അറിവിൽ ആരോഗ്യമുണ്ട്. അറിവില്ലായ്മയിൽ രോഗങ്ങളും. രോഗങ്ങളെകുറിച്ചും ചികിത്സകളെ കുറിച്ചും ധാരാളം അറിവുള്ളവർ ആണ് നമ്മൾ. എന്നാൽ അതിനേക്കാൾ നല്ലത് ജീവനെ കുറിച്ചും സൗഖ്യത്തെ കുറിച്ചും ശരിയായി അറിയുന്നതാണ്.
ഒരു നല്ല ജീവിതത്തിന് ആവശ്യമുള്ളത് എന്തൊക്കെയാണെന്ന് അറിയുകയാണ് പ്രധാനപ്പെട്ടത്. ഈ ലോകം തരുന്നതെന്തും കൈനീട്ടി സ്വീകരിക്കേണ്ടവരല്ല നമ്മൾ. ദൈവം തരുന്നതിനെ നിരസിക്കാതിരിക്കാൻ നന്മതിന്മകൾ തിരിച്ചറിയുകയാണ് ആവശ്യം.
വെയിലും മഴയുമൊക്കെ ചിലർക്കെങ്കിലും അലർജി രോഗങ്ങൾക്ക് കാരണം ആകാറില്ലേ. ഇവ രണ്ടും ജീവന്റെ നിലനിൽപ്പിന് അത്യാവശ്യം ഉള്ളവയാണ്. ” പകൽ സൂര്യനും രാത്രി ചന്ദ്രനും നിന്നെ ഉപദ്രവിക്കുകയില്ല എന്ന് സങ്കീർത്തകനിലൂടെ ദൈവം അരുളിച്ചെയ്യുന്നു”. ( സങ്കീർത്തനം 121)
വെയിലും മഴയും ഒക്കെ നമുക്ക് ആവശ്യമുള്ളത് പോലെ യഥാസമയം ലഭിക്കത്തക്കവിധം ആണ് ദൈവം സംവിധാനം ചെയ്തത്. എന്നാൽ വൃക്ഷങ്ങൾ വെട്ടി നശിപ്പിച്ചും, ജലാശയങ്ങൾ മണ്ണിട്ട് നിരത്തിയും ഈ ദൈവിക സംവിധാനങ്ങളെ നമ്മൾ തള്ളിക്കളഞ്ഞു. ഇരിക്കുന്ന കമ്പ് തന്നെ മുറിക്കാൻ മാത്രം അവിവേകികളായ നമ്മൾ. അതിനാൽ കൊടും ചൂടും അതിവർഷവും പ്രകൃതിക്ഷോഭങ്ങളും മൂലം നമ്മുടെ ജീവിതം ദുരിതപൂർണമായി. ദൈവിക സംവിധാനങ്ങളെ അവഗണിച്ചു കളഞ്ഞ മനുഷ്യന്റെ ദുർഗതി യാണ് ഇന്നത്തെ മിക്ക അലർജി രോഗങ്ങൾക്കും കാരണം.
ശരിയായ രീതിയിൽ ആഹാരം ശീലിച്ചാൽ പലവിധ രോഗങ്ങളും നമുക്ക് ഒഴിവാക്കാനാകും. ഉഷ്ണമേഖലയിൽ ജീവിക്കുന്ന നമുക്ക് ശരീരത്തിന് ആവശ്യമുള്ളത് സസ്യാഹാരം ആയിരിക്കെ അമിതമായ മാംസാഹാരത്താൽ നമ്മുടെ ശരീരത്തെ മാരകമായ പല രോഗങ്ങൾക്കും വെറുതെ നമ്മൾ വിട്ടുകൊടുക്കുകയായിരുന്നു.
അകാരണമായ ഒരു തരം ഭയത്തിന് ലോകമെങ്ങുമുള്ള മനുഷ്യവംശം അടിമപ്പെട്ടു കൊണ്ടിരിക്കുന്നു. ജീവന്റെ അസ്ഥിരത അവനെ വേട്ടയാടുന്നു. അറിവില്ലായ്മയാണ് മിക്ക ഭയങ്ങൾക്കും അടിസ്ഥാനം. അതിൽനിന്നുള്ള വിമോചനത്തിന് ദൈവത്തെയും മനുഷ്യനെയും പ്രകൃതിയെയുമറിഞ്ഞു സ്നേഹിക്കുകയാണ് ആവശ്യം. “കാരണം, സ്നേഹത്തിൽ ഭയത്തിന് ഇടമില്ല. പരിപൂർണ്ണ സ്നേഹം ഭയത്തെ ബഹിഷ്കരിക്കുന്നു “. (1 1 യോഹന്നാൻ 4: 18 )
പ്രകൃതിയേയും സർവ ജീവജാലങ്ങളെയും സ്നേഹിച്ചും പരിപാലിച്ചും അവയ്ക്ക് മേൽ ആധിപത്യം പുലർത്തി ജീവിക്കേണ്ട മനുഷ്യൻ ഇന്ന് പ്രകൃതി ശക്തികൾക്ക് അടിമപ്പെട്ടു അവയെ ഭയപ്പെട്ടു ജീവിക്കുന്നു. അന്ധവിശ്വാസങ്ങളും അതുമൂലമുള്ള അകാരണ ഭയങ്ങളും പലതരത്തിലുള്ള രോഗങ്ങൾക്കും കാരണമായിത്തീരുന്നു. ദൈവം സൃഷ്ടിച്ച ദിവസങ്ങളും സമയവും ഒന്നുപോലെ പരിശുദ്ധം ആണെങ്കിൽ നമുക്ക് അങ്ങനെ അവയെ നല്ലതും ചീത്തയും ആയി വേർതിരിക്കാൻ ആകും? അറിവില്ലായ്മയിൽ നിന്ന് ഉളവാകുന്ന ഭയം നമ്മിൽ ചെലുത്തുന്ന സ്വാധീനം എത്ര വലുതാണെന്ന് അറിയാൻ ഈ പാമ്പിന്റെയും തവളയുടെയും കഥ നമ്മെ സഹായിക്കും. ആർക്കാണ് കൂടുതൽ വിഷം എന്നുള്ളതായിരുന്നു അവർക്കിടയിലെ തർക്കവിഷയം. മൂർഖൻ പാമ്പിന് അതിലൊട്ടും സംശയമില്ലായിരുന്നു. എന്നാൽ തവള മൂർഖനെ വെല്ലുവിളിച്ചു. തനിക്കാണ് കൂടുതൽ വിഷം, വേണമെങ്കിലും കാണിച്ചുതരാം. ചില വ്യവസ്ഥകൾ ഉണ്ടെന്ന് മാത്രം.
തവള പറഞ്ഞതുപോലെ പാമ്പും സമ്മതിച്ചു. രണ്ടുപേരും ഇടവഴിക്കരികിലുള്ള മാളങ്ങളിൽ ഒളിച്ചിരുന്നു. അപ്പോൾ അതിലെ നടന്നു വന്ന മനുഷ്യന്റെ കാലിൽ കൊത്തിയിട്ട് മൂർഖൻ അയാളെ കാണാതെ മാളത്തിലൊളിച്ചു. പകരം നേരത്തെ പറഞ്ഞുറപ്പിച്ചിരുന്നതുപോലെ തവള അയാളുടെ പിന്നിലേക്ക് ചാടിവീണു . കടിയേറ്റ വേദനയോടെ അയാൾ തിരിഞ്ഞു നോക്കുമ്പോൾ ഒരു തവള ചാടി ചാടി പോകുന്നു. ‘ഹൊ!ഇതായിരുന്നോ ‘ അയാൾ ആശ്വാസത്തോടെ നടന്നുപോയി.
രണ്ടാമൂഴം തവളയുടെതായിരുന്നു. അതിലെ വന്ന മനുഷ്യന്റെ കാലിൽ കടിച്ചിട്ട് തവള മാളത്തിലൊളിച്ചു. പറഞ്ഞതുപോലെ പിന്നിൽ മൂർഖൻ പത്തി വിടർത്തി നിന്നു. കടിയേറ്റ വേദനയോടെ അയാൾ തിരിഞ്ഞു നോക്കുമ്പോൾ പിന്നിലൊരു മൂർഖൻ. പിന്നീട് സംഭവിച്ചത് എന്താണെന്ന് പറയേണ്ടതില്ലല്ലോ. അവിടെ വീണു അയാൾ മരിച്ചെന്നു കഥ.
അറിവില്ലായ്മയും ഭയവും ചിലപ്പോഴെങ്കിലും മാരകമായേക്കാം. എന്നാൽ ദൈവത്തിലുള്ള ഭയം മറ്റെല്ലാ ഭയങ്ങളും അതിജീവിക്കാൻ നമ്മെ സഹായിക്കും.
ദൈവം വസിക്കുന്ന വിശ്വാസ ദൃഢത ഉള്ള ഒരു ഹൃദയം നമുക്ക് ലഭിക്കാൻ പ്രാർത്ഥിക്കണം. അപ്പോൾ അകാരണ ഭയങ്ങളും അതുമൂലമുള്ള രോഗങ്ങളും നമ്മെ വിട്ടു പോകും. സങ്കീർത്തകനോട് ചേർന്ന് നമുക്ക് പറയാൻ കഴിയണം.
” കർത്താവ് എന്റെ പ്രകാശവും രക്ഷയും ആണ്. ഞാൻ ആരെ ഭയപ്പെടണം. കർത്താവ് എന്റെ ജീവിതത്തിന് കോട്ടയാണ്. ഞാനാരെ പേടിക്കണം “
( സങ്കീർത്തനം 27: 1 ).
ഇതാ നിങ്ങൾക്ക് സൗഖ്യം എന്ന ലേഖനത്തിൽ നിന്ന്…
കടപ്പാട്….ശ്രീ.മാത്യു മാറാട്ടുകളം