ഒരു ദിവസം ആൽബിക്ക് ചെറുതായി പനി തുടങ്ങി. അവന്റെ ഉത്സാഹവും ഉർജ്ജസ്വലതയുമെല്ലാം കുറഞ്ഞു. ജെസ്സി അവനെ ആശുപത്രിയിൽ കൊണ്ടുപോയി. ചെറുപ്പം മുതലെ ചെറിയ അസുഖങ്ങൾക്കും പ്രതിരോധ കുത്തിവയ്പ്പുകൾക്കുമെല്ലാം കൊണ്ടുപോയിട്ടുള്ള ആശുപത്രിയായതിനാൽ ഡോക്ടർമാരും നഴ്സുമാരും എല്ലാം പരിചയക്കാർ.
ഓ പി ടിക്കറ്റ് എടുത്തു. പേര് വിളിച്ചതനുസരിച്ചു അവർ ഡോക്ടറുടെ അടുക്കലെത്തി.
‘എന്തുപറ്റി ആൽബി… വല്ലാതെ വാടിയിരിക്കുന്നല്ലോ’ പരിചയക്കാരനായ ഡോക്ടർ സ്നേഹപൂർവ്വം ചോദിച്ചു.
‘അവനു ചെറിയൊരു പനി’ ജെസ്സിയാണ് മറുപടി പറഞ്ഞത്.
ഡോക്ടർ ആൽബിയെ പരിശോധിച്ചു നോക്കി.
‘nothing to worry. ഞാൻ മുന്ന് ദിവസത്തേയ്ക്ക് മരുന്ന് എഴുതിയിട്ടുണ്ട്’ ഡോക്ടർ ജെസ്സിയോട് പറഞ്ഞു.
തുടർന്ന് ആൽബികും കൊടുത്തു ചെറിയൊരു നിർദ്ദേശം. ‘മുന്ന് ദിവസത്തേയ്ക്ക് ചോക്കലേറ്റ്, മറ്റു മധുരപലഹാരങ്ങളോ കഴിക്കരുത്. cold items ഒഴിവാക്കണം.’
‘ശരി ഡോക്ടർ’ അവൻ അദ്ദേഹത്തിന്റെ നിർദ്ദേശം സ്വീകരിച്ചു.
‘എന്നാൽ മോൻ പൊയ്ക്കൊള്ളൂ… ഫർമസിയിൽ ചെന്ന് മരുന്ന് വാങ്ങിയാൽ മതി’. ഡോക്ടർ അവന്റെ പുറത്തു സ്നേഹപൂർവ്വം തലോടിക്കൊണ്ട് പറഞ്ഞു.
അവർ വെളിയിലിറങ്ങി മരുന്നും വാങ്ങി റോഡിലേക്ക് വരുമ്പോൾ അവരുടെ ഒരു കുടുംബസുഹൃത്തിനെ കാണുവാൻ ഇടയായി. തമ്മിൽ സംസാരിച്ചു. ആൽബിക്ക് മരുന്ന് വാങ്ങാൻ വന്നതാണെന്ന് വിവരം അയാളോട് പറഞ്ഞു.
‘മോൻ വരൂ… അങ്കിൾ ചോക്കലേറ്റ് വാങ്ങിത്തരാം.’തൊട്ടടുത്ത ബക്കറിയിലേക്കു കൈചൂണ്ടികൊണ്ട് അയാൾ ആൽബിയെ ക്ഷണിച്ചു.
‘വേണ്ട അങ്കിൾ എനിക്ക് പനിയാണ്’
‘അതിന്, പനിയാണെന്നുവച്ചു ചോക്കലേറ്റ് തിന്നുന്നതിനെന്താ കുഴപ്പം?’
‘മധുരമൊന്നും കഴിക്കരുതെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്.’
‘അതിന് ഡോക്ടർ അറിയുന്നില്ലലോ. അല്ലെങ്കിൽത്തന്നെ ഒരു മിഠായി തിന്നതിന്റെ പേരിൽ പനി കൂടുകയൊന്നുമില്ല.’ ഡോക്ടറുടെ നിർദ്ദേശത്തിന് പുല്ലുവില കല്പിച്ചുകൊണ്ടായിരുന്നു അയാളുടെ ക്ഷണം.
(ഡോക്ടറെ ധിക്കരിക്കാൻ കൊച്ചിനെ നിർബന്ധിക്കുന്നത് കേട്ട് ജെസ്സിക്ക് ദേഷ്യം വന്നെങ്കിലും ഒന്നും പ്രതികരിക്കാതെ മൗനം പാലിച്ചു.)
‘എനിക്ക് ചോക്കലേറ്റ് വേണ്ട അങ്കിൾ’ ആൽബി തീർത്തു പറഞ്ഞു.
‘വേണ്ടങ്കിൽ വേണ്ട’ അത്രയും പറഞ്ഞു ചെറിയൊരു നീരസത്തോടെ അയാൾ നടന്നകന്നു.
(അയാളുടെ ഭാവമാറ്റം ആൽബിക്കും മനസ്സിലായിരുന്നു.)
കൂടുതൽ സമയം അവിടെ തങ്ങാതെ പെട്ടന്നുതന്നെ ഒരു ഓട്ടോ പിടിച്ചു അവർ വീട്ടിലെത്തി.
ഡ്രസ്സ് മാറുന്നതിനിടയിൽ,
‘അമ്മെ… ഞാൻ ചോക്കലേറ്റ് വേണ്ടെന്നു പറഞ്ഞത് അങ്കിളിനു ഇഷ്ട്ടമായില്ലെന്നു തോന്നുന്നു. കുഴപ്പമായോ?’
‘ഒരു കുഴപ്പവുമില്ല. വേണ്ടെന്നു പറഞ്ഞില്ലെങ്കിലാ കുഴപ്പം.’
അതുകേട്ടപ്പോൾ ആൽബിക്ക് സമാധാനമായി.
‘ചോക്കലേറ്റ് കഴിച്ചാൽ ശരിക്കും പനികൂടുമോ?’
‘ആ കാര്യത്തിൽ അമ്മക്ക് നല്ല നിശ്ചയമില്ല. എന്നാൽ ഒരു കാര്യത്തിൽ നല്ല നിശ്ചയമുണ്ട്.’
‘അത് ഏതു കാര്യത്തിലാ?’
‘നമ്മൾ അൽപ്പം മുൻപ് കണ്ട ഡോക്ടർക്ക് നമ്മൾ രണ്ടുപേരേക്കാളും, ആ അങ്കിളിനെക്കാളും അറിവുണ്ട് എന്ന കാര്യത്തിൽ’
‘അത് ശരിയാ’ ആൽബി അമ്മയുടെ അഭിപ്രായം 100% ശരിവച്ചു.
‘കൊച്ചു പനിയൊക്കെയായിട്ടു ക്ഷീണിച്ചിരിക്കുകയാണെന്നറിയാം. എന്നാലും ആ അങ്കിളിന്റെ പ്രവർത്തിയുമായി ബന്ധപ്പെടുത്തി ഒരു നല്ല കാര്യം പറഞ്ഞുതരാൻ അവസരം വന്നപ്പോൾ പറഞ്ഞുതരട്ടെ?’
‘അതിന് ആ അങ്കിൾ എന്നെ നിർബന്ധിച്ചത് ചീത്ത കാര്യമല്ലേ?’
‘അതെ, ചീത്ത കാര്യത്തിൽ തുടങ്ങിയിട്ട് ‘അമ്മ കൊച്ചിന് നല്ല കാര്യം പറഞ്ഞുതരും. സ്വൽപ്പം തീക്കളിയാണെന്നു വച്ചോ’
ഒന്ന് നിർത്തിയിട്ടു,
‘ആ കളി തീക്കളി എങ്ങനെയുണ്ട്?’ ജെസ്സി ഒരു പ്രത്യേക ഈണത്തിൽ ചോദിച്ചു.
‘ആ കളി തീക്കളി കൊള്ളാം കൊള്ളാം’ ആൽബിയും അതെ ഈണത്തിൽ തന്നെ പ്രതികരിച്ചു.
‘എന്നാൽ ആ ചൊൽ കേട്ടോ കേട്ടോ
മറന്നുപോയാൽ ഇട്ടോ പൊത്തോ’
പറയാൻ പോകുന്ന കാര്യം വളരെ പ്രധാനപെട്ടതാണെന്നും അത് മറന്നാൽ ജീവിതത്തിൽ ‘ഇട്ടോ പൊത്തോന്ന്’ താഴെ വീഴുമെന്നും പാടുന്നതിനിടയിൽ കൈ എടുത്തുള്ള ആംഗ്യങ്ങൾ കൊണ്ട് ജെസ്സി അവനെ ബോധ്യപ്പെടുത്തി.
‘ഹി…ഹി…ഹി…ഹി…’ പനിയുടെ ക്ഷീണമെല്ലാം മറന്നു ആൽബി കുടുകുടെ ചിരിച്ചു.
(ജെസ്സിയുടെ ലക്ഷ്യവും അവനെ ഒരു നല്ല മൂഡിലെത്തിക്കുക എന്നതായിരുന്നു. അതിനുവേണ്ടിയാണ് അവതരണ ശൈലി ഒന്ന് മാറ്റിയത്)
”അമ്മ പറയു ഞാൻ മറക്കൂല്ല’ ചിരിയടക്കികൊണ്ടു അവൻ പറഞ്ഞു.
‘പറയാം കേട്ടോളു…’
അറിവുണ്ട് എന്ന് നമുക്ക് പൂർണബോധ്യമുള്ള ഒരാൾ യാതൊരു സ്വാർത്ഥ ലക്ഷ്യങ്ങളുമില്ലാതെ നമ്മുടെ നന്മയെക്കരുത്തി വിലക്കിയ ഒരു കാര്യം അയാളേക്കാൾ അറിവു കുറഞ്ഞ ഒരാൾ എത്ര നിർബന്ധിച്ചാലും ചെയ്യരുത്. ജീവിത വിജയത്തിന് അത്തരം ഉറച്ച തീരുമാനങ്ങൾ ചില സാഹചര്യങ്ങളിൽ അനിവാര്യമായിവരും.
‘ഉം’ ആൽബി തലയാട്ടികൊണ്ടു മൂളി.
‘കൊച്ചു എത്ര വലുതായാലും ‘അമ്മ പറഞ്ഞുതന്ന കാര്യം മറക്കരുത്. മറക്കുമോ?’
‘ഒരിക്കലും മറക്കൂല്ല’ ആൽബി തറപ്പിച്ചു പറഞ്ഞു. ‘എനിക്ക് ചെറിയൊരു സംശയമുണ്ടായിരുന്നു -അങ്കിളിനോട് ചോക്കലേറ്റ് വേണ്ടെന്നു പറഞ്ഞത് അനുസരണക്കേടാകുമോ’ ആൽബി ജെസ്സിയുടെ മുൻപിൽ മനസ്സ് തുറന്നു.
‘ഇല്ല മോനെ ഒരിക്കലുമില്ല. കാരണം അയാൾ നന്മയ്ക്കായി അല്ലല്ലോ തിന്മയ്ക്കല്ലേ പ്രേരിപ്പിച്ചത്. അതായതു ഡോക്ടറുടെ വാക്കിനെ ധിക്കരിക്കാൻ.’
‘ശരിയാ’ ആൽബിക്ക് ‘അമ്മ പറഞ്ഞ ന്യായം ബോധിച്ചു.
‘ഇത്തരം സാഹചര്യങ്ങളിൽ നമ്മൾ സ്വീകരിക്കേണ്ട നിലപാട് യേശു ഒറ്റ വാചകത്തിൽ പറഞ്ഞിട്ടുണ്ട്.ആ കാര്യം കൊച്ചിനറിയാമോ?’
‘അറിയില്ല. അതേതാ ആ വാചകം?
‘ചെന്നായ്ക്കളുടെ ഇടയില്ലേക്ക് ചെമ്മരിയാടുകളെ എന്നപോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു. അതിനാൽ, നിങ്ങൾ സർപ്പങ്ങളെപോലെ വിവേകികളും പ്രാവുകളെപോലെ നിഷ്കളങ്കരുമായിരിക്കണം’ (മത്താ. 10:16).
‘കൊച്ചിന് പരിചയമുണ്ടോ ഈ വാചകം?’
‘വായിച്ചതായിട്ടു ഓർമ്മയുണ്ട്. പക്ഷെ അതുകൊണ്ടു യേശു ഉദ്ദേശിച്ചതെന്താണെന്നു മനസിലായില്ല.’
‘അതല്ലേ ‘അമ്മ എപ്പോൾ പറയാൻ പോകുന്നത്. ശിഷ്യന്മാരെ സുവിശേഷ വേലയ്ക്കു നിയോഗിച്ചുകൊണ്ടു യേശു പറഞ്ഞതാണ് ആ വാചകം. അന്ന് ശിഷ്യന്മാരുടെ അവസ്ഥ ക്രൂരമൃഗങ്ങളായ ചെന്നായ്ക്കളുടെ ഇടയിൽപെട്ട പാവം ചെമ്മരിയാടിന്റെതുപോലെയായിരുന്നുവെങ്കിൽ ഇന്ന് അതെ അവസ്ഥ തന്നെയാണ് സ്വർഗ്ഗരാജ്യത്തിലേക്കു യാത്ര ചെയ്യുന്നവർ ചുറ്റുമുള്ള ലോകത്തിൽനിന്നും അഭിമുഖീകരിക്കേണ്ടിയിരിക്കുന്നതു. അതുകൊണ്ടു നമ്മൾ സർപ്പങ്ങളെപോലെ വിവേകികളും പ്രാവുകളെ പോലെ നിഷ്കളങ്കരുമായിരിക്കണം.’
‘സർപ്പങ്ങളെയും പ്രാവുകളെയും യേശു പ്രിത്യേകമായിട്ടു ഉപമിച്ചിരിക്കുന്നതിനു എന്തെങ്കിലും കാരണമുണ്ടാകില്ലേ?’
‘ഉണ്ടല്ലോ. സർപ്പങ്ങൾ അപകടം എളുപ്പത്തിൽ തിരിച്ചറിയാൻ കഴിവുള്ള നല്ല വിവേകമുള്ള ജീവികളാണ്. പ്രാവുകളാകട്ടെ വളരെ ശാന്തതയും സൗമ്യതയുമുള്ള നിഷ്കളങ്കതയുടെ പര്യായമായ പക്ഷികളും.’
‘അപ്പോൾ… വി. മത്തായി 10:16 വായിക്കുമ്പോൾ ഇന്നത്തെ ചുറ്റുപാടിൽ നമ്മൾ മനസിലാക്കേണ്ട കാര്യം ഇതാണ് – നമ്മുടെ മുൻപിലേക്ക് വരുന്ന പ്രലോഭകരെ സർപ്പങ്ങളുടെ വിവേകത്തോടെ തിരിച്ചറിഞ്ഞു അവരുടെ കെണിയില്പെടാതെ സ്വയം സംരക്ഷിക്കണം. അതുപോലെതന്നെ, നമ്മെ പ്രലോഭിപ്പിക്കുന്നവരോടുപോലും പ്രാവുകളെപോലെ സൗമ്യമായി പെരുമാറികൊണ്ട് അവരെ തന്ത്രപൂർവം ഒഴിവാക്കണം. ചുരുക്കിപ്പറഞ്ഞാൽ ആരുടേയും,ശത്രുത സമ്പാദിക്കുകയുമരുത് പ്രലോഭിതരാകുകയുമരുത്.’
അമ്മ പറഞ്ഞതെല്ലാം മനസിലായി എന്ന അർത്ഥത്തിൽ ആൽബി തലകുലുക്കി.
‘ശത്രുവിനെ നമ്മൾ എതിർത്ത് തോൽപ്പിച്ചാൽ അവൻ കൂടുതൽ ശക്തി സംഭരിച്ചു നമ്മെ നേരിടാൻ വീണ്ടും വന്നേക്കാം. എന്നാൽ വിവേകപൂർവം സൗമ്യമായി ഒഴിവാക്കിയാൽ ശത്രു നാണംകെട്ടു പിന്മാറും.പിന്നീടൊരിക്കലും നമ്മുടെ ഏഴയലത്തുപോലും വരില്ല.’
‘അതെന്താ പിന്നീട് വരില്ലാത്തതു’ ആൽബിക്ക് ചെറിയൊരു സംശയം.
‘വിവേകവും സൗമ്യതയും പരിശുദ്ധാത്മ സഹവാസത്തിന്റെ പ്രതിഫലനങ്ങളാണ്. ദിവ്യരൂപിയുടെ ഒളിമിന്നുന്നിടത്തേക്കു സാത്താൻ എത്തിനോക്കുകപോലുമില്ല.’
‘ഇപ്പോഴാ എനിക്ക് എല്ലാം ശരിക്കു പിടികിട്ടിയത്.’
‘എന്നാൽ കിട്ടിയ പിടി വിടാതെ മരണം വരെ മുറുക്കെ പിടിച്ചുകൊള്ളണം’ സന്തോഷപൂർവം ജെസ്സി പറഞ്ഞു നിർത്തി.
റോബിൻ സഖറിയാസ്