നിങ്ങൾ ഇപ്രകാരം പ്രാർത്ഥിക്കുവിൻ എന്ന് ആഹ്വാനത്തോടെ ആരംഭിക്കുന്ന പ്രാർത്ഥനയ്ക്ക് ഏറെ ആധികാരികത ഉണ്ട്. പ്രാർത്ഥനാ ലളിതമായിരിക്കണം. തന്റെ മുൻപിൽ പ്രാർത്ഥിക്കുന്ന വ്യക്തിയുടെ ആവശ്യങ്ങൾ അവിടുന്നറിയുന്നു എന്ന ബോധ്യവും അത് നടത്തി തരും എന്നുള്ള പ്രത്യാശയും ആണ് ആവശ്യം
വ്യക്തിപരമായ പ്രാർത്ഥനയിൽ രഹസ്യ സ്വഭാവവും ദൈവത്തോടുള്ള തുറവി യും വ്യക്തിബന്ധവും ആവശ്യപ്പെടുമ്പോൾ സമൂഹം ഒരുമിച്ച് പ്രാർത്ഥിക്കുന്നതിന് അത് ഒരിക്കലും തടസ്സമല്ല. യേശു പഠിപ്പിച്ച സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥന സമൂഹം ഒരുമിച്ച് പ്രാർത്ഥിക്കുവാൻ ഉള്ളതാണ്.
തന്റെ ശിഷ്യ സമൂഹത്തിനുവേണ്ടി യേശു സമൂഹത്തോട് ചേർന്നുകൊണ്ട് പ്രാർത്ഥിക്കുന്നു എന്നതാണ് ഈ പ്രാർത്ഥനയുടെ സവിശേഷത. ഞങ്ങളുടെ പിതാവേ എന്ന അത്യുന്നതനായ ( സ്വർഗ്ഗസ്ഥനായ) ദൈവത്തെ സംബോധന ചെയ്യുമ്പോൾ മനുഷ്യനായി അവതരിച്ച ദൈവപുത്രൻ ഞങ്ങൾ എന്ന കൂട്ടായ്മയുടെ ഭാഗമാണ്. ഈ കൂട്ടായ്മയുടെ ഭാഗമായിട്ട് മാത്രമേ മനുഷ്യരായ നമുക്ക് ദൈവത്തെ പിതാവേ എന്ന് വിളിക്കാൻ ആകൂ. തനിച്ച് പ്രാർത്ഥിക്കുമ്പോഴും ഈ കൂട്ടായ്മയുടെ ഭാഗം ആണെന്ന് ബോധ്യത്തോടെ കൂടിയേ അർത്ഥവത്തായി പ്രാർത്ഥിക്കാനാവൂ. യേശു ദൈവത്തെ നിരവധി പ്രാവശ്യം എന്റെ പിതാവേ എന്നും (ഉദാ.7: 21 ;10: 32- 33; 11 :27 ;12 :50 ) നിങ്ങളുടെ പിതാവ് എന്നും(ഉദാ.5 :15,45- 48; 6 :1 ;4 -6) വിളിക്കുന്നുണ്ട്.
എന്നാൽ ഞങ്ങളുടെ പിതാവേ എന്നുള്ള ബൈബിളിലെ ഏക പ്രയോഗമാണിത് എന്നത് ഈ പ്രാർത്ഥനയെ മറ്റേതു പ്രാർത്ഥനകളിൽ നിന്നും വേറിട്ടുനിർത്തുന്നു. യേശു ശിഷ്യന്മാർക്കുവേണ്ടി അവരുടെ ഭാഷയിൽ താൻ മാറി നിന്നുകൊണ്ട് ഞങ്ങളുടെ പിതാവേ,എന്ന് സംബോധന ചെയ്യുകയല്ല. ജോർദാനിൽ വെച്ച് ജ്ഞാന സ്നാനം സ്വീകരിച്ചപ്പോൾ മനുഷ്യരോട് ഐക്യദാർഢ്യം പ്രകടമാക്കിയത് പോലെഇവിടെ മനുഷ്യനോട് ചേർന്ന് നിന്നുകൊണ്ടാണ് പ്രാർത്ഥിക്കുക.തന്റെ പിതാവിനെ ശിശു സഹജമായ സ്നേഹത്തോടും ആശ്രയബോധത്തോടും കൂടി പിതാവേ എന്നു വിളിക്കാൻ അവിടുന്നു നമ്മെ പ്രാപ്തരാക്കുകയായിരുന്നു.
നമ്മെ സൃഷ്ടിച്ച ദൈവം നമ്മെ സ്നേഹിക്കുന്ന പിതാവാണെന്ന അറിവ് മനുഷ്യനു പ്രത്യാശ നൽകുന്നു. ദൈവപരിപാലന എന്ന ചിന്തയിലേക്ക് അവനെ നയിക്കുന്നു