ചരിത്രത്തിലെ അനന്യ സംഭവമാണ് ഒരുവൻ,തന്നെ ക്രൂരമായി പീഡിപ്പിച്ചു കുരിശിൽ തറച്ചു കൊന്നവർക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിച്ചു എന്നത്.
” പിതാവേ ഇവരോട് ക്ഷമിക്കണമേ” എന്തെന്നാൽ ഇവർ ചെയ്യുന്നതെന്തെന്ന്, (സത്യമായി മനുഷ്യനായി അവതരിച്ച മഹോന്നതനെയാണ് ഇവർ കൊല്ലുന്നത് എന്ന് ) ഇവർ അറിയുന്നില്ല.ഇവരോട് ക്ഷമിക്കണമേ( ലൂക്കാ. 23 :34 ). തന്റെ ഹൃദയം കുത്തി തുറന്നവന്റെ കണ്ണിനു കാഴ്ച നൽകാൻ ആ തിരുഹൃദയത്തിൽ ഒരു തുള്ളി രക്തവും വെള്ളവും സൂക്ഷിച്ച് വെച്ചിരുന്ന കരുണാർദ്ര സ്നേഹമാണ് ഈശോ. ആരെയും തൊട്ടുനോവിക്കാതെ, എന്നാലോ എല്ലാവരെയും തൊട്ടു തലോടി, തന്റെ തിരുശരീരരക്തങ്ങൾ ഭക്ഷണപാനീയങ്ങളായി നൽകി കടന്നുപോയാനാണവിടുന്ന്.
കർത്താവായ ദൈവത്തിന്റെ തിരുമനസ്സ് എങ്ങനെയാണെന്നതിനും, അവിടുത്തെ പ്രതികരണം എന്തായിരിക്കും എന്നതിനും കൃത്യമായ പ്രത്യുത്തരമായിരുന്നു ആ നിത്യ മഹോന്നത ജീവിതം. മനുഷ്യനായ ദൈവപുത്രനല്ലാതെ മറ്റാർക്കും ഇങ്ങനെ ഒരു ജീവിതം കാഴ്ചവയ്ക്കാൻ ആവില്ല. അത്യത്ഭുതാവഹമായ ജീവിതം കൊണ്ട് വിസ്മയിപ്പിച്ച മഹാപ്രതിഭയുടെ പ്രതിഭയാണവിടുന്ന്. ഈ പ്രതിഭാധനന്റെ മുമ്പിൽ ആർക്കു ശിരസ്സ് നമിക്കാതിരിക്കാനാവും?.
യേശു തമ്പുരാന്റെ പ്രബോധനങ്ങളും പ്രവർത്തനങ്ങളും അവിടുത്തെ ദൈവിക വ്യക്തിത്വത്തിലേക്കല്ലേ വിരൽ ചൂണ്ടുക? ഒരു മനുഷ്യനും ഒരിക്കലും സാധിക്കാത്ത കാര്യങ്ങളാണ് ഈശോ പഠിപ്പിച്ചതും പ്രവർത്തിച്ചതും. സകല മനുഷ്യരിൽ നിന്നും അവിടുന്ന് തികച്ചും വ്യത്യസ്തനായിരുന്നു. ഈ വ്യത്യസ്തത അടങ്ങിയിരിക്കുന്നത് ആ സത്യങ്ങളുടെ സത്യത്തിലാണ്-
2.23 സഹസ്രാബ്ദങ്ങൾക്കുമുമ്പ് ഇടിഞ്ഞു പൊളിഞ്ഞു ജീർണിച്ച് കിടന്നിരുന്ന ഒരു കാലിക്കൂട്ടിന്റെ പുൽത്തൊട്ടിയിൽ എളിയവരിൽ എളിയനായി ദൈവം മനുഷ്യനായി (ദൈവവും മനുഷ്യനുമായി അവതരിച്ച എന്ന സത്യത്തിൽ ).
സർവ്വശക്തനായ ദൈവത്തിനു മാത്രം ചെയ്യാൻ കഴിയുന്ന ഒട്ടനവധി കാര്യങ്ങൾ അവിടുന്ന് ചെയ്തു. ശതാധിപന്റെ ഭൃത്യനെ ഒരു’ വാക്ക് ‘പറഞ്ഞു സുഖപ്പെടുത്തി (മത്താ.8:5-13); കുഷ്ഠരോഗിയെ തൊട്ടു സുഖപ്പെടുത്തി (മത്താ.8:1-4); കൊടുങ്കാറ്റിനെ ശാന്തമാക്കി(മത്താ.8:23-27); പിശാച് ബാധിതനെ സുഖപ്പെടുത്തി(മത്താ.8:28-33); തളർവാത രോഗിയുടെ സകല പാപങ്ങളും ക്ഷമിച്ചതിനുശേഷം [” നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു” (മത്താ. 9 :1), “ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ അധികാരമുണ്ടെന്ന് നിങ്ങൾ അറിയേണ്ടതിനാണിത് ‘ എന്ന് വ്യക്തമാക്കിയിട്ട് “എഴുന്നേറ്റ് നിന്റെ ശയ്യയുമെടുത്ത് വീട്ടിലേക്ക് പോവുക” എന്ന് കൽപ്പിച്ച് അവനെ സുഖപ്പെടുത്തി; പൂർണ്ണമായി വിശ്വസിച്ചുകൊണ്ട് രക്തസ്രാവക്കാരി സ്ത്രീ അവിടുത്തെ വസ്ത്രത്തിന്റെ വിളുമ്പിൽ സ്പർശിച്ചപ്പോൾ സൗഖ്യം പ്രാപിച്ചു (9 :18- 20 ); മരിച്ചുപോയ ഭരണാധിപൻ ജായ്റോസിന്റെ മകൾ മരിച്ചു കഴിഞ്ഞ് അവൻ ഈശോയെ, സമീപിച്ചു താണു വണങ്ങിക്കൊണ്ട് ” എന്റെ മകൾ അല്പം മുമ്പ് മരിച്ചു.അങ്ങ് വന്ന് അവളുടെ മേൽ കൈ വയ്ക്കുമെങ്കിൽ അവൾ
ജീവിക്കും ” എന്ന് ഏറ്റു പറഞ്ഞപ്പോൾ, ആ ഭവനത്തിൽ ചെന്ന് “അവളെ കൈപിടിച്ചുയർത്തി.അപ്പോൾ ബാലിക എഴുന്നേറ്റു”( മത്താ.9: 18 -25 ).