ക്രൈസ്തവർ കർത്താവിനെ പ്രതി എല്ലാ മാനുഷികാധികാരങ്ങൾക്കും വിധേയരായിരിക്കണം. നിങ്ങൾ നന്മ പ്രവർത്തിച്ചുകൊണ്ട് മൂഢരായ മനുഷ്യരുടെ അജ്ഞതയെ നിശബ്ദമാക്കണം. മിശിഹാ തന്റെ പരിശുദ്ധാത്മാവിലൂടെ നൽകുന്ന യഥാർത്ഥ സ്വാതന്ത്ര്യത്തിൽ ജീവിക്കുക. എന്നാൽ സ്വാതന്ത്ര്യം തിന്മയുടെ ആവരണം ആക്കരുത്. മറിച്ച് ദൈവത്തിന്റെ ദാസരെപ്പോലെ ജീവിക്കുവിൻ. ജാതി,മത, വർഗ്ഗ, വർണ്ണ, ഭേദമില്ലാതെ എല്ലാ മനുഷ്യരെയും ബഹുമാനിക്കുവിൻ, സ്നേഹിക്കുവിൻ ..
ദൈവത്തെ ഭയപ്പെടുവിൻ… രാജാവിനെ മാനിക്കുവിൻ…
“എന്നാല്‍, നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്. അതിനാല്‍, അന്ധകാരത്തില്‍നിന്നു തന്റെ അദ്ഭുത കരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ നന്മകള് പ്രകീര്‍ത്തിക്കണം.
മു മ്പു നിങ്ങള്‍ ഒരു ജനമായിരുന്നില്ല; ഇപ്പോള്‍ നിങ്ങള്‍ ദൈവത്തിന്റെ ജനമായിരിക്കുന്നു. മുമ്പു നിങ്ങള്‍ക്കു കരുണ ലഭിച്ചിരുന്നില്ല; ഇപ്പോള്‍ കരുണ ലഭിച്ചിരിക്കുന്നു.
പ്രിയപ്പെട്ടവരേ, നിങ്ങളുടെ ആത്മാവിനെതിരായി പോരാടിക്കൊണ്ടിരിക്കുന്ന ശാരീരിക പ്രവണതകളില്‍നിന്നു പരദേശികളും വിപ്രവാസികളുമെന്നനിലയില്‍, ഒഴിഞ്ഞുനില്ക്കാന് നിങ്ങളോടു ഞാന്‍ അപേക്ഷിക്കുന്നു.
വിജാതീയരുടെയിടയിലുള്ള നിങ്ങളുടെ പെരുമാറ്റം നന്നായിരിക്കട്ടെ. നിങ്ങള്‍ ദുഷ്കര്‍മികളാണെന്നു നിങ്ങള്‍ക്കെ തിരായി പറയുന്നവര്‍ നിങ്ങളുടെ നല്ല പ്രവൃത്തികള്‍ കണ്ട് പ്രത്യാഗമന ദിവസം ദൈവത്തെ സ്തുതിക്കട്ടെ.
ഉന്നതാധികാരിയായരാജാവോ, ദുഷ്കര്‍മികളെ ശിക്ഷിക്കാനും സത്കര്‍മികളെ പ്രശംസിക്കാനുമായി രാജാവിനാല്‍ അയയ്ക്കപ്പെടുന്ന പ്രാദേശികാധികാരികളോ ആരായിരുന്നാലും,
നിങ്ങള്‍ കര്‍ത്താവിനെപ്രതി എല്ലാ മാനുഷികാധികാരങ്ങള്‍ക്കും വിധേയരായിരിക്കുവിന്‍.
നന്മ പ്രവര്‍ത്തിച്ചുകൊണ്ടു നിങ്ങള്‍ മൂഢരായ മനുഷ്യരുടെ അജ്ഞതയെ നിശബ്ദമാക്കണം എന്നതാണു ദൈവഹിതം. നിങ്ങള്‍ സ്വതന്ത്രരായി ജീവിക്കുവിന്‍.
എന്നാല്‍, സ്വാതന്ത്ര്യം തിന്മയുടെ ആവരണമാക്കരുത്. മറിച്ച്, ദൈവത്തിന്റെ ദാസരെപ്പോലെ ജീവിക്കുവിന്‍.
എല്ലാ മനുഷ്യരെയും ബഹുമാനിക്കുവിന്‍; നമ്മുടെ സഹോദരരെ സ്നേഹിക്കുവിന്‍;ദൈവത്തെ ഭയപ്പെടുവിന്‍; രാജാവിനെ ബ ഹുമാനിക്കുവിന്‍”(1 പത്രോസ് 2 : 9-17).