നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്; അവര്‍ക്കു സംതൃപ്തി ലഭിക്കും.
കരുണയുള്ളവര്‍ ഭാഗ്യവാന്മാര്; അവര്‍ക്കു കരുണ ലഭിക്കും.
ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്; അവര്‍ ദൈവത്തെ കാണും.
സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്മാര്; അവര്‍ ദൈവപുത്രന് മാരെന്നു വിളിക്കപ്പെടും.
നീതിക്കുവേണ്ടി പീഡനം ഏല്ക്കുന്നവര് ഭാഗ്യവാന്മാര്; സ്വര്‍ഗരാജ്യം അവരുടേതാണ്.
എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്;
നിങ്ങള്‍ ആനന്ദിച്ചാഹ്ളാദിക്കുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്.
മത്തായി 5 : 6-12
ഹൃദയശുദ്ധിയുള്ളവർ ദൈവത്തെ കാണും എന്ന് യേശു പറയുമ്പോൾ താനുമായി ബന്ധപ്പെടുത്തിയാണ് യേശു പറയുക. കാരണം യേശു നിരന്തരം അന്തരംഗത്തിൽ പിതാവിനെ കണ്ടുകൊണ്ടിരിക്കുന്നു. യേശുവുമായി ബന്ധപ്പെട്ട നിൽക്കുന്നവർക്ക് ഈ ദർശനം ഇവിടെത്തന്നെ ലഭ്യമാണ് . യുഗാന്ത്യത്തിൽ അത് പൂർണ്ണമാവുകയും ചെയ്യും. യേശുവിനോട് ചേർന്നു നിൽക്കുന്നതിനാവശ്യമായ വ്യവസ്ഥകളാണ് 15,24 സങ്കീർത്തനങ്ങളിൽ നാം കണ്ടത്.
സമാധാന സ്ഥാപകർ എന്ന പദം യേശു ഉപയോഗിക്കുന്നത് തിട്ടമായ അർത്ഥത്തോടെ ആണ്. സമാധാനം സ്നേഹിക്കുന്നവർ എല്ലാവരും സമാധാന സ്ഥാപകർ ആകണമെന്നില്ല. ഈ സുവിശേഷ ഭാഗ്യത്തിന്റെ പഴയനിയമ പശ്ചാത്തലം സങ്കീർത്തനം 34 :14 ആണ്. സമാധാനം അന്വേഷിച്ച് അതിനെ പിന്തുടരുവിൻ. ഏശയ്യാ പ്രവാചകൻ വരാൻപോകുന്ന രക്ഷകനെ സമാധാനത്തിന്റെ രാജാവ് എന്ന് വിശേഷിപ്പിക്കുന്നുണ്ട് (ഏശ 9:5). പുതിയ നിയമത്തിൽ യേശു തന്നെയാണ് നമ്മുടെ സമാധാനം (എഫേ.2:14). യേശു ആണ് യഥാർത്ഥ സമാധാനം സ്ഥാപിക്കുന്നത് എന്ന് വിശുദ്ധ പൗലോസ് വിവരിക്കുന്നുണ്ട്.ഇരു കൂട്ടരേയും അവൻ ഒന്നിപ്പിക്കുകയും ശത്രുതയുടെ മതിലുകൾ തകർക്കുകയും ചെയ്തു .. എല്ലാവരെയും തന്നിലൂടെ ദൈവവുമായി അനുരഞ്ജി പ്പിക്കുകയാണ് സമാധാനം സ്ഥാപിക്കാനായി യേശു ചെയ്ത അടിസ്ഥാനപരമായ പ്രവർത്തി. അവിടുന്നു കുരിശിൽ രക്തം ചിന്തി. ആ രക്തം വഴി അവിടുന്ന് സമാധാനം സ്ഥാപിച്ചു, അതായത് അവനിലൂടെ ദൈവം എല്ലാവരെയും (എല്ലാ വസ്തുക്കളെയും) തന്നോട് അനു രജ്ജിപ്പിച്ചു.. സമാധാനത്തിന്റെ അടിസ്ഥാനം ദൈവവുമായുള്ള അനുരഞ്ജനം ആണ്. (കോലൊ 1:20). യേശുവിനെ അനുകരിച്ച് അവിടുത്തെ ശിഷ്യർ സമാധാന സ്ഥാപനത്തിന്റെ ഉപകരണങ്ങളായി മാറണം. ദൈവത്തിന്റെ കൃപയാണ് അനുരഞ്ജനം സാധ്യമാക്കുന്നത്. അവർക്ക് യേശു വാഗ്ദാനം ചെയ്യുന്നത് അവർ ദൈവപുത്രരെന്നു വിളിക്കപ്പെടും എന്നാണ്. കാരണം ദൈവം സമാധാനത്തിന്റെ ദൈവമാണ്. ഈ ദാനത്തെക്കുറിച്ച് പൗലോസ് പറയുന്നു. നിങ്ങൾ മക്കൾ ആയതുകൊണ്ട് അബ്ബാ പിതാവേ എന്ന് വിളിക്കുന്ന തന്റെ പുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയത്തിലേക്ക് അയച്ചിരിക്കുന്നു (ഗലാ.4:6). യോഹന്നാൻ 1: 12 ൽ ഇപ്രകാരം പറയുന്നു. തന്നെ സ്വീകരിച്ചവർക്കെല്ലാം, തന്റെ നാമത്തിൽ വിശ്വസിച്ചവർക്കെല്ലാം ദൈവമക്കൾ ആകുവാൻ അവൻ കഴിവു നൽകി.
എട്ടാമത്തെയും അവസാനത്തേതുമായ സുവിശേഷ സൗഭാഗ്യം നീതിക്കുവേണ്ടി പീഡനം ഏൽക്കുന്നവരുടേതാണ്. ഒന്നാമത്തെയും അവസാനത്തെയും സൗഭാഗ്യം ഒന്നുതന്നെയാണ്. രണ്ടിടത്തും വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സമ്മാനം സ്വർഗ്ഗരാജ്യം ആണ്.
നീതി പഴയനിയമത്തിൽ നിയമത്തോടുള്ള വിശ്വസ്തതയാണ്. പുതിയ നിയമത്തിൽ അത് നിയമത്തെ പൂർത്തീകരിക്കുന്ന യേശുവിനോടുള്ള വിശ്വസ്തതയാണ്. യേശുവിനോടുള്ള വിശ്വസ്തത തന്നെ കുറിച്ചുള്ള പിതാവിന്റെ ഹിതം നിറവേറ്റുന്നതിൽ കാണിച്ച വിശ്വസ്തതയെ അനുകരിച്ച് തങ്ങളെക്കുറിച്ചുള്ള പിതാവിന്റെ ഹിതം നിറവേറ്റുന്നതിൽ കാണിക്കുന്ന വിശ്വസ്തതയാണ്. എന്നെ പ്രതി എന്ന പ്രയോഗം എട്ടു സുവിശേഷഭാഗ്യങ്ങളി ലെയും ക്രിസ്തു കേന്ദ്രീകൃത സ്വഭാവത്തെ വ്യക്തമാക്കുന്നു. യേശു സുവിശേഷഭാഗ്യങ്ങളിൽ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളോട് വിശ്വസ്തത പുലർത്തുന്നവരാണ് ദൈവഹിതം നിറവേറ്റുന്നവർ. അവർ ഭാഗ്യവാന്മാരാണ്. യഹൂദർ പീഡിപ്പിച്ച പ്രവാചകന്മാരുടെ പിൻഗാമികളാണ് തന്റെ ശിഷ്യർ എന്ന് യേശു അവരെ ഇവിടെ ഓർമ്മിപ്പിക്കുന്നുണ്ട്. യേശുവിനോടൊപ്പം നടക്കുന്നതിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നവരെ ആനന്ദിപ്പിക്കാനും ആഹ്ലാദിക്കാനും യേശു ആഹ്വാനം ചെയ്യുന്നു. കാരണം അവിടുന്ന് അവർക്കായി വലിയ പ്രതിഫലമാണ് ഒരുക്കിയിട്ടുള്ളത്- സ്വർഗ്ഗരാജ്യം
വിപ്ലവകരങ്ങളായ മാറ്റങ്ങളാണ് സുവിശേഷഭാഗ്യങ്ങളിലൂടെ യേശു അവതരിപ്പിച്ചിരിക്കുന്നത്. സാമ്രാജ്യശക്തികൾ യുദ്ധങ്ങളും ആക്രമങ്ങളും വഴി വാഗ്ദാനം ചെയ്യുന്ന സമാധാനവും സമൃദ്ധിയും സംരക്ഷണവും ശാശ്വതമല്ല. നിയമങ്ങളുടെ അക്ഷരാർത്ഥത്തിലുള്ള അനുസരണവും അപര്യാപ്തം എന്ന് പ്രഖ്യാപിച്ചുകൊണ്ട് യഥാർത്ഥ സൗഭാഗ്യ ത്തിലേക്കുള്ള മാർഗ്ഗം തന്നോടൊപ്പം കുരിശിന്റെ വഴിയിൽ യാത്ര ചെയ്യുന്നതാണെന്ന് യേശു വ്യക്തമാക്കുന്നു. യുഗാന്ത്യോന്മുഖ വീക്ഷണത്തിൽ ക്രിസ്തു കേന്ദ്രീകൃതമായ രക്ഷയുടെ മാർഗ്ഗമാണ് ഇവിടെ തെളിഞ്ഞു നിൽക്കുക.