മമ്രേയുടെ ഓക്കുമരത്തിനു സമീപം കർത്താവു (മൂന്നാളുകൾ എന്നാൽ ഏകസ്വരൂപത്തിൽ) അബ്രാഹത്തിനു വീണ്ടും പ്രത്യക്ഷനാകുന്നു. അബ്രാഹത്തിന്റെ സൽക്കാരം സസന്തോഷം സ്വീകരിച്ചു സംതൃപ്തനാവുന്നു. അനന്തരം കർത്താവു പറയുന്നു: “വസന്തത്തിൽ ഞാൻ തീർച്ചയായും തിരയെ വരും. അപ്പോൾ നിന്റെ ഭാര്യ സാറയ്ക്കു ഒരു മകനുണ്ടായിരിക്കും” (ഉല്പ. 18:10). കർത്താവിനു കഴിയാത്തതായി ഒന്നുമില്ലെന്നും 90 കഴിഞ്ഞ സാറയിൽ നിന്ന് 100 തികഞ്ഞ അബ്രഹാമിന് മകനെ നല്കാൻ തനിക്കു സാധിക്കുമെന്നും തറപ്പിച്ചു പറഞ്ഞിട്ട് അവർ എഴുന്നേറ്റു സോദോമിന് നേരെ തിരിറിച്ചു. വഴിയിലെത്തുന്നത് വരെ എബ്രഹാം അവരെ അനുയാത്ര ചെയ്തു (ഉല്പ. 18:16).
സോദോമും ഗൊമോറയും എല്ലാത്തരം പാപങ്ങളിലും മുഴുകി ജീവിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടുപേർ സോദോമിന് നേരെ നടന്നു. എബ്രഹാം അപ്പോഴും കർത്താവിന്റെ മുന്നിൽത്തന്നെ നിന്നു. കർത്താവു അവനു വ്യക്തമാക്കി: “പട്ടണങ്ങൾക്കെതിരെയുള്ള മുറവിളി വളരെ ഗുരുതരമാണ്. അവരുടെ മ്ലേശ്ചത്ത വളരെ വലുതാണ്.” എബ്രഹാം അങ്ങേയറ്റം വിനയാന്വതനായി ചോദിച്ചു: “ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരെയും അങ്ങ് നശിപ്പിക്കുമോ? നഗരത്തിൽ 50 നീതിമാന്മാരുണ്ടെങ്കിൽ അങ്ങ് അതിനെ നശിപ്പിച്ചു കളയുമോ? അവരെപ്രതി നഗരങ്ങളെ ശിക്ഷയിൽ നിന്നു ഒഴിവാക്കില്ലേ?” (cfr 18:17-24). കർത്താവു നിസ്സങ്കോചം മറുപടി പറയുന്നു: 50 പേരുണ്ടെങ്കിൽ നഗരത്തെ മുഴുവൻ രക്ഷിക്കും (ഉല്പ. 18:26). സന്ദേഹം മൂലം നഗരങ്ങളെ രക്ഷിക്കണമെന്ന അപ്രതിഹതമായ ആഗ്രഹം കൊണ്ടും എബ്രഹാം നമ്പർ 45, 40, 30, 20, 10 വരെ താഴ്ത്തികൊണ്ടുവരുന്നു. എല്ലാം സമ്മതിച്ചു, സമ്മതിച്ചു ദൈവം അരുളിച്ചെയ്യുന്നു: “ആ പത്തു പേരെപ്രതി ഞാൻ അത് (സൊധോം) നശിപ്പിക്കുകയില്ല (ഉല്പ. 10:32).
പത്തു നീതിമാന്മാർപോലും പട്ടണത്തിലില്ലാതിരുന്നതിനാൽ കർത്താവു ആകാശത്തിൽ നിന്നു പട്ടണങ്ങളിൽ (സോദോമും ഗോമേറെയും) അഗ്നിയും ഗന്ധകവും വർഷിച്ചു. അവ നാമവിശേഷമാക്കി. ലോത്തും അവന്റെ രണ്ടു പെൺമക്കളും മാത്രം രക്ഷപെട്ടു.
നാം ഇപ്പോൾ ആയിരിക്കുന്ന ലോകത്തിന്റെ അവസ്ഥ സോദോമിന്റെയും ഗൊമോറയുടെയും അവസ്ഥയെക്കാൾ പരിതാപകരമാണെന്നതല്ലേ വസ്തുത? ഏതു തിന്മയാണ് ഇന്ന് ലോകത്തു നടമാടത്ത്? എവിടെയും തിന്മയുടെ താണ്ഡവ നൃത്തം തന്നെ! പ്രായഭേദമില്ല, ലിംഗഭേദമില്ല, വിശ്വാസ ഭേദമില്ല, സ്ഥലകാലഭേദമില്ല. എന്തുകൊണ്ട് പിന്നെ പരമോന്നതൻ അഗ്നിയും ഗന്ധകവും അയയ്ക്കുന്നില്ല? ഈ വിശ്വത്തിന്റെ ഏതോ മൂക്കിനും മൂലയിലും 10 നീതിമാന്മാർ ലോകത്തിന്റെ പാപത്തിനു പരിഹാരം ചെയ്തു രാപകൽ മധ്യസ്ഥ പ്രാർത്ഥന നടത്തിയും കരുണക്കൊന്ത ചൊല്ലിയും തിരുരക്ത സംരക്ഷണപ്രാര്ഥന ചൊല്ലിയും ദൈവത്തോട് നിലവിളിക്കുന്നുണ്ട്. നിലവിളി കേൾക്കുന്നവനാണ് നമ്മുടെ ദൈവം. ഈ പത്തു പേരിൽ ഒന്നാം സ്ഥാനം നിങ്ങൾക്കായിരിക്കട്ടെ!
ഉല്പത്തിപ്പുസ്തകം പലതിന്റെയും പ്രഥമമാണ്. ആദ്യമായി ഒരാൾ ദൈവത്തോട് അനന്യമായ വിധത്തിൽ മധ്യസ്ഥപ്രാർത്ഥന നടത്തുന്നത് നാം കാണുന്നു (cfr 18:16-33). നമ്മുടെ ഇപ്പോഴത്തെ ചിന്താവിഷയം ഞാനും നിങ്ങളും അബ്രാഹത്തെ അനുകരിക്കാൻ കടപ്പെട്ടവരല്ലേ? നമ്മളോരോരുത്തരും നമ്മുടെ സഹോദരങ്ങളുടെ കാവൽക്കരല്ലേ? (cfr ഉല്പ. 4:9).