തുടർന്ന് കാർമ്മികൻ കൈകൾ വിരിച്ചു പിടിച്ചുകൊണ്ട് ചൊല്ലുന്നത് ഒരു സാർവത്രിക പ്രാർത്ഥനയാണ്. പരിശുദ്ധ പിതാവ്, സഭാപിതാവ് ( മേജർ ആർച്ച് ബിഷപ്പ്), രൂപതയുടെ പിതാവ്, വിശുദ്ധ കത്തോലിക്കാ സഭാ, പുരോഹിതന്മാർ, ഭരണകർത്താക്കൾ, മേലധികാരികൾ, ക്ളേശിതർ, ദുഃഖിതർ, ദരിദ്രർ, പീഡിതർ, രോഗികൾ, ആകുലർ, മരിച്ച വിശ്വാസികൾ, സന്നിഹിതരായിരിക്കുന്ന ആരാധനാ സമൂഹം, കാർമ്മികൻ എല്ലാവരും ഈ പ്രാർത്ഥനയുടെ പരിധിയിൽ വരുന്നു. കൂടാതെ പ്രവാചകൻമാർ, ശ്ലീഹന്മാർ, രക്തസാക്ഷികൾ വന്ദകർ ഇവരുടെ അനുസ്മരണവും അവരോടുള്ള ആദരവും ബഹുമാനവും ഈ പ്രാർത്ഥന ലക്ഷ്യംവക്കുന്നുണ്ട്. വൈദികൻ ചൊല്ലുന്ന എല്ലാ പ്രാർത്ഥനകളും അർപ്പകരായ ദൈവജനം വൈദികനോട് ചേർന്ന് മനസ്സിൽ ചൊല്ലണം. മാമോദിസ യിൽ അവർ സ്വീകരിച്ച് പൗരോഹിത്യത്തിന്റെ ശക്തിയിലും അടിസ്ഥാനത്തിലുമാണ് അവർ ബലിയർപ്പിക്കുക. ഈശോയെ സ്ഥാപിച്ച് മാമോദിസ സ്വീകരിച്ചവരെല്ലാം പുരോഹിതരാണ്. ഇതിനുശേഷം ഐച്ഛികമായി ചൊല്ലാനുള്ള ഒരു പ്രാർത്ഥനയുണ്ട്. പക്ഷേ വളരെ പ്രധാനപ്പെട്ടതും സാകല്യസ്വഭാവമുള്ള ഒരു പ്രാർത്ഥനയാണിത്. കാർമ്മികൻ പ്രാർത്ഥിക്കുന്നു. ” ദൈവമേ അങ്ങയുടെ കാരുണ്യത്തിനും കൃപാധിക്യത്തിനും യോജിച്ചവിധം അങ്ങയുടെ ജനത്തോടും എളിയവനായ എന്നോടും വർത്തിക്കണമേ. എന്റെ പാപങ്ങൾക്കും തെറ്റുകൾക്കും തക്കവിധം അങ്ങ് പ്രവർത്തിക്കരുതേ. അങ്ങയുടെ കൃപയാൽ യഥാർത്ഥ വിശ്വാസത്തോടെ ഞങ്ങൾ സ്വീകരിക്കുന്ന ഈ തിരുശരീര രക്തങ്ങൾ വഴി ഞാനും ഇവരുടെ കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും യോഗ്യരാകട്ടെ”.
നാലാം പ്രണാമ ജപം ഇനിയും വരുന്നത് നാലാം പ്രണാമ ജപം ആണ്. ഇവിടെ കാർമ്മികൻ ഈശോയുടെ ശരീരരക്തങ്ങൾ പിതാവിന് സമർപ്പിക്കുന്നു. ദൈവമാതാവായ കന്യകമറിയം, നീതിമാന്മാരും വിശുദ്ധന്മാരും ആയ പിതാക്കന്മാർ ഇവരുടെ പാവനസ്മരണ ഉളവാക്കാൻ പിതാവിനോട് വൈദികൻ പ്രാർത്ഥിക്കുന്നു. ” ജീവിതകാലം മുഴുവൻ അങ്ങയുടെ ശാന്തിയും സമാധാനവും ഞങ്ങൾക്കു നൽകണമേ “എന്ന് അതി തീക്ഷ്ണമായി അദ്ദേഹം പ്രാർത്ഥിക്കുന്നു. അടുത്തതായി, കർത്താവു മാത്രമാണ് യഥാർത്ഥ പിതാവായ ദൈവം എന്നും അവിടത്തെ പ്രിയ പുത്രനായ ഈശോമിശിഹായെ അങ്ങ് ലോകത്തിലേക്ക് അയച്ചു എന്നു ഭൂവാസികൾ എല്ലാവരും അറിയണമെന്നും കാർമ്മികൻ വിശദാംശങ്ങൾ ഉദ്ധരിച്ച് പ്രാർത്ഥിക്കുന്നുണ്ട്. എളിയവരായ തങ്ങൾ പരിശുദ്ധവും ജീവദായകവും ദൈവികവുമായ രഹസ്യത്തെ സന്തോഷത്തോടെ സ്മരിക്കുകയും സ്തുതിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്നു എന്ന് പ്രഖ്യാപിച്ച് നാലാം പ്രണാമ ജപം കാർമികൻ ഉപസംഹരിക്കുന്നു.