ബൈബിളിലെ വിശിഷ്യാ പഴയനിയമത്തിലെ ഒരു അനന്യ കഥാപാത്രമാണ് ഉൽപത്തി പുസ്തകത്തിൽ അവതരിപ്പിക്കപ്പെടുന്ന ജോസഫ്. എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രം! മുറിവേറ്റ സാഹോദര്യത്തിന്റെ മുറിവ് ഉണക്കുകയും അറ്റുപോയ കുടുംബ ബന്ധത്തിന്റെ വിട്ടുപോയ കണ്ണികൾ വിളക്കി ചേർക്കുകയും ചെയ്യുന്ന അനവദ്യ സുന്ദര ചരിത്രമാണ് ജോസഫിന്റെ കഥ. ഇസ്രായേൽ ജനത്തിന്റെ ചരിത്രത്തിന്റെ ഒരു ചെറിയ പതിപ്പ്. ഇജിപ്തിലെ തടവറയിൽനിന്നും സിംഹാസനം വരെ ഉയർന്നത് അവന്റെ കഥയിൽ കാണാം. ഒപ്പം ആ ചരിത്രത്തിനു ഒരു പ്രതീകവും മുന്നോടിയും – രണ്ടിലും വ്യക്തമായി പ്രകടമാകുന്നതു ദൈവപരിപാലനയുടെ വിസ്മയകരമായ പ്രവർത്തനമാണ്.
അനുകരണാർഹനായ ഒരു മാതൃകാ പുരുഷന്റെ ചിത്രമാണ് ജോസഫിന്റേത്. ദൈവത്തിന്റെ കരങ്ങളിൽ പൂർണമായി സമർപ്പിച്ചതായിരുന്നു അവന്റെ ജീവിതം. തന്നെ അടിമയായി വിറ്റ സ്വസഹോദരങ്ങളുടെ പോലും പകയില്ല. ജീവൻ തന്നെ നഷ്ടപ്പെടാമായിരുന്നിട്ടും തിന്മയ്ക്ക് കണിക പോലും വഴങ്ങിയില്ല. സിംഹാസനം വരെ ഉയർന്നിട്ടും തെല്ലും അഹങ്കരിച്ചില്ല. പ്രതികാരം ചെയ്യാൻ സുവർണാവസരം അനായാസം കൈ വന്നിട്ടും ഹൃദയപൂർവ്വം ക്ഷമിച്ച് അനുഗ്രഹിക്കുക ആണ് അവൻ ചെയ്തത്.
സ്വന്തമായ എന്തെങ്കിലും കുറ്റത്താലല്ലാതെയാണ് ഇസ്രായേൽ ഈജിപ്തിൽ അടിമയായി തീർന്നത്. സ്വന്തം ശക്തിയാലല്ല അവർ മോചനം നേടിയത്. രണ്ടിലും കരുണാർദ്ര സ്നേഹമായ ദൈവത്തിന്റെ പ്രവർത്തനമാണ് വെളിപ്പെടുക. അതുപോലെ തന്നെ ജോസഫിന്റെ അടിമത്തത്തിനും മോചനത്തിലും ഉയർച്ചയിലും ദൈവപരിപാലനയുടെ പ്രവർത്തനം മാത്രമാണ് വ്യക്തമായത്.
സമ്മർദ്ദത്തിന് വഴങ്ങയെങ്കിലും സത്യം മറച്ചുവച്ച അബ്രഹത്തെ പോലെയോ കാര്യലാഭത്തിനായി വളരെയേറെ വളഞ്ഞ വഴികൾ ഉപയോഗിച്ച യാക്കോബിനെ പോലെയോ ഒരു തെറ്റും ചെയ്യാതെ, സകലതും സർവ്വശക്തന്റെ കരങ്ങളിൽ സമ്പൂർണമായും സമർപ്പിച്ച് കൊടുത്ത് അതിവിശുദ്ധമായ ഒരു ജീവിതം നയിച്ച ലോകമാന്യനായിരുന്നു ജോസഫ്. ദൈവം കൂടെ ഉണ്ടായിരുന്നത് കൊണ്ട് വിജ്ഞാനിയും താത്വികനുമായി ജീവിക്കുന്നതിൽ അവൻ വിജയിച്ചു. കഷ്ടതകളിൽ സമചിത്തത പാലിച്ചും പ്രതിസന്ധികളിൽ വിവേകപൂർവ്വം പ്രവർത്തിച്ചും അനുകൂലസാഹചര്യങ്ങളിൽ ബുദ്ധിപൂർവ്വം കാര്യങ്ങൾ ക്രമീകരിച്ചും എപ്പോഴും ദൈവഹിതം നിറവേറ്റിയും ജീവിതവിജയം കൈവരിച്ച മഹാ പ്രതിഭയാണ് അവൻ. തന്റെ പിതാവിനെ അവൻ ഗാഢമായി സ്നേഹിച്ചു. പിതാവിന്റെ വാർദ്ധക്യത്തിൽ അദ്ദേഹത്തെ അവൻ പൊന്നുപോലെ നോക്കി പരിചരിച്ചു. അദ്ദേഹത്തിന് ഫറവോയുടെ സ്നേഹാദരവുകളും കരുതലും പ്രത്യേക പരിഗണനയും നേടിക്കൊടുക്കാനും അവന് അനായാസം സാധിച്ചു. മനപ്പൂർവ്വം തന്നെ ദ്രോഹിച്ച സഹോദരങ്ങളോട് സൗമനസ്യത്തോടെ ആത്മാർഥമായി ക്ഷമിച്ചു. അവരുടെ ഉന്നമനത്തിനു വേണ്ടി ആവശ്യമായവയൊക്കെയും കൂടുതലും അവൻ ചെയ്തു കൊടുത്തു. പ്രജാ ക്ഷേമ തല്പരനായ ഭരണകർത്താവ് ദീർഘവീക്ഷണത്തിന്റെ ഉടമയുമായിരുന്നു അധിക്ഷണശാലി.
പൂർവപിതാക്കന്മാരുടെ ജീവിതത്തിൽ ദൈവം നേരിട്ട് ഇടപെട്ടു മാലാഖമാർ വഴി, സംഭവങ്ങളെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്തിരുന്നു. ഇപ്രകാരമുള്ള ഇടപെടലുകൾ ഒന്നും ജോസഫിന്റെ കാര്യത്തിൽ സംഭവിക്കുന്നില്ല. സംഭവങ്ങളുടെ കാര്യകാരണങ്ങൾ വിശദീകരിക്കുന്നുമില്ല. എന്നാൽ വ്യക്തികളെയും സംഭവങ്ങളെയും ഉള്ളിൽനിന്ന് നിയന്ത്രിക്കുന്ന നല്ല ദൈവത്തിന്റെ ആവശ്യമായ പ്രവർത്തനങ്ങൾ വിവരണങ്ങളുടെ എല്ലാം അന്തർധാരയായി നിലകൊള്ളുന്നുണ്ട്. എല്ലാ സംഭവങ്ങളിലും ദൈവത്തിന്റെ കരം വ്യക്തമാണ്. നമ്മുടെ പ്രയാസങ്ങളിലും പ്രതിസന്ധികളിലും (കൊറോണ, ദുർഭരണം) അവിടുന്നിൽ വിശ്വസിച്ച്, അവിടുന്നിൽ ആശ്രയിച്ച് മുൻപോട്ടു പോകുന്നവർക്കു, അവിടുത്തെ കരം വ്യക്തമായി കണ്ടു മനസ്സിലാക്കാൻ കഴിയും.