രക്ഷകനായ ഈശോയുടെ പരമ പ്രധാന ദൗത്യം മാനവരാശിയെ പാപത്തിൽ നിന്ന് മോചിപ്പിക്കുകയാണ്. അവിടുത്തെ നാമം തന്നെ അർത്ഥമാക്കുന്നത് പാപ വിമോചകൻ എന്നാണ്. മാലാഖ യൗസേപ്പിതാവിനു വെളിപ്പെടുത്തുന്നു. ദാവീദിന്റെ പുത്രനായ ജോസഫ് (മത്താ.2:20,21)അവന് ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള് ഗര്ഭംധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍നിന്നാണ്.
അവള് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നുപേരിടണം. എന്തെന്നാല്‍, അവന് തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും.
മത്തായി 1 : 20-21
അധപതിച്ച മാലാഖയാണ് സാത്താൻ. അവനു തീർച്ചയായും ശക്തിയുണ്ട്. അവന്റെ തല തകർക്കുക അത്രയെളുപ്പമല്ല. തൻമൂലം മനുഷ്യനെന്ന നിലയിൽ അവിടുന്ന് നാല്പതു രാവും നാല്പതു പകലും മരുഭൂമിയിൽ കഠിനമായി ഉപവാസത്തിലും പിതാവുമായുള്ള ഗാഢ ബന്ധം ആഴപ്പെടുത്തുകയും ആലോചന നടത്തുകയുമായിരുന്നു.
പിശാചിനാൽ പരീക്ഷിക്കപ്പെടുന്നതിനു പോകുമ്പോൾ പരിശുദ്ധാത്മാവ് അടുത്തേക്ക് അകമ്പടി സേവിച്ചിരുന്നു. ഉപവാസാനന്തരം ഈശോയ്ക്കു നന്നായി വിശന്നു.4:2-11. യേശു നാല്പതു ദിനരാത്രങ്ങള്‍ ഉപവസിച്ചു. അപ്പോള്‍ അവനു വിശന്നു.
പ്രലോഭകന് അവനെ സമീപിച്ചു പറഞ്ഞു: നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലുകള്‍ അപ്പമാകാന്‍ പറയുക.
അവന് പ്രതിവചിച്ചു: മനുഷ്യന് അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു.
അനന്തരം, പിശാച് അവനെ വിശുദ്ധ നഗരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി ദേവാലയത്തിന്റെ അഗ്രത്തില്‍ കയറ്റി നിര്‍ത്തിയിട്ടു പറഞ്ഞു:
നീ ദൈവപുത്രനാണെങ്കില്‍ താഴേക്കു ചാടുക; നിന്നെക്കുറിച്ച് അവന് തന്റെ ദൂതന്മാര്ക്കു കല്പന നല്‍കും; നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ താങ്ങിക്കൊള്ളും എന്ന് എഴുതപ്പെട്ടിരിക്കുന്നു.
യേശു പറഞ്ഞു: നിന്റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത് എന്നുകൂടി എഴുതപ്പെട്ടിരിക്കുന്നു.
വീണ്ടും, പിശാച് വളരെ ഉയര്‍ന്ന ഒരു മലയിലേക്ക് അവനെ കൂട്ടിക്കൊണ്ടുപോയി, ലോകത്തിലെ എല്ലാ രാജ്യങ്ങളും അവയുടെ മഹത്വവും അവനെ കാണിച്ചുകൊണ്ട്, അവനോടു പറഞ്ഞു:
നീ സാഷ്ടാംഗം പ്രണമിച്ച് എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം നിനക്കു ഞാന്‍ നല്‍കും.
യേശു കല്പിച്ചു: സാത്താനേ, ദൂരെപ്പോവുക; എന്തെന്നാല്‍, നിന്റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം; അവിടുത്തെ മാത്രമേ പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു.
അപ്പോള്‍ പിശാച് അവനെ വിട്ടുപോയി. ദൈവദൂതന്മാര് അടുത്തുവന്ന് അവനെ ശുശ്രൂഷിച്ചു.
മത്തായി 4 : 2-11.
ആത്മാവ് അവിടുത്തെ മരുഭൂമിയിലേക്ക് നയിക്കുക വഴി തന്റെ ദൗത്യം ആരംഭിക്കുന്നതിന് ഒരുങ്ങുന്ന ഈശോയ്ക്ക് പിതാവ് നിശ്ചയിച്ചിട്ടുള്ള കൃത്യമായ ഉത്തരവാദിത്വം സാത്താനെ പരാജയപ്പെടുത്തുക എന്ന വസ്തുതയാണ് വ്യക്തമാക്കുക. അവൻ ഈശോയെ പിന്തിരിപ്പിക്കാൻ പതിനെട്ടടവും പ്രയോഗിക്കുമെന്നത് തീർച്ച. പ്രലോഭനങ്ങൾ നൽകി മനുഷ്യനെ ദൈവഹിതം നിറവേറ്റുന്നതിൽ നിന്ന് സാമം ദാനം ഭേദം ദണ്ഡം ഇവ വഴി ദൈവഹിതം നിറവേറ്റുന്നതിൽ നിന്ന് വഴിതിരിച്ചുവിടാൻ ആണ് എന്നത്തേക്കാൾ അധികം ഇന്നും അവൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്.
ഒന്നാമത്തെ പ്രലോഭനം
നല്ല വിശപ്പുള്ള ഈശോയോട് കല്ലുകൾ അപ്പം ആക്കാനാണ് പ്രലോഭകൻ പറയുന്നത്. അവിടുത്തെ മാമോദീസയുടെ സമയത്ത് ഈശോ ദൈവപുത്രനാണെന്ന് സ്വർഗ്ഗം ( പിതാവ് ) വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഒന്നാമത്തെ പ്രലോഭനം. അതിന് വഴങ്ങിയാൽ അവിടുന്നു,തന്റെ പിതാവിന്റെ ഹിതത്തിനു വിരുദ്ധമായി കുരിശിന്റെ വഴിയിൽ നിന്ന് മാറി പോകും. ഈശോയുടെ മറുപടിയിൽ അവിടുന്ന് വ്യക്തമാക്കുന്നത്, തന്റെ ഇഷ്ടമല്ല, എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുകയാണ് തന്റെ ദൗത്യമെന്നതു നിർവിഘ്നം ചെയ്യാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും ആണ്.
നിയ. 8: 3 ന്റെ രണ്ടാംഭാഗം ഉദ്ധരിച്ചുകൊണ്ടാണ് ഈശോ പ്രലോഭകനെ നേരിടുന്നത്. മന്നാ കൊടുത്ത് ഇസ്രായേൽ ജനത്തിന്റെ വിശപ്പടക്കിയത്,അപ്പം കൊണ്ടു മാത്രമല്ല കർത്താവിന്റെ നാവിൽ നിന്ന് പുറപ്പെടുന്ന ഓരോ വാക്കു കൊണ്ടുമാണ് എന്ന് അവിടുന്ന് വ്യക്തമാക്കി. നിയമാവർത്തനവും സങ്കീർത്തനവും ഉപയോഗിച്ച് പ്രലോഭകനു മറുപടി നൽകുന്നു എന്നത് നിയമത്തെയും പ്രവാചകന്മാരെയും ഈശോ അറിഞ്ഞിരുന്നുവെന്നും അവരെ ആദരിച്ചിരുന്നുവെന്നും വ്യക്തമാക്കുന്നു. ഈശോ ഒരിക്കലും തന്റെ ആവശ്യ സാധ്യത്തിനായി ഒരു അത്ഭുതം പോലും പ്രവർത്തിച്ചിട്ടില്ല. ജനത്തിന് വേണ്ടിയും പിതാവിന്റെ ഹിതം വ്യക്തമാക്കുന്നതിനും അവിടുത്തെ മഹത്വത്തിനും വേണ്ടി മാത്രമേ അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടുള്ളൂ.
രണ്ടാമത്തെ പ്രലോഭനം
മരുഭൂമിയിൽ നിന്ന് പരീക്ഷണം ദൈവത്തിലേക്കു മാറുന്നു. ദൈവത്തിന്റെ സംരക്ഷണം ഏറ്റവും വലിയ അനുഭവപ്പെടുന്നിടമാണ് ദൈവാലയം. ദൈവവചനം ഉദ്ധരിച്ചുകൊണ്ടാണ് വിഫലശ്രമം. സങ്കീർത്തനം91:11,12 തന്നെയാണ് ഇഷ്ടൻ ഉദ്ധരിക്കുക. ദൈവത്തിൽ വിശ്വസിക്കുന്നവന് അവിടുന്നിൽ നിന്ന് പ്രതീക്ഷിക്കാവുന്ന സംരക്ഷണത്തെ കുറിച്ചാണ് സങ്കീർത്തകൻ പറയുക. ദൈവാലയ ത്തിന്റെ അഗ്രത്തിൽ നിന്ന് താഴോട്ട് ചാടി തന്റെ ദൈവത്വം തെളിയിക്കാനാണ് പ്രലോഭനം. കാൽവരിയിലും ഇതേ പ്രലോഭനം തന്നെ അവിടുന്ന് നേരിട്ടു. ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്ത ഒരു രക്ഷകൻ ആവുക. കുരിശിൽ പിടഞ്ഞ് മരിക്കുന്ന ഈശോയെ പരിഹസിച്ചുകൊണ്ട് പുരോഹിതന്മാർ പ്രമാണികൾ നിയമജ്ഞർ, ഒക്കെ ചേർന്ന് പറഞ്ഞ വാക്കുകൾ ആണിവിടെ പ്രസക്തം തന്നെ. ഇവൻ ഇസ്രായേലിന്റെ രാജാവാണല്ലോ. കുരിശിൽ നിന്നിറങ്ങി വരട്ടെ . അങ്ങനെ ഇറങ്ങി വന്നാൽ ഞങ്ങൾ അവനിൽ വിശ്വസിക്കും. ഇവൻ ദൈവത്തിൽ ആശ്രയിച്ചുവല്ലോ. ദൈവം അവനെ രക്ഷിക്കട്ടെ.താൻ ദൈവപുത്രനാണല്ലോ ഇവൻ ഊറ്റം കൊണ്ടിരുന്നത് (മത്തായി 27 : 42-43).
ഈശോയുടെ ഇഹലോക ജീവിതത്തിലുടനീളം പ്രത്യക്ഷമായും പരോക്ഷമായും ഒളിഞ്ഞും തെളിഞ്ഞും ഈ പ്രലോഭനം ഉണ്ടായിരുന്നു. നിയമാവർത്തന പുസ്തകം ഉദ്ധരിച്ചുകൊണ്ടാണ് ഇക്കുറി ഈശൻ മറുപടി നൽകുന്നത്. ” ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്”( നിയ. 6 :16 ) ദൈവഹിത ത്തോടു പൂർണമായും ചേർന്നുനിന്നുകൊണ്ട് അവിടുന്നു സാത്താനെ പരാജയപ്പെടുത്തി.
മൂന്നാമത്തെ പരീക്ഷണം
ലോകത്തിലെ സകല രാജ്യങ്ങളും അവയുടെ പ്രൗഡിയും കാണിച്ചു കൊടുക്കുന്നു.
അവയെല്ലാം നൽകാമെന്ന് പറയുന്നു. പരീക്ഷണത്തിന് ഈശോ വഴങ്ങി നുണയന്റെ പിതാവിന്റെ മുമ്പിൽ മുട്ടുകുത്തിയാൽ ഭൂമിയിൽ ഇസ്രായേൽ ജനത്തിന് സംഭവിച്ച പരാജയം
ഈശോയ്ക്കും സംഭവിക്കും.
വിഗ്രഹാരാധന എന്ന മാരക പാപത്തിന് വിധേയനാകും. അവിടുന്ന് തന്നെ പരീക്ഷിക്കുന്നതിനു സാത്താനെ വിലക്കി” സാത്താനെ ദൂരെ പോവുക “( 4 :10). വിജയശ്രീലാളിതനായ അവിടുന്നിൽ പിതാവ് സംപ്രീതനായി. ദൈവദൂതൻമാർ അവിടുത്തെ ശുശ്രൂഷിച്ചു ( 4: 11 ).
ഇവിടെ ഈശോ സഹന ദാസന്റെ മാർഗം തിരഞ്ഞെടുക്കുകയാണ് ചെയ്തത്. പിതാവിനോട്
“ഒട്ടി നിന്ന് ” അവിടുത്തെ തിരുഹിതം നിറവേറ്റി.