സർവശക്തനും പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും ദൃശ്യവും അദൃശ്യവുമായ എല്ലാറ്റിന്റെയും സ്രഷ്ടാവുമായ ഏകദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു.
ഏകനാഥനും ദൈവത്തിൻ്റെ ഏകപുത്രനും എല്ലായുഗങ്ങൾക്കും മുമ്പ് പിതാവിൽനിന്ന് ജനിച്ചവനും ദൈവത്തിൽനിന്നുള്ള ദൈവവും പ്രകാശത്തിൽനിന്നുള്ള പ്രകാശവും സത്യദൈവത്തിൽനിന്നുള്ള സത്യദൈവവും ജനിച്ചവനും എന്നാൽ സൃഷ്ടിക്കപ്പെടാത്തവനും പിതാവുമായി സത്തയിൽ ഏകനുമായ യേശുക്രിസ്തുവിലും ഞാൻ വിശ്വസിക്കുന്നു. അവിടന്നു വഴി സകലതും സൃഷ്ടിക്കപ്പെട്ടു. മനുഷ്യരായ നമുക്കുവേണ്ടിയും നമ്മുടെ രക്ഷയ്ക്കുവേണ്ടിയും അവിടന്ന് സ്വർഗത്തിൽനിന്നിറങ്ങി പരിശുദ്ധാത്മാവാൽ കന്യകാമറിയത്തിൽനിന്ന് ശരീരം സ്വീകരിച്ച് മനുഷ്യനായിത്തീർന്നു.
പന്തിയോസ് പീലാത്തോസിൻ്റെ ഭരണത്തിൻ കീഴിൽ നമുക്കുവേണ്ടി ക്രൂശിക്കപ്പെട്ടു പീഡകൾ സഹിച്ച് മരിച്ച് അടക്കപ്പെട്ടു. വിശുദ്ധ ലിഖിതങ്ങളനുസരിച്ച് മൂന്നാം ദിവസം ഉയിർത്തെഴുന്നേററു. സ്വർഗത്തിലേക്ക് എഴുന്നള്ളി പിതാവിന്റെ വലത്തുഭാഗത്തിരിക്കുന്നു. ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ അവിടന്ന് മഹത്ത്വത്തോടെ വീണ്ടും വരും. അവിടത്തെ രാജ്യത്തിന് അവസാനമുണ്ടാവുകയില്ല. കർത്താവും ജീവദാതാവും പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നവനും പിതാവിനോടും പുത്രനോടുമൊപ്പം ആരാധിക്കപ്പെടുന്നവനും സ്തുതിക്കപ്പെടുന്നവനും പ്രവാചകന്മാർ വഴി സംസാരിച്ചവനു മായ പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു.
ഏകവും പരിശുദ്ധവും സാർവത്രികവും അപ്പസ്തോലികവുമായ സഭയിലും ഞാൻ വിശ്വസിക്കുന്നു. പാപമോചനത്തിനുള്ള ജ്ഞാനസ്നാനം ഞാൻ ഏറ്റുപറയുന്നു. മരിച്ചവരുടെ ഉയിർപ്പും വരാനിരിക്കുന്ന ലോകത്തിലെ ജീവിതവും ഞാൻ പ്രതീക്ഷിക്കുകയും ചെയ്യുന്നു. ആമേൻ.