. മതപരമായ ആദ്ധ്യാത്മകതയുടെ തലത്തിൽ നിന്നു കൊണ്ടു തിന്മയെ നേരിടാനുള്ള മാർഗ്ഗമാണ് അവിടുന്നു ആവിഷ്കരിക്കുക. അതുവഴി അവിടുന്നു പഴയനിയമത്തെ പൂർത്തീകരിക്കുകയാണ്. ഈ പൂർത്തീകരണമാണ് ക്രൈസ്തവ ആദ്ധ്യത്മികതയുടെ അന്തഃസത്ത.
സ്വന്തം അവകാശങ്ങൾ പോലും പരിത്യജിച്ച് തനിക്കെതിരേ തിന്മ പ്രവർത്തിച്ചവനോടു സ്നേഹത്തോടും, ഔദാര്യത്തോടും, കരുതലോടും, കരുണയോടും പ്രവർത്തിക്കാനാണ് ഈശോ ആഹ്വാനം ചെയ്യുക. മത്തായി.5:39-42 അക്ഷരാർത്ഥത്തിൽ എടുക്കേണ്ടതില്ല. അവയുടെ ചൈതന്യം ഉൾക്കൊണ്ടു, സാഹചര്യങ്ങൾക്കനുസരിച്ചു ക്ഷമയോടെ, സഹിഷ്ണതയോടെ ഒത്തിരി വിട്ടുവീഴ്ചാ മനോഭാവത്തോടെ, ദ്രോഹിക്കുന്ന ആളിൻറെ വ്യക്തിത്വത്തെ മാനിച്ചു അവനോടു പ്രവർത്തിക്കാനാണ് ഈശോ ആവശ്യപ്പെടുന്നത്.