ബലിയുടെ മർമ്മപ്രധാനമായ ഒരു ഭാഗ (കൂദാശ അനാഫൊറ)ത്തേക്ക് ആരാധനാ സമൂഹം കടക്കുകയാണ്. അതുകൊണ്ട് തന്നെയാണ് വിശുദ്ധികരിക്കപ്പെട്ട ഹൃദയവും വെടിപ്പാകപ്പെട്ട മനസ്സാക്ഷിയും ഉള്ളവരായി അതിവിശുദ്ധ സ്ഥലത്ത് പ്രവേശിക്കുവാനും ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടും കൂടെ അങ്ങയുടെ ബലിപീഠത്തിനു മുമ്പാകെ നിൽക്കുവാനും എല്ലാവരെയും അനുഗ്രഹിക്കണമെയെന്നു വൈദികൻ തീക്ഷണമായി പ്രാർത്ഥിക്കുന്നത്. യഥാർത്ഥ വിശ്വാസത്തോടെ മഹോന്നതമായ ഈ ബലി അർപ്പിക്കുവാൻ ഞങ്ങളെ യോഗ്യരാക്കണമെന്നും വൈദികൻ പ്രാർത്ഥിക്കുന്നു.
വിശ്വാസപ്രമാണം
ബലിയുടെ ഏതാണ്ട് കേന്ദ്ര ഭാഗത്താണ് വൈദികനും ആരാധനാ സമൂഹവും ചേർന്ന് തങ്ങളുടെ വിശ്വാസത്തിന്റെ മഹാ രഹസ്യങ്ങൾ അടങ്ങുന്ന വിശ്വാസപ്രമാണം ആഘോഷമായി ചൊല്ലുന്നത്. ഈ വിശ്വാസപ്രഖ്യാപനം പൈശാചിക ശക്തികളെ തുരത്താനും അർപ്പകർക്ക് ഏകാഗ്രതയും ഭക്തിയും കൈ വരുന്നതിനും വളരെ സഹായകമാകും. വിശ്വാസപ്രമാണവും പ്രാർത്ഥനപോലെ തന്നെ കരുതി, അനുഭവിച്ചു, ധ്യാനിച്ചു, ചൊല്ലേണ്ടതാണ്. ഏക ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു എന്ന പ്രഖ്യാപനം അങ്ങേയറ്റം മൗലികം ആണ്. ദൈവത്തിന്റെ ഏകത്വം പഴയനിയമത്തിൽ (പഴയ നിയമത്തിലെ ദൈവാവിഷ്കരണത്തിൽ) വേരൂന്നി ട്ടുള്ള സത്യമാണ് ; ഇത് അടിസ്ഥാനപരവും ആണ്. ദൈവം ഏകനാണ്. അവിടുന്ന് അല്ലാതെ മറ്റൊരു ദൈവമില്ല. ” സ്വഭാവത്തിലും സാരാംശത്തിലും അന്ത:സത്തയിലും ദൈവം ഏകനാണെന്ന് ക്രൈസ്തവ വിശ്വാസം വിശ്വസിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു “(Roman Catechism).
തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേലിന് ഏകദൈവം ആയി അവിടുന്ന് സ്വയം വെളിപ്പെടുത്തി.” ഇസ്രായേലേ കേൾക്കുക”. നമ്മുടെ കർത്താവായ ദൈവം ഏക കർത്താവാകുന്നു. നിന്റെ ദൈവമായ കർത്താവിനെ പൂർണ്ണഹൃദയത്തോടും പൂർണത്മാവോടും പൂർണ്ണ ശക്തിയോടും സ്നേഹിക്കണം( നിയ. 6 :4 -5 ). ഈശോയും ഇക്കാര്യങ്ങൾ (മർക്കോ 12: 29- 30) ഉറപ്പിച്ചു പറയുന്നുണ്ട്. അതേസമയം താൻ തന്നെയാണ് ഈ കർത്താവെന്നും ഈശോ ചൂണ്ടിക്കാണിക്കുന്നു (മത്താ. 12: 35- 37 ).
വെളിപ്പെടുത്തപ്പെട്ട ത്രിത്വ സത്യം
ഏകദൈവം വിശ്വാസത്തിന് വിരുദ്ധമല്ല. ” കർത്താവും ജീവദാതാവും ആയ പരിശുദ്ധാത്മാവിലുള്ള വിശ്വാസവും ഏകദൈവത്തിൽ യാതൊരു വിഭജനവും വരുത്തുന്നില്ല. ഈ സത്യം ലാറ്റിൻ കൗൺസിൽ വ്യക്തമാക്കിയിരിക്കുന്നത് ഇങ്ങനെ ആണ്. ” സത്യ ദൈവം ഏകനാണെന്നും അവിടുന്നു നിത്യനും അനന്തവ്യാപിയും മാറ്റമില്ലാത്തവനും അഗ്രാഹ്യവും സർവ്വശക്തനും അവർണ്ണനീയനുമായ പിതാവും പുത്രനും പരിശുദ്ധാത്മാവുമാണെന്നും മൂന്ന് ആളുകളെങ്കിലും ഒരേയൊരു സാരാംശവും സത്തയും അഥവാ പ്രകൃതിയും മാത്രമാണ് (അവർക്ക്) ഉള്ളതെന്നും അവിടുന്ന് പരിപൂർണ്ണ കേവലനാണെന്നും നമ്മൾ ഉറച്ചു വിശ്വസിക്കുകയും അസന്നിഗ്ധമായി ഏറ്റുപറയുകയും ചെയ്യുന്നു.”
ഏക ദൈവം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ പരിശുദ്ധ ത്രിത്വമാണ്”. പിതാവ് സർവശക്തനും ദൃശ്യവും അദൃശ്യവുമായ സകല ത്തിന്റെ യും സൃഷ്ടാവാണ്. പിതാവിൽനിന്ന് ജനിച്ചവനാണ് ഈശോ. എന്നാൽ അവിടുന്ന് പിതാവിന്റെ സൃഷ്ടിയല്ല. വിശ്വ ത്തിന്റെ ഏക കർത്താവും ഏക രക്ഷകനും ആണ് അവിടുന്ന്. സത്യദൈവത്തിൽ നിന്നുള്ള സത്യദൈവം പിതാവിനോടൊപ്പം ഏക സത്ത ഇരുവരുടെയും (പരിശുദ്ധാത്മാവിന്റെയും) സത്ത ഒന്നുതന്നെയാണ്. മൂവരും സത്തയിൽ സമന്മാരാണ്. പിതാവ് എങ്ങനെ ദൈവമാണോ അങ്ങനെതന്നെ പുത്രനും പരിശുദ്ധാത്മാവും സത്യവുമാണ്. പ്രപഞ്ചം സംവിധാനം ചെയ്യപ്പെട്ടതും എല്ലാ സൃഷ്ടിക്കപ്പെട്ടതും ഈശോയിലൂടെ തന്നെയാണ്. നമുക്കും നമ്മുടെ രക്ഷയ്ക്കും വേണ്ടി അവിടുന്ന് സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്നു ( മനുഷ്യാവതാരം ചെയ്തു ). പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ പരിശുദ്ധ കന്യകാമറിയത്തിൽ നിന്ന് അവിടുന്ന് ശരീരം സ്വീകരിച്ചു. അവർണ്ണനീയമായ പാടുപീഡകൾ സഹിച്ചു കുരിശിൽ തറയ്ക്കപ്പെട്ടു മരിച്ചു സംസ്കരിക്കപ്പെട്ടു. മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റു സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി പിതാവിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. മരിച്ചവരെയും ജീവിക്കുന്നവരെയും വിധിക്കാൻ അവിടുന്ന് വീണ്ടും വരും. പിതാവിൽ നിന്നും പുത്രനിൽനിന്നും പുറപ്പെടുന്ന സത്യാത്മാവും ജീവദാതാവും ആയ പരിശുദ്ധാത്മാവിലും ഞങ്ങൾ വിശ്വസിക്കുന്നു. പാപമോചനത്തിനുള്ള ഏക മാമോദിസയും ശരീരത്തിന്റെ ഉയർപ്പ് നിത്യായുസ്സും ഞങ്ങൾ ഏറ്റുപറയുന്നു.
ഈ വിശ്വാസ സത്യങ്ങൾ നമ്മുടെ അസ്തിത്വത്തിന്റെ അന്ത:സത്ത ആവണം. ഇവ അനുഭവിച്ചറിഞ്ഞും സജീവതയുടെ ഏറ്റുപറഞ്ഞും ജീവിക്കണം. വേണ്ടിവന്നാൽ ഇവയ്ക്കു വേണ്ടി സഹനത്തിലൂടെയും മരണത്തിലൂടെയും രക്തസാക്ഷിത്വം വരിക്കണം.