കുടുംബമായി സമൂഹമായി സ്നേഹത്തിലും കൂട്ടായ്മയിലും ആരോഗ്യത്തോടും സന്തോഷത്തോടും കൂടി ജീവിച്ചിരുന്ന മനുഷ്യൻ ഇന്ന് രോഗപീഡകളാലും ദുഃഖ ദുരിതങ്ങളുമായി ഒറ്റപ്പെട്ട ഏകാന്തതയിൽ ജീവിക്കുന്നു. വനാന്തരങ്ങളിൽ കൂട്ടമായി മേയുന്ന കാട്ടുപോത്തിനെയും കല മാനിനേയും വരയൻ കുതിരകളെയും ഭയപ്പെടുത്തി ഓടിക്കുന്ന സിംഹം കൂട്ടം വിട്ട് ഒറ്റപ്പെടുന്ന മൃഗത്തെ കൊന്ന് തിന്നുന്നു. ഒറ്റപ്പെടൽ വിനാശകരമാണ്. ആധുനിക മനുഷ്യനെ ഒറ്റപ്പെടുത്തുന്നത് സ്വാർത്ഥത എന്ന് സാത്താനാണ്. മനുഷ്യൻ കുടുംബത്തിലും സമൂഹത്തിലും ഇടപഴകി ജീവിക്കേണ്ടവനാണ്. ദൈവ സ്നേഹത്തിന്റെ ബഹിർസ്പുരണം ആണല്ലോ സഹോദര സ്നേഹവും ഐക്യവും.
മനുഷ്യനോട് ആദ്യമായി ചോദിക്കുന്ന ചോദ്യം നീ എവിടെയാണെന്നാണ്? പരസ്പരം കലഹിച്ച് ദൈവത്തിൽനിന്ന് ഓടിയൊളിച്ച ആദ്യ മനുഷ്യനാ യ ആദത്തോട് ദൈവം ചോദിച്ചു. ആദം! നീ എവിടെയാണ്? (ഉല്പത്തി 3: 9 ) ഇന്ന് നാം ഓരോരുത്തരോടും ദൈവം ചോദിക്കുന്നത് അത് തന്നെയാണ്. മകനെ! നീ എവിടെയാണ്. പിന്നെ ദൈവം ചോദിക്കുന്നത്, നിന്റെ സഹോദരൻ എവിടെ എന്നാണ്. സ്വന്തം സഹോദരനെ കൊന്ന ആദ ത്തിന്റെ സന്തതിയായ കയേനോട് ദൈവം ചോദിച്ച ചോദ്യമാണിത് ( ഉല്പത്തി 4: 9 ) ഇന്ന് സ്വാർത്ഥതയിൽ ഒറ്റപ്പെട്ട് ജീവിക്കുന്ന നമ്മൾ ഓരോരുത്തരോടും ദൈവത്തിന് ചോദിക്കാൻ ഉള്ളതും അതുതന്നെയാണ്. ഈ ഒറ്റപ്പെടൽ ദൈവത്തിനും സഹോദരർക്കും എതിരെയുള്ള പാപമാണ്.രോഗ ദുരിതങ്ങൾക്ക് കാരണവും ആണിത് .
മനുഷ്യനും മനുഷ്യനും ഇടയിൽ മധ്യസ്ഥൻ ആയിരിക്കാൻ ദൈവം ആഗ്രഹിക്കുന്നു. രണ്ടുപേരെ കൂടാതെ മധ്യസ്ഥത വഹിക്കാൻ കഴിയില്ലല്ലോ. അതു കൊണ്ടാണ് ഈശോ ഇപ്രകാരം പറയുന്നത് :
” രണ്ടോ മൂന്നോ പേർ എവിടെ എന്റെ നാമത്തിൽ ഒന്നു ചേർന്നാലും അവരുടെ മധ്യേ ഞാൻ ഉണ്ടായിരിക്കും “( മത്തായി 18: 20 ). എന്നാൽ നശ്വരമായ ലോക സമ്പത്ത് കൊണ്ട് സാത്താൻ തീർത്ത് മിഥ്യാ സുരക്ഷിതത്വത്തിൽ ആശ്രയിച്ച് മനുഷ്യൻ ഒറ്റപ്പെട്ട് ജീവിക്കുന്നു. അങ്ങനെ അവൻ മാനസിക സംഘർഷങ്ങൾക്കും രോഗപീഡകൾ ക്കും അടിമയാകുന്നു. മടങ്ങി വരിക! ദൈവത്തോടും മനുഷ്യരോടും ഒന്നായി ജീവിക്കാൻ, വീണ്ടും സൗഖ്യവും ജീവനും ലഭിക്കാൻ അതാണ് വഴി. കാരണം ദൈവം പറയുന്നു: ” തന്റെ മുമ്പാകെ സ്നേഹത്തിൽ പരിശുദ്ധരും നിഷ്കളങ്കരും ആയിരിക്കാൻ ലോക സ്ഥാപനത്തിന് മുമ്പുതന്നെ അവിടുന്ന് നമ്മെ ക്രിസ്തുവിൽ തിരഞ്ഞെടുത്തു (എഫേ.1:4).
ഇതാ നിങ്ങൾക്ക് സൗഖ്യം എന്ന ലേഖനത്തിൽ നിന്ന്…
കടപ്പാട്….
ശ്രീ.മാത്യു മാറാട്ടുകളം