സങ്കീർത്തകൻ പറയുന്നത് ദൈവത്തിന്റെ കരുണ ശാശ്വതമാണ്; അത് എന്നേക്കും നിലനില്ക്കുന്നു( സങ്കീ. 118 : 1,2) എന്നാണ്. 136 സങ്കീർത്തനം മുഴുവൻ ഊന്നി പറയുന്നു. “കർത്താവിന്റെ കാരുണ്യം അനന്തമാണ്”. “തെറ്റുകൾ ഏറ്റുപറഞ്ഞ് പരിത്യജിക്കുന്നവന് കരുണ ലഭിക്കും” എന്ന് സുഭാഷിതങ്ങൾ 28 :13 പഠിപ്പിക്കുന്നു. ജ്ഞാനം 3: 9 പറയുന്നു “ദൈവത്തിൽ ആശ്രയിക്കുന്നവർ സത്യം ഗ്രഹിക്കും; വിശ്വസ്തർ അവിടുത്തെ സ്നേഹത്തിൽ വസിക്കും. തന്റെ തിരഞ്ഞെടുക്കപ്പെട്ടവരുടെ മേൽ അവിടുന്ന് കരുണയും കൃപയും (അനുഗ്രഹവും) വർഷിക്കും. വിശുദ്ധരെ അവിടുന്ന് പരിപാലിക്കുന്നു” ജ്ഞാനം 3: 9). “എളിയവന് കരുണയാൽ (കൃപയാൽ) മാപ്പ് ലഭിക്കുമെന്ന്” ജ്ഞാനം 6: 6 വ്യക്തമാക്കുന്നുണ്ട്. “പിതാക്കന്മാരുടെ ദൈവം കരുണാമയനാണ്” എന്നു ജ്ഞാനം 9: 1 രേഖപ്പെടുത്തുന്നു. 11: 23 ശ്രദ്ധേയമാണ്. ” അങ്ങ് എല്ലാവരോടും കരുണ കാണിക്കുന്നു. അവിടുത്തേക്ക് എന്തും സാധ്യമാണല്ലോ. മനുഷ്യൻ പശ്ചാത്തപിക്കേണ്ടതിനു അവിടുന്ന് അവരുടെ പാപങ്ങൾ അവഗണിക്കുന്നു” എന്നത് ദൈവത്തിന്റെ കരുണയുടെ ഒരു പ്രത്യേക മാനമാണ് വ്യക്തമാക്കുക. തൊട്ടടുത്ത വാക്യത്തിൽ കരുണ യിലേക്ക് നയിക്കുന്ന ദൈവത്തിന്റെ സാർവത്രിക സ്നേഹത്തെക്കുറിച്ച് പരാമർശിച്ചിരിക്കുന്നു. ” എല്ലാറ്റിനെയും അങ്ങ് സ്നേഹിക്കുന്നു. അങ്ങ് സൃഷ്ടിച്ച ഒന്നിനെയും അങ്ങ് വെറുക്കുന്നില്ല”(വാ.24). 12:22 സവിശേഷശ്രദ്ധ ആകർഷിക്കുന്നു. “ഞങ്ങൾ വിധിക്കുമ്പോൾ ഞങ്ങൾ അങ്ങയുടെ ദയ അനുസ്മരിക്കാനും വിധിക്കപ്പെടുമ്പോൾ ദയ പ്രതീക്ഷിക്കാനും വേണ്ടിയാണ്, അങ്ങു ഞങ്ങളെ തിരുത്തുമ്പോൾ ഞങ്ങളുടെ ശത്രുക്കൾക്ക് പതിനായിരം ഇരട്ടി പ്രഹരം നൽകുന്നത്”.
ജ്ഞാനം 15 :1 ദൈവത്തിന്റെ കരുണയെ കുറിച്ചുള്ള സത്യസന്ധമായ ഒരു ഏറ്റുപറച്ചിൽ ആണ്.” ഞങ്ങളുടെ ദൈവമേ അവിടുന്ന് ദയാലുവും വിശ്വസ്തനും ക്ഷമാശീലനുമാണ്. അവിടുന്ന് എല്ലാറ്റിനെയും കൃപയോടെ പരിപാലിക്കുന്നു”. 16:10ൽ ഇങ്ങനെ നാം വായിക്കുന്നു . “അങ്ങയുടെ മക്കളെ വകവരുത്താൻ വിഷസർപ്പത്തിന് കഴിഞ്ഞില്ല. അങ്ങയുടെ കാരുണ്യം രക്ഷയ്ക്കെത്തി. അവരെ സുഖപ്പെടുത്തി”.
പ്രഭാഷകൻ കരുണക്കു വേണ്ടി കർത്താവിന്റെ കരുണ വേണ്ടി കാത്തിരിക്കേണ്ട ആവശ്യകതയാണ് ആദ്യം തന്നെ വ്യക്തമാക്കുക. ” “കർത്താവിൽ ആശ്രയിക്കുക; അവിടുന്ന് നിന്നെ സഹായിക്കും. നേരായ മാർഗത്തിൽ ചരിക്കുക; കർത്താവിൽ പ്രത്യാശ അർപ്പിക്കുക. ഭക്തരെ, അവിടുത്തേക്ക് വേണ്ടി കാത്തിരിക്കുവീൻ…. വഴി തെറ്റരുത്”.
ഈ കാത്തിരിപ്പിന്റെ ന്യായീകരണം ജ്ഞാനീ (പ്രഭാഷകൻ) 2 :10,11 ൽ വ്യക്തമാക്കുന്നു. ” കർത്താവിനെ ആശ്രയിച്ചിട്ടു (അവിടുത്തെ നീതിക്കുവേണ്ടി കാത്തിരുന്നിട്ട്) ആരാണ് ഭാഗ്നശനായത്? കർത്താവിന്റെ ഭക്തരിൽ ആരാണ് പരിത്യക്തനായത്”?.
നീതിമാനെ കർത്താവ് രക്ഷിക്കുമെന്നും (അവനോട് കർത്താവ് കരുണ കാണിക്കുമെന്ന്) ഗുരുവിനെ തീർച്ചയുണ്ട്. വിശ്വാസത്തിന്റെ ദൈവശാസ്ത്രപരമായ അടിസ്ഥാനം പുറപ്പാട് 34: 6,7 കാണാൻ കഴിയും.
” കർത്താവ് കാരുണ്യവാനും കൃപാലുവുമായ ദൈവം, കോപിക്കുന്ന വരിൽ വിമുഖൻ, സ്നേഹത്തിലും വിശ്വസ്ഥതയിലും അത്യുദാരൻ; തെറ്റുകളും കുറ്റങ്ങളും പാപങ്ങളും ക്ഷമിച്ചുകൊണ്ട്, ആയിരങ്ങളോട് കരുണ കാണിക്കുന്നവൻ.