ജീവൻ സമൃദ്ധമായ ആവാസവ്യവസ്ഥയിൽ ആയിരിക്കണം. തന്റെ ഛായയും സാദൃശ്യവും പേറുന്ന സൃഷ്ടിയുടെ മകുടമായ മനുഷ്യൻ ജീവിക്കേണ്ടതെന്ന് ദൈവം മുൻകൂട്ടി തീരുമാനിച്ചിരുന്നു. അതിനായിട്ടാണല്ലോ തന്റെ സൃഷ്ടികർമ്മത്തിന്റെ ആരംഭത്തിൽ അഞ്ചു നാൾ കൊണ്ട് സർവ്വ ജീവജാലങ്ങളോടും കൂടിയ മനോഹരമായ പ്രകൃതിയെ അവിടുന്ന് മെനഞ്ഞെടുത്തത്. പിന്നീട് ആറാം ദിവസമാണ് മനുഷ്യനെ സൃഷ്ടിച്ചത്.
ദൈവീക സംവിധാനങ്ങൾ ഒന്നും മാറ്റപ്പെടാവുന്നതല്ല. എന്നാൽ ആധുനിക മനുഷ്യൻ ഈ ദൈവിക സംവിധാനത്തെ തള്ളിക്കളഞ്ഞുകൊണ്ട് നിർജീവ വസ്തുക്കക്കൊപ്പം രോഗ ദുരിതങ്ങളിൽ കഴിയുന്നു. കമ്പ്യൂട്ടർകളും യന്ത്രവൽകൃത മായ ഗൃഹോപകരണങ്ങളും മാത്രമാണ് നമ്മുടെ സന്തത സഹചാരി.
മത്സ്യം ഭക്ഷിക്കാൻ നമ്മൾ ആഗ്രഹിക്കുമ്പോഴും മത്സ്യം വളരേണ്ട തോടും പുഴകളും നമ്മൾ മണ്ണിട്ട് മൂടുന്നു. ഇറച്ചിയും മുട്ടയും നമ്മൾ ഇഷ്ടപ്പെടുമ്പോഴും കോഴിയെ പോലുള്ള പക്ഷികളെ വളർത്താൻ നമ്മളെ ഇഷ്ടപ്പെടുന്നില്ല. പാലു കുടിക്കാൻ ആഗ്രഹിക്കുന്ന നമ്മൾ പാലു തരുന്ന പശുവിനെ ഇഷ്ടപ്പെടുന്നില്ല.
മുറ്റത്തെ മുല്ലയ്ക്കും റോസയ്ക്കും പകരമായി ജീവന്റെ ഗന്ധമില്ലാത്ത പ്ലാസ്റ്റിക് പൂക്കളെ നമ്മൾ ഇഷ്ടപ്പെടുന്നു. പ്രാണവായു തരുന്ന വൃക്ഷങ്ങൾ വെട്ടിമാറ്റി, ചെടികളും സസ്യങ്ങളും വളരുന്ന സൂക്ഷ്മാണുക്കൾ നിറഞ്ഞ വസിക്കുന്ന മേൽമണ്ണുപോലും കോരി മാറ്റി കോൺക്രീറ്റ് വീടുകൾ പണിത് അവയ്ക്കുള്ളിൽ യന്ത്ര മനുഷ്യരെപ്പോലെ നമ്മളും ജീവിക്കുന്നു. പരസ്പരം കാണാതെ, ഒന്ന് പുഞ്ചിരിക്കുകയൊ ഹസ്തദാനം ചെയ്യുക യോ ഇല്ലാതെ ആരോടും എപ്പോഴും സംസാരിക്കാൻ മൊബൈൽ ഫോണുകൾ കൈകളിൽ നമ്മൾ കരുതുന്നു. യാന്ത്രികമായ ഈ ജീവിതം നമ്മെ ഒരുപാട് രോഗങ്ങൾക്ക് അടിമകളാക്കുന്നു. ജീവൻ ഉണ്ടാകാൻ ജീവനുള്ളവയെ സ്നേഹിക്കണം. ജീവനുള്ളവയെ സ്നേഹിക്കാതെ നമുക്ക് എങ്ങനെ ജീവന്റെ നാഥനായ ദൈവത്തെ സ്നേഹിക്കാൻ കഴിയും.
ഇതാ നിങ്ങൾക്ക് സൗഖ്യം എന്ന ലേഖനത്തിൽ നിന്ന്…
കടപ്പാട്….
ശ്രീ.മാത്യു മാറാട്ടുകളം