വി. മോണിക്ക (332 – 387)

Fr Joseph Vattakalam
2 Min Read
മോണിക്ക ആഫ്രിക്കയിൽ കർത്തേജിൽ ഒരു ഭക്ത ക്രിസ്തീയ കുടുംബത്തിൽ 332 ൽ ജനിച്ചു. ക്രിസ്തീയ വിദ്യാഭ്യാസം ലഭിക്കുകയും ചെയ്തു. എങ്കിലും വിവാഹം കഴിച്ചത് ടാഗാസ്റ്റെ എന്ന പട്ടണത്തിലെ പാട്രിഷിയൂസ് എന്ന ഒരു വിജാതീയനെയാണ്. അവർക്കു അഗസ്റ്റിൻ, നവീജിയസ് എന്ന രണ്ടു ആണ്മക്കളുണ്ടായി. മോണിക്ക തന്റെ സന്മാതൃകയും സ്നേഹവായ്പ്പുംവഴി ഭർത്താവിനെ ക്രിസ്തീയ വിശ്വാസത്തിലേക്ക് ആകർഷിക്കാൻ ശ്രമിച്ചു. ഭർത്താവു കോപിഷ്ടനായിരുന്നെങ്കിലും മോണിക്ക സഹിക്കയല്ലാതെ കോപിച്ചിട്ടില്ല. തന്റെ ക്ഷമവഴി ക്രിസ്തീയ വിശ്വാസത്തിലേക്ക് ഭർത്താവിനെ ആനയിക്കാൻ മോനിക്കയ്ക്കു സാധിച്ചു. 370 ൽ പാട്രിഷിയൂസ് ജ്ഞാനസ്നാനം സ്വീകരിച്ചു. 371 ൽ മരിക്കുകയും ചെയ്തു.
അഗസ്റ്റിൻ അന്ന് കർത്തേജിൽ പഠിക്കുകയായിരുന്നു. 373 ൽ അവിടെവച്ചു അദ്ദേഹം മനീകിൻ പാഷാണ്ഡതയെ ആശ്ലേഷിച്ചു. അന്നുമുതൽ മകന്റെ ജ്ഞാനസ്നാനത്തിനു വേണ്ടിയുള്ള പ്രാര്ഥനയായിരുന്നു, മോണിക്കയുടെ തൊഴിലെന്നു പറയാം. 387 ൽ മകൻ ജ്ഞാനസ്നാനപെട്ടതുവരെ അവളുടെ കൺനീർ തോർന്നിട്ടില്ല. പല വൈദികരെയുംകൊണ്ടും മെത്രാന്മാരെയുംകൊണ്ടും ഉപദേശിച്ചു. മനീകിൻ ഇടത്തൂറ്റിൽനിന്നു മനസാന്തരപ്പെട്ട ഒരു മെത്രാൻ അവളോട് പറഞ്ഞു: ‘നീ ചെയ്യുന്നതുപോലെ തുടരുക. ഇത്രയേറെ കൺനീരിന്റെ മകൻ നശിക്കുക അസാധ്യമാണ്.’
അക്കാലത്തു അഗസ്റ്റിൻ റോട്ടോറിക്ക് പഠിക്കാൻ റോമയിലേക്കു പോകാൻതുടങ്ങി. മാനസാന്തരം നീളുമെന്നുകണ്ടു മോണിക്ക തടഞ്ഞു. വി. സിപ്രിയന്റെ കുഴിമാടത്തിങ്കൽ ആ യാത്ര തടയാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ അഗസ്റ്റിൻ ഒളിച്ചുപോയി. റോമയിൽനിന്നു റോട്ടോറിക്ക് പഠിക്കാൻ അഗസ്റ്റിൻ മിലാനിലേക്കുപോയി. അവിടെവച്ചു അദ്ദേഹം ആംബ്രോസ് പുണ്യവാന്റെ പല പ്രസംഗങ്ങൾ കേട്ടു. മണീക്കേയിസം അഗസ്റ്റിൻ ഉപേക്ഷിച്ചു. പിന്നെയും കുറെനാൾകൂടി മോണിക്ക കണ്ണീരോടുകൂടി പ്രാര്ഥിക്കേണ്ടിവന്നു. മോണിക്ക മിലാനിൽവന്നു വി. അംബ്രയോസിന്റെ ഉപദേശപ്രകാരം ജീവിച്ചു. അവസാനം 387 ലെ ഉയിർപ്പു ദിവസം അഗസ്റ്റിൻ ജ്ഞാനസ്നാനം സ്വീകരിച്ചു. കൂടെ അദ്ദേഹത്തിന്റെ കുറെ സ്നേഹിതന്മാരും. അവരെയെല്ലാം മക്കളെപ്പോലെ മോണിക്ക ശുശ്രൂഷിച്ചു. എല്ലാവരും ആഫ്രിക്കയിലേക്ക് മടങ്ങി. അവിടെവച്ചു തന്റെ മരണം സമീപിക്കാരായിരിക്കുന്നുവെന്നു കണ്ടു മക്കളോട് എങ്ങനെ പറഞ്ഞു: ഈ ശരീരം നിങ്ങൾ എവിടെയെങ്കിലും വച്ചുകൊള്ളുക. ഒരു കാര്യം മാത്രം ചെയ്താൽ മതി. നിങ്ങൾ എവിടെയായിരുന്നാലും ബലിപീഠത്തിൽ എന്നെ അനുസ്മരിക്കുവിൻ.’ ഈ വാക്കുകൾ പറഞ്ഞശേഷം 9 ദിവസത്തെ അതിദാരുണമായ അസുഖങ്ങൾക്കുശേഷം അമ്പത്തിയാറാമത്തെ വയസ്സിൽ മോണിക്ക കർത്താവിൽ നിദ്ര പ്രാപിച്ചു.
Share This Article
error: Content is protected !!