ഓരോ ക്രിസ്ത്യു ശിഷ്യനും ജ്ഞാനം സമ്പാദിക്കാൻ കഠിനമായി പരിശ്രമിക്കണം. ജ്ഞാനുമുള്ളവർ സത്പ്രബോധനം സ്വീകരിച്ച് അത് ഉൾക്കൊള്ളുന്നു. അവർ വിവേകപൂർണമായി പെരുമാറുന്നു. അതിനുള്ള അനുഗ്രഹം അവർ പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കും. ധർമ്മം,നീതി,ന്യായം, ഇവ വിശ്വാസി പരിശീലിച്ചേ മതിയാവൂ. ഉൾക്കാഴ്ച നൽകുന്ന വാക്കുകൾ മനസ്സിലാക്കണം. അതിന് യഥാർത്ഥ ജ്ഞാനം പരിശുദ്ധാത്മാവ് നൽകുന്ന ജ്ഞാനം വേണം. സരളഹൃദയർക്ക് വിവേകവും യുവജനങ്ങൾക്ക് അറിവും വിവേചനശക്തിയും പകർന്നു കൊടുക്കാൻ വിവേകികൾ കിണഞ്ഞു പരിശ്രമിക്കണം.
ദൈവഭക്തിയാണ് അറിവിന്റെ ഉറവിടം. ജ്ഞാനത്തെയും പ്രബോധനത്തെയും പുച്ഛിക്കുന്നവർ മഹാ ഭോഷന്മാരാണ്.
ദുഷ്ട സമ്പർക്കം എന്നേക്കുമായി വെടിയണം. പിതാവിന്റെ പ്രബോധനം ഉൾക്കൊള്ളുന്നവൻ ജ്ഞാനിയും വിവേകിയുമാണ്.
മാതാവിന്റെ ഉപദേശം ഒരിക്കലും നിരസിക്കരുത്. പിതാവിന്റെ പ്രബോധനവും മാതാവിന്റെ ഉപദേശവും സ്വീകരിക്കുന്നവന് അവ ശിരസ്സിന് വിശിഷ്ടഹാരവും കഴുത്തിന് പതക്കങ്ങളും ആയിരിക്കും. ഒരിക്കലും ആരും പാപികളുടെ പ്രലോഭനത്തിന് വഴങ്ങരുത്.അവർക്ക് വശംവദരാകുന്നവരെ അക്കൂട്ടർ കൊടും ക്രൂരതകളിലേക്ക് നയിക്കും. ഒരിക്കലും അവരുടെ വഴിയെ പോകരുത്. അവരിൽ നിന്നും ആവുന്നത്ര വേഗത്തിൽ ഒഴിഞ്ഞു മാറുക. അവരുടെ പാദങ്ങൾ എപ്പോഴും തിന്മയിലേക്കാണ് പായുക.വിനാശത്തിന്റെ പടുകുഴിയിൽ ആയിരിക്കും അവരുടെ അന്ത്യം.കാരണം സ്വന്തം ജീവന് തന്നെയാണ് അവർ കെണി വയ്ക്കുക. അത് അവരുടെ തന്നെ ജീവനെ അപഹരിക്കുന്നു.
ജ്ഞാനം എല്ലാവരെയും ആഹ്വാനം ചെയ്യുന്നു. എന്റെ ശാസന ശ്രദ്ധിക്കുക. ജ്ഞാനം പറയുന്നു :എന്റെ ചിന്തകൾ ഞാൻ നിങ്ങൾക്ക് നൽകും. എന്റെ ചിന്തകൾ ഞാൻ നിങ്ങൾക്ക് മനസ്സിലാക്കി തരാം.
അറിവിനെ വെറുത്ത്,ദൈവഭക്തിയെ നിരാകരിച്ചു ജീവിക്കുന്നവർ, സ്വന്തം പ്രവർത്തിയുടെ ഫലം അനുഭവിക്കും. ഒടുവിൽ സ്വന്തം തന്ത്രങ്ങളിൽ തന്നെ അവർക്ക് വലിയ മടുപ്പ് തോന്നും. മനുഷ്യർ ജ്ഞാനത്തെ അവഗണിക്കുന്നത് മൂലം ശുദ്ധഗതിക്കാർ മൃതിപ്പെടുന്നു.
ഭോഷന്മാരുടെ അലംഭാവം തങ്ങളെ തന്നെ നശിപ്പിക്കും. എന്നാൽ ജ്ഞാനത്തിന്റെ വാക്ക് ശ്രദ്ധാപൂർവ്വം ശ്രവിക്കുന്നവർ സുരക്ഷിതരായിരിക്കും.
അവർ തിന്മയെ ഭയപ്പെടുകയില്ല.അതിനെ നഖശിഖാന്തം എതിർക്കും, വെറുക്കും. അവർക്ക് സ്വസ്ഥത നഷ്ടപ്പെടുകയില്ല.