ബന്ധങ്ങളുടെ നിലനിൽപ്പിന് അഥവാ പ്രതികരണം ഒരു പ്രധാന ഘടകമാണ്. ദൈവം വെച്ചു നീട്ടുന്ന ദാനങ്ങളോട് അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കാൻ മനുഷ്യന് സ്വാതന്ത്ര്യമുണ്ട്.ദൈവത്തിന്റെ സ്നേഹവുമായി ലോകത്തിലേക്ക് വന്ന ഈശോമിശിഹായ്ക്ക് രണ്ടു വിധത്തിലുള്ള പ്രത്യുത്തരങ്ങൾ ഉണ്ടായി.
ആദ്യം പ്രതികൂലമായ പ്രത്യുത്തരം പരിശോധിക്കാം. മൂന്ന് വിധത്തിലാണ് ഈ പ്രതികരണം ഉണ്ടായത്. ഒന്നാമത്തേത് ഇരുളും വെളിച്ചവും തമ്മിലുള്ള സംഘട്ടനത്തിലൂടെ അവതരിക്കപ്പെടുന്നു. ദൈവത്തെ വെളിപ്പെടുത്തുന്ന പ്രകാശമായാണ് ഈശോ ലോകത്തിൽ അവതരിച്ചത്. അതിനെ കീഴടക്കാൻ ഇരുളിനെ കഴിഞ്ഞില്ല. “അവന് വെളിച്ചമായിരുന്നില്ല; വെളിച്ചത്തിനു സാക്ഷ്യം നല്കാന് വന്നവനാണ്”
(യോഹ.1 : )
തിന്മയുടെ പിടിയിലായ ലോകത്തെ യാണ്, മനുഷ്യവംശത്തെയാണ് ‘ഇരുൾ’ സൂചിപ്പിക്കുക. വെളിച്ചത്തിനെതിരായ ശക്തിയാണ് ഇരുൾ – പാപം. അന്ധകാരത്തിന്റെ ആധിപത്യത്തിൽ നിന്ന് മാനവരാശിയെ രക്ഷിക്കാനാണ് ഈശോ ഈ ലോകത്തിലേക്ക് വന്നത്.”അന്ധകാരത്തിന്റെ ആധിപത്യത്തില്‍നിന്ന് അവിടുന്നു നമ്മെവിമോചിപ്പിച്ചു. അവിടുത്തെ പ്രിയപുത്രന്റെ രാജ്യത്തിലേക്കു നമ്മെആനയിക്കുകയും ചെയ്തു”
(കൊളോ.1 : 13). അന്ധകാരത്തിൽനിന്ന് തന്റെ അത്ഭുതകരമായ പ്രകാശത്തിലേക്ക് മാനവരാശിയെ ആനയിക്കാൻ വന്ന ഈശോയോട് മനുഷ്യനിലെ തിന്മയുടെ ശക്തി ഏറ്റുമുട്ടുന്നു.”എന്നാല്‍, നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്. അതിനാല്‍, അന്ധകാരത്തില്‍നിന്നു തന്റെ അദ്ഭുത കരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ നന്മകള് പ്രകീര്‍ത്തിക്കണം”(1 പത്രോ.2 : 9).
മിശിഹായുടെ വെളിച്ചം ഇന്നും സഭയിലൂടെയും നന്മ ചെയ്യുന്നവരിലൂടെയും ലോകത്തിൽ പ്രകാശിക്കുന്നുണ്ട്. പക്ഷേ, തിന്മയുടെ ശക്തികൾ ഈ നന്മ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. എങ്കിലും ഈ സംഘട്ടനത്തിൽ അന്തിമ വിജയം പ്രകാശത്തിന് തന്നെയായിരിക്കും. “സകല മനുഷ്യരെയും പ്രകാശിപ്പിക്കുന്നയഥാര്‍ഥ വെളിച്ചം ലോകത്തിലേക്കു വരുന്നുണ്ടായിരുന്നു
(യോഹ. 1 : 9). സകല മനുഷ്യരെയും പ്രകാശിപ്പിക്കുന്ന വെളിച്ചം ഈശോ തന്നെയാണ്. ഇപ്രകാരം സ്വയം വെളിപ്പെടുത്തിയ ദൈവത്തെ ഈ ലോകം അറിയാത്ത അവസ്ഥയാണ് രണ്ടാമത്തെ പ്രതികൂല പ്രത്യുത്തരം. യോഹന്നാൻ ശ്ലീഹായുടെ സുവിശേഷത്തിലെ ലോകം(Cosmos) മൂന്നു വിധത്തിൽ മനസ്സിലാക്കാം.
1. പ്രപഞ്ചം: “ആകയാൽ പിതാവേ ലോകം സൃഷ്ടിക്കപ്പെടുന്നതിനു മുമ്പ് തന്നെ അവിടുത്തോട് കൂടെ എനിക്കുണ്ടായിരുന്ന മഹത്വത്തത്താൽ ഇപ്പോൾ, അവിടുത്തെ സന്നിധിയിൽ ഇപ്പോൾ എന്നെ മഹത്വപ്പെടുത്തണമേ” (1യോഹ 17 :5). ഇവിടെ ലോകം എന്നത് പ്രപഞ്ചത്തെ മുഴുവനായും സൂചിപ്പിക്കുന്നു.
2. മനുഷ്യൻ: ” എന്തെന്നാൽ അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു” (യോഹ 3: 16 ) എന്നു പറയുമ്പോൾ മനുഷ്യവർഗ്ഗം മുഴുവനും ആണ് ‘ലോകം ‘ അർത്ഥമാക്കുക.
3. അവിശ്വാസികളുടെ ലോകം : വിശ്വസിക്കാത്ത മനുഷ്യരെ (പാപലോകത്തെ)യാണ് ലോകം ഇവിടെ സൂചിപ്പിക്കുക. ” ലോകം നിങ്ങളെ ദ്വേ ഷിക്കുന്നെങ്കിൽ അതിനുമുമ്പ് അത് എന്നെ ദ്വേഷിച്ചു എന്ന് അറിഞ്ഞു കൊള്ളുവിൻ ” (യോഹ.15 :18 ).