ഈശോ തന്റെ രക്ഷാകരപദ്ധതിയിൽ പങ്കാളികളാകാൻ ”തനിക്കിഷ്ടമുള്ളവരെ അടുത്തേക്കു വിളിച്ചു” (മർക്കോസ് 3-13).
ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യൻ തന്റെ സുഖത്തിനായി സഹോദരനെ ചവുട്ടി മെതിച്ചപ്പോൾ സ്നേഹം മാത്രമായ ദൈവം മദർ തെരേസയിലൂടെ അവതരിച്ചു. തെരുവിലെ കുപ്പയിൽനിന്നും ആയിരക്കണക്കിനു മാണിക്യക്കല്ലുകൾ മദർ ദൈവത്തിനായി ശേഖരിച്ചു. ബന്ധിതർക്കും പീഡിതർക്കും അവൾ സൗഖ്യദായികയായിരുന്നു.
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നു വിശ്വസിപ്പിച്ച ചുവന്ന ബംഗാളിൽ തുടങ്ങി ലോകം മുഴുവൻ വ്യാപിച്ചു മദറിന്റെ സ്നേഹസാമ്രാജ്യം. തന്റെ അസ്ഥിത്വമായ ദൈവത്തിൽ വിലയം പ്രാപിക്കുന്നതുവരെ അസ്വസ്ഥനായിരുന്ന വി. ആഗസ്തീനോസിനെ പോലെ ”ഈശോയുടെ സ്വന്ത”മായി തീരുവാൻ ഓരോ ചെറിയവർക്കുംവേണ്ടി അമ്മ മുറിക്കപ്പെട്ടു.
പരിശുദ്ധ പിതാവ് ജോൺപോൾ രണ്ടാമൻ പാപ്പയുടെ വാക്കുകളിൽ ”പാവപ്പെട്ടവരുടെ രക്ഷയ്ക്കായി സർവ്വശക്തൻ സമ്മാനിച്ച വരദാനമാണ് മദർതെരേസ”.
ആ പുണ്യാത്മാവിന്റെ ജ്വലിക്കുന്ന ഓർമ്മകൾക്കു പ്രണാമം അർപ്പിച്ചുകൊണ്ട് വട്ടക്കളത്തിലച്ചൻ തന്റെ സ്വതസിദ്ധമായ ലളിതവും കാമ്പുള്ളതുമായ ശൈലിയിൽ മദർ തെരേസയുടെ രേഖാചിത്രം വരയ്ക്കുന്നു. സഹോദരനിൽ ദൈവീകഛായ കണ്ടെത്താൻ ഈ പുസ്തകം ഉപകാരപ്രദമായിരുന്നെങ്കിൽ….