സഹനങ്ങളിലൂടെ വിശുദ്ധികരിക്കപ്പെട്ട ഹൃദയങ്ങളിൽ ദൈവം (പരി. ത്രിത്വം ) വാസം ഉറപ്പിക്കുന്നു. പക്ഷേ,ഈ സാഹചര്യത്തിൽ പോലും ആത്മാവ് വളരെയധികം ബുദ്ധിമുട്ടുകൾ ഏറ്റെടുക്കേണ്ടി വരും. ഉന്നത ശ്രേണിയിൽ ഉറച്ചുനിൽക്കാൻ ഭഗീരഥ പ്രയത്നം തന്നെ ചെയ്യേണ്ടിവരും. മനസ്സിൽ സംശയവും സംഘർഷവും നിറഞ്ഞെന്നുവരും. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ കുമ്പസാരക്കാരന്റെയും ആത്മീയ ഉപദേഷ്ടാവിന്റെയും സഹായം അത്യന്താപേക്ഷിതമായി വരും. എപ്പോഴും ഓർക്കുക:
” കർത്താവിൽ സന്തോഷം,അവൻ ബലം
അവനെന്റെ സങ്കേതം, വിശ്രമം നാൾ തോറും
അവനെന്റെ സർവ്വവുമേ.
” കർത്താവേ അങ്ങല്ലാതെ ആര് എനിക്ക് ആശ്രയം
എല്ലാ തിന്മകളിൽ നിന്നും എന്നെ രക്ഷിക്കണമെ!
നാം പൂർണ്ണമായും അന്ധകാരാവൃത മാവുന്ന നിമിഷങ്ങൾ ജീവിതത്തിലുണ്ടാവാം. അപ്പോൾ പ്രകാശമായ ഈശോയെ ചേർത്തുപിടിക്കുക. വിശ്വസിക്കുക, നമ്മുടെ പ്രതിസന്ധികളിൽ സ്വർഗം മുഴുവൻ നമ്മെ ചേർത്തുപിടിക്കും. കർത്താവിന്റെ വലതു കൈ നമ്മെ ചേർത്ത് പിടിക്കും. പരിശുദ്ധ അമ്മ തന്റെ നീല അങ്കിക്കുള്ളിൽ നമ്മെ പൊതിഞ്ഞുപിടിച്ച് പൊന്നുപോലെ പരിരക്ഷിക്കും.