‘ത്രിമൂർത്തി’ എന്ന പദം നമുക്ക് പരിചിതമാണ്. ഇസ്രയേലിന്റെ പൂർവപിതാക്കളായ അബ്രഹാം, ഇസഹാക്ക്, യാക്കോബ് -ഈ ത്രിമൂർത്തിയെ പരിശുദ്ധ കുർബാനയിൽ എന്നും നാം അനുസ്മരിക്കുന്നുണ്ട്.
“നിങ്ങളുടെ വിചാരങ്ങൾ ഉന്നതത്തിലേക്കു ഉയരട്ടെ. അബ്രാഹത്തിന്റെയും ഇസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമേ, ആരാധ്യനായ രാജാവ്, അങ്ങയുടെ സന്നിധിയിലേക്ക്.”
ദൈവം ഏകനാണ്. പിന്നെ എന്തുകൊണ്ട് നാം അവിടുത്തെ ഒറ്റ ശ്വാസത്തിൽ മൂന്ന് പേരുകളിൽ സംബോധന ചെയുന്നു? ഏക ദൈവത്തിന്റെ മൂന്ന് സവിശേഷതകളാണ് സഭ ഇവിടെ ഏറ്റുപറയുന്നത്. (1 ) അനുസരണത്തിനു അനുഗ്രഹം സമ്മാനിക്കുന്ന ദൈവം (അബ്രാഹത്തിന്)
(2 ) കൃത്യസമയത്തു ഇടപെടുന്ന ദൈവം (ഇസഹാക്കിനെ)
(3 ) അത്ഭുതകരമായ വിധത്തിൽ വഴിനടത്തി രൂപാന്തരപ്പെടുത്തുന്ന ദൈവം (യാക്കോബിനെ)
ദൈവത്തിന്റെ മൂന്നാമത്തെ സവിശേഷതയ്ക്കു കൂടുതൽ തെളിമ നൽകുന്ന അനന്യനായ അത്ഭുത വ്യക്തിത്വമാണ് പൂർവ ഔസേഫ്. യാക്കോബിന്റെ കണ്ണിലുണ്ണിയായിരുന്നു അവന്റെ പതിനൊന്നാമത്തെ ഈ മകൻ. തന്റെ വാർധ്യക്യത്തിലെ മകനായിരുന്നതുകൊണ്ടു കമനീയമായ ഒരു നീണ്ട കുപ്പായം അവൻ മകന് സമ്മാനിച്ചു. ഈ സവിശേഷ പരിഗണന ഇതര സഹോദരങ്ങളെ അസൂയാലുക്കളാക്കി. അവർ അവനെ അക്ഷരാർത്ഥത്തിൽ വെറുത്തിരുന്നു.
ദൂരദേശത്തു ആടുകളെ മെയിച്ചിരുന്ന തന്റെ മൂത്ത മക്കളുടെ ക്ഷേമം അന്വേഷിക്കാൻ യാക്കോബ് തന്റെ പൊന്നോമന മകൻ ഔസേപ്പിനെ അയയ്ക്കുന്നു. വളരെയേറെ ബുദ്ധിമുട്ടി ഔസേഫ് സഹോദരങ്ങളെ കണ്ടെത്തുന്നു. അവനെ ദൂരെ കണ്ടപ്പോൾ തന്നെ അവരിൽ മിക്കവരിലും ഉള്ളിലൊതുക്കിയിരുന്ന വെറുപ്പും വിദ്വേഷവും ആളിക്കത്തി. ഔസേപ്പിനെ വധിക്കാൻ തന്നെ തീരുമാനിച്ചു അവർ ഗൂഢാലോചന നടത്തുന്നു. ഇത് മനസിലാക്കിയ റൂബൻ അങ്ങേയറ്റം ദുഖിതനാകുന്നു. പ്രതികാരേച്ഛകളോടെ അവൻ ഉപദേശിക്കുന്നു: “നമുക്ക് അവനെ കൊല്ലേണ്ട. രക്തം ചീന്തരുത്” (ഉല്പ. 37:21).
അങ്ങനെ മരണത്തിൽനിന്നു ഔസേപ് രക്ഷിക്കപെടുന്നു. എങ്കിലും യൂദാ ഒഴികെ മറ്റുള്ളവർ അവനെ ഒരു പൊട്ടകിണറ്റിൽ തള്ളിയിട്ടു (Ibid 24). അവർ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ ഒരു സംഘം ഇസ്മായേല്യർ ആ വഴിവന്നു. തന്റെ സഹോദരന്റെ ജീവൻ രക്ഷിക്കാൻ യൂദാ നിർദ്ദേശിക്കുന്നു: “നമ്മുടെ സഹോദരനെ കൊന്നത് കൊണ്ട് നമുക്ക് എന്ത് പ്രയോജനമാണുണ്ടാവുക? വരുവിൻ നമുക്കവനെ ഈ ഇസ്മായേലിയർക്കു വിൽക്കാം” (Ibid 26). ഇതരർ നിർദ്ദേശം സ്വീകരിച്ചു. അവർ അവനെ പൊട്ടകിണറ്റിൽനിന്നും പൊക്കിയെടുത്തു ഇരുപതു വെള്ളിക്കാശിനു ഇസ്മായേല്യർക്കു വിറ്റു. അവർ അവനെ ഈജിപ്റ്റിലേക്കു കൊണ്ടുപോയി (Ibid 28).
അങ്ങനെ അത്ഭുതകരമായ രീതിയിൽ ഔസേഫ് ഈജിപ്റ്റിലെത്തുന്നു. ഇസ്രയേലിനുള്ള സവിശേഷ ദൈവപരിപാലനയുടെ ചുരുൾ അഴിഞ്ഞു തുടങ്ങുന്നു. പൂർവ ഔസേഫ് ദൈവപരിപാലനയുടെ മകുടോദാഹരണമാകുന്നു. ഈ പ്രക്രിയയിൽ ദൈവം ഉപകരണങ്ങളാക്കിയ രണ്ടു മഹാ ഹൃദയങ്ങളാണ് റൂബനും യൂദായും. ഈ യൂദായുടെ ഗോത്രത്തിലാണ് നമ്മുടെ കർത്താവു ജനിച്ചത്.