ക്രൈസ്തവ ജീവിതം ഈശോയിലുള്ള ജീവിതം അഭംഗുരം മുമ്പോട്ട് കൊണ്ടുപോകാൻ ആവശ്യം വര്ജിക്കേണ്ട തിന്മകളുടെ രണ്ടു പട്ടികൾ കൊളോ. 3 :5 – 4:6 ഭാഗത്തുണ്ട്. ഇവ വർജിച്ചില്ലെങ്കിൽ ദൈവത്തിന്റെ ക്രോധം വിളിച്ചുവരുത്തും.
” ക്രോധം” എന്ന പദം പൗലോസ് ഇവിടെ ഉപയോഗിക്കുന്നത് വിധി (ശിക്ഷാവിധി) എന്ന അർത്ഥത്തിലാണ്.3:5 ആദ്യത്തെ ലിസ്റ്റ് അവതരിപ്പിക്കുന്നു: നിങ്ങളിൽ ഭൗമികമായിട്ടുള്ളതെല്ലാം അസന്മാർഗീയത, അശുദ്ധി,മന:ക്ഷോഭം, ദുർവിചാരങ്ങൾ, വിഗ്രഹാരാധന തന്നെയായ ദ്രവ്യാസക്തി ഇവയെല്ലാം നശിപ്പിക്കുവിൻ ഇവയെല്ലാം 3: 9ൽ പറയുന്ന പഴയ മനുഷ്യന്റെ സവിശേഷതകളാണ്.
അസന്മാർഗീയത, അശുദ്ധി,മന:ക്ഷോഭം, ദുർവിചാരങ്ങൾ, വിഗ്രഹാരാധന ഇവ പ്രകടമായി തന്നെ ലൈംഗികതയോട് ചേർന്ന് പോകുന്ന പാപങ്ങളാണ്.
” വിഗ്രഹാരാധന”യെ പലപ്പോഴും ലൈംഗിക തിന്മകളോട് ചേർത്താണ് പഴയനിയമം കാണുന്നത്. (ഹോസി 4:12-19) പൗലോസ് അനുശാസിക്കുന്നു. “ഇവയെല്ലാം നശിപ്പിക്കുവിൻ. ഇവ നിമിത്തം ദൈവത്തിന്റെ ക്രോധം വന്നുചേരുന്നു(കൊളോ.4: 6). “അവയെല്ലാം ദൂരെയെറിയുവിൻ “(4:8 ). തുടർന്നു ശ്ലീഹാ പറയുന്നു. “അമർഷം, ക്രോധം, ദുഷ്ടത,ദൈവദൂഷണം, അശുദ്ധസംഭാഷണം തുടങ്ങിയവ വർജിക്കുവിൻ “. ബൗദ്ധിക തലത്തിൽ പെടുന്ന തിന്മകളാണിവ.
വാക്യം 9ൽ അനുശാസിക്കുന്നു. “പരസ്പരം കള്ളം പറയരുത്.പഴയ മനുഷ്യനെ അവന്റെ ചെയ്തികളോട് കൂടെ നിഷ്കാസനം ചെയ്യുവിൻ” ഈ വാക്യത്തിൽ പറയുന്ന “പഴയ മനുഷ്യൻ”, “പുതിയ മനുഷ്യൻ “,ഈ പ്രയോഗങ്ങൾ വ്യക്തിപരവും സാമൂഹ്യവുമായ മാനങ്ങൾ ഉൾക്കൊള്ളുന്നു. വ്യക്തിപരം എന്ന രീതിയിൽ അവ ഓരോ മനുഷ്യനെ ബാധിക്കുന്നവയാണ്. സാമൂഹികം എന്ന രീതിയിൽ ഈശോമിശിഹയാൽ രക്ഷിക്കപ്പെട്ട സമൂഹത്തെ പരാമർശിക്കുന്നതോടൊപ്പം ഓരോ മനുഷ്യനും പുതിയ സൃഷ്ടി ആവണമെന്നും അർത്ഥമാക്കുന്നു. യഥാർത്ഥ ക്രൈസ്ത സമൂഹങ്ങൾ പുതുസൃഷ്ടിയാക്കപ്പെട്ട രക്ഷിക്കപ്പെട്ടവരുടെ കൂട്ടായ്മയാണ്. രക്ഷിക്കപ്പെടുന്നതിന് ഓരോ വ്യക്തിയും വിശ്വസിച്ച് മാമോദിസ സ്വീകരിക്കണം. ഈശോയുടെ പ്രബോധനം, കൽപ്പന സുവ്യക്തമാണ്. “നിങ്ങൾ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോളം സുവിശേഷം പ്രസംഗിക്കുവിൻ. വിശ്വസിച്ചു മാമോദിസ സ്വീകരിക്കുന്നവൻ രക്ഷിക്കപ്പെടും. വിശ്വസിക്കാത്തവൻ ശിക്ഷിക്കപ്പെടും”. (മർക്കോ 16 :15 -16 ).
എല്ലാവരേയും രക്ഷിക്കപ്പെട്ട സമൂഹത്തിലേക്ക് ആകർഷിക്കാൻ സഭയുടെ, സഭാതനയരുടെ, അവശ്യ ദൗത്യമാണ്. വളരെ പ്രധാനപ്പെട്ട ഒരു വസ്തുത പുതിയ മനുഷ്യൻ പോലും നിരന്തരം നവീകരിക്കപ്പെട്ടു കൊണ്ടിരിക്കണം.” സൃഷ്ടാവിന്റെ പ്രതിച്ഛായക്ക് ഒത്ത വിധം സദ്ഗുണങ്ങളിൽ വളരണം. (3:10). ഈ പ്രബോധനം ഉൽപ്പ 1 :26 -27 അധികരിച്ചുള്ളതാണ്. നിരന്തരമായ മാനസാന്തരത്തിലൂടെ പരിപുഷ്ടമാ ക്കിക്കൊണ്ടിരിക്കേണ്ടതാണ് ക്രൈസ്തവജീവിതം. ക്രൈസ്തവ ജീവിതത്തിൽ ഒരുതരത്തിലുള്ള വ്യത്യാസമോ വിവേചനം ഉണ്ടാവാൻ പാടില്ല (ഗലാ. 6:15). “പരിച്ഛേദന കർമ്മം നടത്തുന്നതിലോ നടത്താതിരിക്കുന്നതിലോ കാര്യമില്ല. പുതിയ സൃഷ്ടി ആവുക എന്നതാണ് പരമപ്രധാനം”.